പീഡനത്തിന്റെ നടുവിലും സഭ വളരുന്നു…

ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ ലോകം അതിന്റെ സർവ്വ തന്ത്രങ്ങളും പയറ്റുമ്പോൾ പീഡനങ്ങളുടെ നടുവിലും അത്ഭുതാവഹമായ വളർച്ചയാണ് ക്രിസ്തുവിന്റെ സഭയുടേത്.കണക്കുകളനുസരിച്ച് ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏകദേശം 16 മില്യൺ വർദ്ധനവാണ്. കൃത്യമായി പറഞ്ഞാൽ 15.4 മില്യൺ- ഇന്ത്യക്കാരുടെ കണക്കിൽ പറഞ്ഞാൽ ഒരു കോടി 54 ലക്ഷം!

ഒക്‌ടോബർ 24ന് ആഗോളസഭ മിഷൻ ഞായർ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, വാർത്താ ഏജൻസിയായ ‘ഫീദെസാ’ണ് ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘പൊന്തിഫിക്കൽ ഇയർബുക്കി’നൊപ്പം വത്തിക്കാൻ എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന സഭാസംബന്ധമായ സ്ഥിതിവിവര കണക്കുകളാണ് ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’. 2019 ഡിസംബർ 31വരെയുള്ള കണക്കുകൾ ക്രോഡീകരിച്ച് ഈ വർഷം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ് അത്ഭുതാവഹമായ വളർച്ചയുടെ ചിത്രം വ്യക്തമാക്കുന്നത്.

2019 ഡിസംബറിൽ ലോകജനസംഖ്യ 757 കോടി (7,577,777,000) പിന്നിട്ടു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായത് എട്ടു കോടി 13 ലക്ഷത്തിന്റെ (81,383.000) വർദ്ധനവ്. ഇക്കാലയളവിൽ കത്തോലിക്കാ ജനസംഖ്യയിൽ ഉണ്ടായത് ഒരു കോടി 54 ലക്ഷം വർദ്ധനവാണ്. വരുമിത്. ലോക ജനസംഖ്യയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടായത് 1.08% ത്തിന്റെ വളർച്ചയാണെങ്കിൽ കത്തോലിക്കാ ജനസംഖ്യയിൽ സംഭവിച്ചത് 1.12% വളർച്ചയാണ്. അതോടെ, ലോകത്തിലെ കത്തോലിക്കാ ജനസംഖ്യ 134 കോടിയായി (1,344,403,000) ഉയർന്നു. ലോക ജനസംഖ്യയുടെ 17.7% വരുമിത്.

യൂറോപ്പ് ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കാ ജനസംഖ്യയിൽ വർദ്ധനവുണ്ട്. ആഫ്രിക്കയിൽ രേഖപ്പെടുത്തിയത് എട്ട് ലക്ഷത്തിൽപ്പരം (8,302,000) പേരുടെ വർദ്ധനവാണ്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്- 5,373,000. ഏഷ്യയും (1,909,000) ഓഷ്യാനയുമാണ് (1,18,000) മൂന്നും നാലും സ്ഥാനങ്ങളിൽ. 5364 ബിഷപ്പുമാർ സഭയ്ക്കുള്ളത്. ഇടവക വൈദികരുടെയും സന്യസ്ത സഭകളുടെ വൈദികരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. 2018ൽ വൈദികരുടെ എണ്ണം 4,14,065 ആയിരുന്നെങ്കിൽ 2019ൽ അത് 4,14,336 ആയി ഉയർന്നു. ഒരു വർഷം വർദ്ധിച്ചത് 271 വൈദികർ. ആഫ്രിക്കയിലും ഏഷ്യയിലും യഥാക്രമം 3.45%ത്തിന്റെയും 2.91%ത്തിന്റെയും വർദ്ധനവുണ്ടായി.

അതേസമയം വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.6%ത്തിന്റെ കുറവ് സംഭവിച്ചു. എന്നാൽ പെർമനന്റ് ഡീക്കൻന്മാരുടെ എണ്ണത്തിൽ 1.5%ത്തിന്റെ വർദ്ധനവുണ്ടായി. പെർമനന്റ് ഡീക്കൻന്മാരിൽ 98%വും അമേരിക്കൻ ഭൂഖണ്ഡത്തിലും യൂറോപ്പിലുമാണ് സേവനം ചെയ്യുന്നത്. 6,30,099 കന്യാസ്ത്രീകളാണ് സഭയിലുള്ളത്. സന്യാസിനിമാരുടെ എണ്ണത്തിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ, ആഫ്രിക്കയിലും (835) ഏഷ്യയിലും (599) കന്യാസ്ത്രീകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group