2025ലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി

2025ലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി. ഇതോടനുബന്ധിച്ച് വത്തിക്കാനിലെ വി. പത്രോസ് ശ്ലീഹയുടെ ബസിലിക്കയിൽ വച്ച് ജൂബിലി ബൂള പ്രഖ്യാപിച്ചു.

തിരുസഭയിൽ ജൂബിലി വർഷത്തിന് ആരംഭം കുറിക്കുന്നു എന്നതിൻ്റെ ഭാഗമാണ് പാപ്പമാർ പൊന്തിഫിക്കൽ ബൂള വായിച്ച് പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ പ്രത്യാശ നിരാശരാക്കുന്നില്ല (5:5) എന്ന തിരുവചനമാണ് ഈ ജൂബിലിയുടെ ബൂളക്ക് നൽകിയിരിക്കുന്ന പേര്. ഒരു വർഷത്തിൽ അധികം നിലനിൽക്കുന്ന ജുബിലി ആഘോഷങ്ങളുടെ പ്രഖ്യാപനമാണ് പൊന്തിഫിക്കൽ ബൂള വായിക്കുന്നത് വഴി നടക്കുന്നത്.

2025 വർഷത്തെ ജൂബിലി എന്ന് ആരംഭിക്കും, എന്ന് അവസാനിക്കും, എന്തൊക്കെ പ്രധാന പരിപാടികൾ ഉണ്ടാകും എന്നതാണ് പേപ്പൽ ബൂളയിലൂടെ പ്രഖ്യാപിക്കുക. പേപ്പൽ ബൂള എന്നാൽ റോമിലെ പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള പാപ്പയുടെ മുദ്ര കുത്തിയ ലത്തീൻ ഭാഷയിൽ ഉള്ള രേഖയാണ്. 1300ൽ ബോനിഫസ് എട്ടാമൻ പാപ്പയാണ് സഭയിൽ ആദ്യമായി ജുബിലി ആഘോഷത്തിന് അഹ്വാനം ചെയ്തിരിക്കുന്നത്. 2000 ആണ്ടിൽ ജോൺപോൾ രണ്ടാമൻ പാപ്പ മനുഷ്യാവതാരത്തിൻ്റെ രഹസ്യം എന്ന പേരിൽ മഹാജുബിലി വർഷത്തിൻ്റെ പേപ്പൽ ബൂള പ്രഖ്യാപിച്ചിരുന്നു. 2015 വർഷത്തിൽ ഫ്രാൻസിസ് പാപ്പ തന്നെ കരുണയുടെ വർഷം മുൻനിർത്തി കരുണയുടെ മുഖം എന്ന പേപ്പൽ ബൂള പ്രഖ്യാപിച്ചിരുന്നു. തിരുസഭയിൽ ആത്മിയ നവീകരണത്തിനാണ് ജൂബിലി ആഘോഷങ്ങൾ നടത്തുന്നത്. പഴയനിയമത്തിലെ ഇസ്രയേൽ ജനത്തിൻ്റെ ആത്മീയ ജീവിതത്തിൻ്റെ ഭാഗമായിരുന്നു പല വിധത്തിലുള്ള ജുബിലി ആഘോഷങ്ങൾ.

പ്രത്യാശയുടെ തീർത്ഥാടകർ എന്നതാണ് 2025 ലെ ജൂബിലി വർഷത്തിൻ്റെ ആപ്തവാക്യം. ഭൂമിയുടെ നാല് അതിരുകളിൽ നിന്ന് പ്രത്യശയോടെ കൂട്ടായ്മക്കും വിശ്വാസവളർച്ചയുമായി പ്രതീക്ഷയുടെ അടയാളമായ കുരിശിൽ എത്തി ചേരുന്നതാണ് ഈ വർഷത്തിൻ്റെ ജൂബിലി ലോഗോ. 48 രാജ്യങ്ങളിൽ നിന്നായി 294 പേരാണ് ജൂബിലി ലോഗോക്ക് ആശയങ്ങൾ അയച്ചത്. കുരിശിനെ ആശ്ലേഷിക്കുന്ന തീർത്ഥാടകർക്ക് കുരിശ് ചാഞ്ഞ് കൊടുക്കുന്നതും, വിശ്വാസത്തിൻ്റെ നങ്കൂരം കുരിശിലുള്ളതും ലോഗോയുടെ പ്രത്യേകതയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group