ആര്യവേദങ്ങളിലെ പ്രജാപതി ബൈബിളിലെ ക്രിസ്തു ആയിരുന്നോ ?

ഇന്ത്യയിലെ കരിസ്മാറ്റിക് മൂവ്മെന്‍റിന്‍റെ ചരിത്രം ആരംഭിക്കുന്നത് 1972ലാണ്. മിനൂ എന്‍ജിനീര്‍ (Minoo Engineer) എന്ന പാര്‍സി യുവാവ് ന്യൂയോര്‍ക്കിലെ ഫോര്‍ദാം (Fordham University) യൂണിവേഴ്സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിംഗ് പഠിക്കുവാനായി പോകുന്നു. അവിടെയുള്ള കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുമായി അദ്ദേഹം ബന്ധപ്പെടുകയും അതിലൂടെ ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും തുടര്‍ന്ന് കത്തോലിക്കാ സഭയുടെ ഭാഗമാവുകയും ചെയ്തു. പഠനാനന്തരം തിരികെ ഇന്ത്യയിലെത്തിയ ഈ യുവാവാണ് ഇന്ത്യയിലെ ആദ്യത്തെ “കാത്തലിക് കരിസ്മാറ്റിക്” എന്ന് അറിയപ്പെടുന്നത്.

ഏതാണ്ട് ഇതേ കാലയളവില്‍ ഇന്ത്യയില്‍നിന്ന് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഫാ ഫുസ്റ്റര്‍ (Fr.
Fuster), ഫാ ബെര്‍റ്റി ഫിലിപ്സ് (Fr. Bertie Phillips) എന്നീ ഈശോസഭാ വൈദികരും കരിസ്മാറ്റിക് മൂവ്മെന്‍റില്‍ ആകൃഷ്ടരാവുകയും തിരികെ ഇന്ത്യയിലെത്തി കരിസ്മാറ്റിക് പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ മഹാരാഷ്ട്രയില്‍ ഈ മൂവ്മെന്‍റ് ശക്തമായി. 1974-ല്‍ മുപ്പതോളം കരിസ്മാറ്റിക് ലീഡേര്‍സ് ഒത്തുചേര്‍ന്ന് ആദ്യമായി ”നാഷണല്‍ കരിസ്മാറ്റിക് കണ്‍വന്‍ഷന്‍” ബോംബെയില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കരിസ്മാറ്റിക് മൂവ്മെന്‍റിനെക്കുറിച്ച് Stanley M Burgess
& Gary B McGee എന്നിവര്‍ എഡിറ്റു ചെയ്ത Dictionary of Pentecostal and Charismatic Movements എന്ന ഗ്രന്ഥത്തിലാണ് (പേജ് 95) ഈ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ അമ്പതുവര്‍ഷത്തെ കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷക്കണക്കിന് അക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തില്‍ വന്നതും കത്തോലിക്കാ സഭയുടെയും വിവിധ പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍റുകളുടെയും ഭാഗവുമായത്. കേരളത്തില്‍ ഈ മൂവ്മെന്‍റിലൂടെ അക്രൈസ്തവ മതങ്ങളില്‍നിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരില്‍ രണ്ട് പേര്‍ തങ്ങളുടെ പൂര്‍വ്വമത പശ്ചാത്തലത്തിന്‍റെ പേരില്‍ ഏറെ ശ്രദ്ധേയരായി. ഹന്ദുമതത്തില്‍നിന്നു വന്ന അരവിന്ദാക്ഷമേനോനും ഇസ്ലാമതത്തില്‍നിന്നു വന്ന മാരിയോ ജോസഫുമാണ് ഈ രണ്ടുപേര്‍.

കഴിഞ്ഞ കുറെ ദിവസങ്ങളായി മാരിയോ ജോസഫിന്‍റെ നിരവധി വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അദ്ദേഹത്തിന്‍റെ പഴയകാല പ്രസംഗത്തില്‍നിന്നും പ്രത്യേകം മുറിച്ചെടുത്ത ഇത്തരം വീഡിയോകള്‍ മാത്രം ഒരാൾ കണ്ടാല്‍ തീര്‍ച്ചയായും സുവിശേഷപ്രഘോഷണ വേദിയിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ആരും സംശയിക്കും. അറബിസൂക്തങ്ങളും ഇസ്ലാമത ദൈവചിന്തകളും മാത്രമുള്ള ഈ വീഡിയോ ക്ലിപ്പുകള്‍ കേട്ടതിന്‍റെ പശ്ചാത്തലത്തില്‍, ഇതിനോടു പ്രതികരിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കും തോന്നി. ഈ വീഡിയോകളുടെ നിജസ്ഥിതിയും അതിന്‍റെ പശ്ചാത്തലവും നേരിട്ടറിയേണ്ടത് അതിൽ അനിവാര്യമായിരുന്നു. ഒരു സുഹൃത്തില്‍നിന്നും ഫോണ്‍ നമ്പര്‍ വാങ്ങുകയും മാരിയോ ജോസഫിന് എന്നേ പരിചയപ്പെടുത്തണമെന്ന് സുഹൃത്തിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മാരിയോയെ ഫോണില്‍ ബന്ധപ്പെട്ട എന്‍റെ സുഹൃത്തിന് അദ്ദേഹം ഒരു വോയ്സ് മെസ്സേജ് അയച്ചുകൊടുത്തു. അതെനിക്ക് സുഹൃത്ത് ഷെയർ ചെയ്തു. മാരിയോയുടെ ഈ വോയ്സ് ക്ലിപ്പ് വളരെ ഹൃദയവേദനയോടെയാണ് കേട്ട് അവസാനിപ്പിച്ചത്. തീര്‍ത്തും നിസ്സഹായനായി “ഞാൻ ഇനി എന്തു ചെയ്യണം” എന്നറിയാതെ നിരാശനായിരിക്കുന്ന മാരിയോ! സകലരും സോഷ്യല്‍ മീഡിയയിലൂടെ തൻ്റെ ക്രിസ്തുവിശ്വാസത്തെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞ് ആകെ തകര്‍ന്നിരിക്കുന്ന മനുഷ്യൻ. ദൈവത്തിലുള്ള തന്‍റെ അടിയുറച്ച വിശ്വാസവും ഈ വോയിസ് ക്ലിപ്പില്‍ അദ്ദേഹം എടുത്തു പറയുന്നുണ്ട്.

സത്യസുവിശേഷം മനസ്സിലാക്കി, സത്യവിശ്വാസത്തിന്‍റെ ഭാഗമായ ഒരു ക്രിസ്തുഭക്തന്‍റെ “ഞാന്‍ ഇനി എന്തു ചെയ്യും” എന്ന ഹൃദയഭേദകമായ ചോദ്യത്തിനു മുന്നില്‍ എനിക്കും ഉത്തരമില്ലായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളില്‍നിന്നല്ല, ക്രൈസ്തവ സഹോദരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ വേദനകളെല്ലാം ഏറ്റുവാങ്ങുന്നത് എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുവാനും പലരും അദ്ദേഹത്തിനെതിരേ ഉയര്‍ത്തുന്ന വിശ്വാസവിഷയങ്ങളിലെ ആരോപണങ്ങളിൽ എന്ന്താണ് വസ്തുത എന്നതെല്ലാം ചോദിച്ചറിയാനും സാധിച്ചത് വലിയൊരു കാര്യമായി ഞാന്‍ തിരിച്ചറിയുന്നു. അല്ലെങ്കില്‍ ഞാനും ഈ മനുഷ്യന്‍റെ പിന്നാലെ ഒരു വേട്ടക്കാരനെപ്പോലെ ഉണ്ടാകുമായിരുന്നു! മാരിയോ ജോസഫുമായുള്ള സംഭാഷണത്തില്‍ നിന്നുമാണ് അദ്ദേഹത്തിന്‍റെ വിശ്വാസബോധ്യങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വസ്തുതകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുവാനും അദ്ദേഹത്തിന്‍റെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കുവാനും കഴിഞ്ഞത്.

മാരിയോ ജോസഫ് എന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രസംഗരീതി ഇവയൊന്നും അന്വേഷിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമല്ല. എന്നാല്‍ കത്തോലിക്കനായി അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ വിശ്വാസബോധ്യങ്ങള്‍ സത്യവിശ്വാസത്തിന് നിരക്കുന്നതാണോ അല്ലയോ എന്നതുമാത്രമേ ഞാന്‍ പരിശോധിച്ചുള്ളൂ. ഖുറാന്‍, അള്ളാഹു തുടങ്ങിയ തന്‍റെ പൂര്‍വ്വമത വിശ്വാസത്തില്‍നിന്ന് വ്യത്യസ്തമായി ക്രൈസ്തവവിശ്വാസ ബോധനങ്ങളെ എപ്രകാരമാണ് അദ്ദേഹം മനസ്സിലാക്കിയത് എന്നതാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഈ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍, വിമര്‍ശകര്‍ ഉന്നയിക്കുന്നതുപോലെ ഇസ്ലാമിക ബോധനങ്ങളിലല്ല, തികച്ചും ക്രൈസ്തവ വിശ്വാസ അടിത്തറയിലാണ് ബ്രദര്‍ മാരിയോ നിലകൊള്ളുന്നത് എന്നു മനസ്സിലാക്കാന്‍ സാധിച്ചു.

ഈ സന്ദർഭത്തിലാണ് കരിസ്മാറ്റിക് മൂവ്മെന്‍റിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ദീര്‍ഘവര്‍ഷങ്ങള്‍ സുവിശേഷ കണ്‍വന്‍ഷന്‍ പ്രസംഗകനായി ജീവിച്ച് നിത്യവിശ്രമത്തിനായി വിളിക്കപ്പെടുകയും ചെയ്ത അരവിന്ദാക്ഷമേനോനെ ഓര്‍മ്മിച്ചത്. എന്തായിരുന്നു അദ്ദേഹത്തിന്‍റേ പ്രസംഗവിഷയം? “വേദങ്ങളിലെ പ്രജാപതിയായിരുന്നു യേശുക്രിസ്തു” എന്നൊരു നവീന ആശയമാണ് അദ്ദേഹം കേരളത്തിലുടനീളം പ്രസംഗിച്ചത്. വേദങ്ങളിലുള്ള തന്‍റെ ആഴമേറിയ അറിവിന്‍റെ വെളിച്ചത്തില്‍ സുവിശേഷത്തിലെ ക്രിസ്തുവിനെ വിവരിക്കാന്‍ “പ്രജാപതി” എന്നൊരു കഥാപാത്രത്തെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. വേദങ്ങളിലെ പ്രജാപതിയും സുവിശേഷത്തിലെ ക്രിസ്തുവും ഒന്നാണെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും കാലത്ത് തെളിയിക്കാന്‍ സാധിക്കുമോ? ക്രിസ്തുവും പ്രജാപതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു ബൈബിള്‍ വായിക്കുന്ന ഏതൊരാൾക്കും നിഷ്പ്രയാസം തെളിയിക്കാന്‍ സാധിക്കും. എന്നിട്ടും ആരെങ്കിലും അരവിന്ദാക്ഷമേനോനെ അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് എന്നെങ്കിലും ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്തിട്ടുണ്ടോ ?

വേദങ്ങളിലെ പ്രജാപതി ക്രിസ്തുവാണെന്ന് ബ്രദറണ്‍ മൂവ്മെന്‍റിലെ ഒരു പണ്ഡിതനും മഹാകവിയുമായിരുന്ന കെ.വി. സൈമണ്‍ പ്രചരിപ്പിച്ചിരുന്നു. ബ്രദറണ്‍ വിഭാഗത്തിലെ പ്രജാപതി ഭക്തരായിരുന്നു കെ.വി. സൈമണും ജെ.സി. ദേവ് എന്ന ചരിത്രകാരനുമെല്ലാം. ജോസഫ് പടിഞ്ഞാറേക്കര എന്നൊരു പെന്തക്കൊസ്ത് പണ്ഡിതന്‍ എത്രയോ പേജുകളാണ് ഈ വിഷയത്തില്‍ എഴുതിയത്. അരവിന്ദാക്ഷമേനോൻ കത്തോലിക്കാ സഭയുടെ നൂറുകണക്കിന് കണ്‍വന്‍ഷന്‍ വേദികളിലാണ് പ്രജാപതിയെ ക്രിസ്തുവിന്‍റെ സ്ഥാനത്തേക്ക് ഉയര്‍ത്തി പ്രസംഗിച്ചത്. എന്തുകൊണ്ടാണ് ഇതിനൊന്നും എതിരേ ആരും ശബ്ദിക്കാഞ്ഞത്?

അരവിന്ദാക്ഷമേനോന്‍റെ പ്രജാപതി വ്യാഖ്യാനത്തിന്‍റെ സ്വാധീനത്തിലകപ്പെട്ട് പലരും ഈ വിഷയം വേദികളിൽ ആവർത്തിച്ചു. എന്നാൽ ക്രൈസ്തവ സഭയിലെ പണ്ഡിതലോകത്തെ ഹിന്ദുത്വത്തിലേക്കു ഏറെ സ്വാധീനിച്ചത് മറ്റൊരു വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ പേരാണ് റവ ഡോ റയ്മൺ പണിക്കർ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കത്തോലിക്കാ ചിന്തകരിൽ ഒരാളായിരുന്നു റവ ഡോ റയ്മൺ പണിക്കർ, ക്രൈസ്തവ വിശ്വാസത്തെ തൻ്റെ മാതാപിതാക്കളിൽ ഒരാളുടെ മതമായ ഹിന്ദുത്വത്തിലേക്ക് ആകർഷിച്ചുകൊണ്ട് ഇന്ത്യൻ ഹിന്ദുയിസത്തിൽ മറഞ്ഞുകിടന്ന ക്രിസ്തുവിനെ തേടി (Unknown Christ of Hinduism by Raimundo Panikkar) റവ പണിക്കരിറങ്ങിയപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തെ ക്രൈസ്തവ സഭയിൽ ഒളിച്ചു കടന്നിരിക്കുന്ന “സംഘി”യെന്നു വിളിച്ച് ആരും പരിഹസിച്ചില്ല ?

പ്രജാപതി ഈശോ മശിഹായാണെന്ന വ്യാഖ്യാനം ഇന്ത്യൻ ക്രിസ്ത്യാനിറ്റി കണ്ട ഏറ്റവും വലിയ ദുരുപദേശമായിരുന്നിട്ടും ക്രൈസ്തവസഭയില്‍ ഒളിച്ചുകടന്ന സംഘിയാണ് അരവിന്ദാക്ഷമേനോന്‍ എന്ന് ആരും പ്രചരിപ്പിച്ചില്ല. സുവിശേഷത്തില്‍നിന്നും ഒരു ക്രിസ്ത്യാനി മനസ്സിലാക്കേണ്ട അടിസ്ഥാനവിശ്വാസം യഥാവിധിയില്‍ ആയിരുന്നോ റയ്മൺ പണിക്കരും അരവിന്ദാക്ഷമേനോനും യേശുക്രിസ്തുവിനെയും പരിശുദ്ധ ത്രിത്വത്തെയും സഭയെയും സംബന്ധിച്ചു മനസ്സിലാക്കിയത് എന്നൊന്നും അറിയാൻ ആർക്കും ആശങ്കയില്ലായിരുന്നു.

ബ്രദര്‍ മാരിയോയുടെ പ്രസംഗങ്ങളില്‍നിന്ന് തന്ത്രപരമായി മുറിച്ചെടുത്തു പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകളാണ് അദ്ദേഹത്തെ ഇന്ന് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. തനിക്ക് തെറ്റുപറ്റിയെന്നു തിരിച്ചറിഞ്ഞ് മാരിയോ ഡിലീറ്റ് ചെയ്ത വീഡിയോകള്‍ പോലും ഇന്നും ചിലർ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. തന്‍റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു പരസ്യമായി ക്ഷമചോദിച്ചവനെ വീണ്ടും പുറകെ കൂടി ആക്രമിക്കുന്നത് തികച്ചും പൈശാചികമാണ്.

ക്രിസ്തുവിശ്വാസം സ്വീകരിക്കുന്ന ഒരു അക്രൈസ്തവന്‍റെ ചിന്തയെയും ജീവിതത്തെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ തന്‍റെ പൂര്‍വ്വമതവും സംസ്കാരവുമായി ബന്ധമുള്ളതായിരിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആ വ്യക്തിയെ എന്നും സംശയത്തോടെ വീക്ഷിക്കുകയും സംശയിക്കാന്‍ സംഘടിതമായി ഒരുവിഭാഗം പ്രേരണനല്‍കുകയും ചെയ്യുന്നത് ക്രൈസ്തവ ധാര്‍മ്മികതയുടെ ഭാഗമല്ല. ഇത് മതാന്ധത ബാധിച്ചവര്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകത്തിന് തുല്യമാണ്. ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന കുറെപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ കുത്സിതപ്രവൃത്തികള്‍ക്കാണ് ശ്രമിക്കുന്നത്. ഈ പരിഹാസകളുടൊപ്പം ചേര്‍ന്ന് ഒരു മനുഷ്യനെ നിരന്തരം വേട്ടയാടി വേദനിപ്പിക്കുന്നത് ദൈവസന്നിധിയില്‍ ഗുരുതരമായ പാപമാണെന്ന് ഓര്‍മ്മിക്കുക. ഒരേ അപ്പത്തിന് അവകാശിയും ഒരേ രക്തത്തില്‍ പങ്കുകാരനുമായവനെ, സത്യവിശ്വാസത്തോടു പുലബന്ധംപോലുമില്ലാതെ വയറ്റിപ്പിഴപ്പിനുവേണ്ടി സോഷ്യല്‍മീഡിയയില്‍ ഉണ്ടുറങ്ങിക്കഴിയുന്നവരുടെ വാക്കുകേട്ട് പരിഹാസിയാക്കരുത് എന്ന് അപേക്ഷിക്കുന്നു.

മാരിയോ ജോസഫിന്‍റെ പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളിലും വചനവിരുദ്ധതയുണ്ടെങ്കില്‍ അതില്‍ അദ്ദേഹത്തിന്‍റെ മേലധികാരികള്‍ ഇടപെടണം. അയാളില്‍ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കില്‍ തിരുത്തുവാൻ ശ്രമിക്കുക, ക്രിസ്തീയ സ്നേഹത്തോടെ കൂടെനിര്‍ത്തി വളര്‍ത്തുക. സുവിശേഷ രണാങ്കണത്തില്‍ ആരും അധികപ്പറ്റല്ല. ഇസ്ലാമില്‍നിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ചുവരുന്നവരെല്ലാം “മൗദൂദി”യും ഹൈന്ദവരില്‍നിന്ന് വിശ്വാസം സ്വീകരിച്ചു വരുന്നവര്‍ “സംഘി”യുമാണെന്നു സംശയിക്കുന്നത് കടുത്ത മാനസികരോഗമാണ്. ഇങ്ങനെ സംശയിച്ചിരുന്നാല്‍ സുവിശേഷീകരണം നടക്കില്ല. ഇതര മതസംസ്കാരങ്ങളില്‍നിന്നുള്ളവര്‍ സഭയില്‍ കടന്നുവരില്ല. പ്രത്യുത്പാദനത്തിലൂടെ സഭ വളര്‍ത്തുവാനല്ല, സുവിശേഷീകരണത്തിലൂടെ സഭ വളര്‍ത്തുവാനാണല്ലോ ഈശോമശിഹാ ആഹ്വാനം ചെയ്തത്.

ഈ ലോകത്തേക്കാള്‍ വിലയുള്ളതാണ് ഓരോ മനുഷ്യാത്മാവും. ദൈവപുത്രന്‍ തന്‍റെ രക്തത്താല്‍ സമ്പാദിച്ചതാണ് ഓരോ വിശ്വാസിയെയും. ഒരുകാലത്ത് നാമെല്ലാവരും ദൈവത്തെ അറിയാത്തവരും ലോകത്തില്‍ പ്രത്യാശയില്ലാത്തവരുമായിരുന്നു (എഫേ 2:12) , ദൈവകൃപയാല്‍ രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് വന്നവരാണ്. “രക്ഷ” ദൈവത്തിന്‍റെ സൗജന്യദാനമാണ് (എഫേ 2:8). ഇതിന്‍റെ പേരില്‍ ആരും അഹങ്കരിക്കേണ്ടതില്ല. തന്‍റെ അടുക്കല്‍ വരുന്ന ആരെയും ഈശോമശിഹാ തള്ളിക്കളയില്ല (യോഹ 6:37). എല്ലാ വിശ്വാസികളുടെയും വിശ്വാസത്തിന്‍റെ ആഴവും ദൈവശാസ്ത്രപരിജ്ഞാനവും അളക്കാന്‍ ക്രിസ്തു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമന്നും ആശ്വസിപ്പിച്ചും കൈത്താങ്ങു നല്‍കിയും വേണം ഈ യാത്ര തുടരേണ്ടത്. അതിനിടയില്‍ ഒരുവന്‍ വീണുപോയാല്‍ മാറിനിന്നു പരിഹസിക്കുകയല്ല വേണ്ടത്, താങ്ങിയെടുത്ത് തോളിലേറ്റുകയും യാത്ര തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ഇതാണ് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം. “മറ്റൊരുവന്‍റെ ദാസനെ വിധിക്കാന്‍ നീ ആര്? അവന്‍ നില്‍ക്കുകയും വീഴുകയും ചെയ്യുന്നത് അവന്‍റെ യജമാനന്‍റെ സന്നിധിയിലാണ്” (റോമ 14:4). ഈ വചനം നമുക്ക് മറക്കാതിരിക്കാം.

കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m