j357

ഡിഡാഡ് പദ്ധതി; രക്ഷിച്ചത് 568 കുട്ടികളെ

ഡിഡാഡ് പദ്ധതി; രക്ഷിച്ചത് 568 കുട്ടികളെ

നിങ്ങളുടെ കുട്ടി ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് അഡിക്റ്റ് ആണോ…? ഭയപ്പെടേണ്ട. കേരള പോലീസിന് കീഴില്‍ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മക്കളെ ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുന്ന സംവിധാനം സഹായത്തിനെത്തും.

കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് രക്ഷപ്പെട്ടത് 568 കുട്ടികളാണ്.

സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കാനായി ആരംഭിച്ച പദ്ധതിയാണ് ഡിഡാഡ് (ഡിജിറ്റല്‍ ഡീ അഡിക്‌ഷൻ). സംസ്ഥാനത്താകെ ഈ പദ്ധതിയിലൂടെ 568 കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കി ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.
ദേശീയതലത്തില്‍ തന്നെ ആ ദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പോലീസ് നടപ്പാക്കിയത്. നാളിതുവരെ 1,537 കുട്ടികള്‍ ഈ പദ്ധതിയില്‍ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറ് ജില്ലകളിലാണ് ഡിഡാഡ് സെന്ററുകള്‍ പ്രവർത്തിക്കുന്നത്. കൊല്ലത്താണ് ഡിജിറ്റല്‍ അടിമത്വത്തിലായ ഏറ്റവും അധികം കുട്ടികളുള്ളത്. 314 പേർ. ഇതില്‍ 93 പേർ മോചിതരായി. തിരുവനന്തപുരത്ത് 253 കുട്ടികളില്‍ 112 പേരും തൃശൂരില്‍ 256 കുട്ടികളില്‍ 72 പേരും കോഴിക്കോട്ട് 263 കുട്ടികളില്‍ 110 പേരും കണ്ണൂരില്‍ 252 കുട്ടികളില്‍ 105 പേരും കൊച്ചിയില്‍ 199 കുട്ടികളില്‍ 76 പേരുമാണ് കൗണ്‍സലിംഗിലൂടെ ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചിതരായത്. നിലവില്‍ 761 കുട്ടികള്‍ ഈ പദ്ധതിയിലൂടെ മോചനത്തിന്റെ പാതയിലാണ്. കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്.

അമിതദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. 14 മുതല്‍ 17 വരെ പ്രായക്കാരാണ് ഇതില്‍ അകപ്പെടുന്നതില്‍ കൂടുതല്‍ പേരും. ആണ്‍കുട്ടികളാണ് കൂടുതല്‍. ഇവർ വിനാശകരമായ ഗെയിമുകള്‍ക്കാണ് അടിപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികളെത്തുന്നു. പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലാണ് അടിപ്പെടുന്നത്. മനഃശാസ്ത്ര വിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്‌ഷൻ പരിശോധന വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. തുടർന്ന് കുട്ടികളെ ഇതില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിംഗ്, മാർഗനിർദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജൻസികള്‍ എന്നിവർക്ക് "ഡിഡാഡ്' അവബോധവും നല്‍കുന്നുണ്ട്. 9497975400 എന്ന നമ്ബറിലൂടെ ഡിഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  
 Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)