ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുമ്പിൽ വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തിയ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവും വഴി ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 505 ജീവനുകൾ. വാഷിംഗ്ടൺ പ്രോ ലൈഫ് സന്നദ്ധ സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 17മുതൽ ഓശാന ഞായറായ മാർച്ച് 28വരെയുള്ള ദിവസങ്ങളിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ‘ലെന്റൻ കാംപെയിനി’ന്റെ ഫലമായാണ് അഞ്ഞൂറിലധികം ജീവനെ രക്ഷിക്കാനായതെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ
സംഘടന അറിയിച്ചു.2004ലാണ് ’40 ഡേയ്സ് ഫോർ ലൈഫ്’ സ്ഥാപിതമായത്.
40 ദിവസം നീളുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങൾ, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സവിശേഷമായ വിളിക്ക് കാതോർത്ത നാല് അല്മായരായിരുന്നു ഇതിനു പിന്നിൽ.2007-ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് 30 രാജ്യങ്ങളിലെ 500ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്സ് ഫോർ ലൈഫ്.’ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ പ്രത്യേകയാണ് .ഗർഭച്ഛിദ്രത്തിന് തയ്യാറായി ക്ലിനിക്കിലേക്ക് എത്തുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചും അവർക്ക് അവശ്യമായ ബോധവത്ക്കരണം നൽകിയുമാണ് ടീം ’40 ഡേയ്സ്’ പ്രവർത്തനങ്ങൾ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ശ്രമഫലമായി
18,040 കുരുന്നു ജീവനുകളാണ് രക്ഷിക്കാനായത് . കൂടാതെ 109 ഗർഭച്ഛിദ്ര കേന്ദ്രങ്ങളും അടച്ചു പൂട്ടിച്ചു .211 പേർ ഗർഭച്ഛിദ്രക്ലിനിക്കിലെ തൊഴിലിൽനിന്ന് പിൻവാങ്ങി. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നതും ശ്രദ്ധേയമാണ്…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group