കർണാടക : അനധികൃതമായി സ്ഥാപിച്ചതാണ് എന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞദിവസം കർണാടകയിലെ കോലാറിൽ ക്രിസ്തുവിന്റെ തിരുസ്വരൂപം അധികൃതർ തകർത്തതിൽ പ്രതിഷേധം ശക്തമാകുന്നു .ഗോകുണ്ഡ ഗ്രാമത്തിൽ സ്ഥാപിച്ച 20 അടി ഉയരമുള്ള തിരുസ്വരൂപമാണു മുൽബഗൽ താലൂക്ക് അധികൃതർ ചൊവ്വാഴ്ച തകർത്തത്.
ബാംഗളൂർ അതിരൂപതയിലെ സെന്റ് ഫ്രാൻസിസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള തിരുസ്വരൂപം 18 വർഷം മുൻപ് സ്ഥാപിച്ചതാണ്. തിരുസ്വരൂപം തകർത്തതിൽ കർണാടകയിലെ കത്തോലിക്കാ ബിഷപ്പുമാർ ദുഃഖവും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി.
പ്രദേശത്തെ ക്രൈസ്തവരുടെ എതിർപ്പ് അവഗണിച്ചാണ് മുൽബഗൽ താലൂക്ക് അധികൃതർ തിരുസ്വരൂപം തകർത്തത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തികച്ചും പ്രാകൃതമായ രീതിയിലാണു തിരുസ്വരൂപം തകർത്തതെന്നു കർണാടക റീജണൽ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ (കെആർസിബിസി) വക്താവ് ഫാ. ഫൗസ്റ്റിൻ ലോബോ പറഞ്ഞു. തഹസിൽദാർ ആർ. ശോഭിതയാണു തിരുസ്വരൂപം തകർക്കാൻ ഉത്തരവിട്ടത്.
കന്നുകാലികളുടെ മേച്ചിൽസ്ഥലമായി പ്രഖ്യാപിച്ച സർക്കാർ ഭൂമിയിലാണു തിരുസ്വരൂപം സ്ഥാപിച്ചതെന്നും ഹൈക്കോടതി ഉത്തരവു പ്രകാരമാണു താൻ പ്രവർത്തിച്ചതെന്നുമാണ് തഹസീൽദാറുടെ വിശദീകരണം. എന്നാൽ, കേസ് കോടതിയിലിരിക്കേ അനധികൃതമായി തിരുസ്വരൂപം തകർക്കുകയായിരുന്നുവെന്ന് പ്രദേശത്തെ ക്രൈസ്തവർ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group