തർക്കത്തിലുള്ള 6 പള്ളികൾ ഏറ്റെടുക്കണം: ഹൈക്കോടതി

കൊച്ചി: ഇരുവിഭാഗങ്ങള്‍ തമ്മില്‍ തർക്കം നിലനില്‍ക്കുന്ന 6 ക്രിസ്ത്യൻ പള്ളികള്‍ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എറണാകുളത്തെ പോത്താനിക്കാട് പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പാലക്കാട്ടെ മംഗലംഡാം സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ്, എറിക്കിൻചിറ സെന്റ് മേരീസ് പള്ളികള്‍ ഏറ്റെടുക്കാനാണ് ജസ്റ്റിസ് വി.ജി. അരുണ്‍ നിർദ്ദേശം നല്‍കിയത്. നടപടികള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാർ മതിയായ സുരക്ഷയും സംരക്ഷണവും ഒരുക്കണമെന്നും നിർദ്ദേശിച്ചു.

യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതിയലക്ഷ്യ ഹർജിയില്‍ എറണാകുളം, പാലക്കാട് കളക്ടർമാരെ സ്വമേധയാ കക്ഷിചേർത്തു. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ കളക്ടർമാർ നടപടി റിപ്പോർട്ട് സമർപ്പിക്കണം. കോടതി നിർദ്ദേശങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. യാക്കോബായ പക്ഷത്തിന്റെ പ്രതിരോധത്തെ തുടർന്ന് പള്ളികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതർ പലവട്ടം പിന്മാറിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group