Viral Facebook post about nuns
‘വിനായക് നിർമൽ’ ന്റെ മനസ്സിൽ സ്പർശിക്കുന്ന ചില വരികൾ…
https://m.facebook.com/story.php?story_fbid=114895210223957&id=108918107488334
നമ്മുടെ കന്യാസ്ത്രീയമ്മമാർ വഴിവക്കിലെ, കായ്ച്ചുനില്ക്കുന്ന മാവുകളാണ്. ഒറ്റപ്പെട്ട ഭൂമിയിൽ, നിഷ്ഫലമായി നില്ക്കുന്ന ഒരു വൃക്ഷത്തിന് നേരെയും ഏറ്റവും വലിയ കുസൃതിക്കുട്ടിപോലും കല്ലെറിയുന്നില്ല എന്നോർക്കണം. എന്നാൽ കായ്സമൃദ്ധിയുള്ള മാവിന് നേരെ ഏതു പുണ്യാളനും കല്ലെറിയാനുള്ള പ്രലോഭനം ഉണ്ടാകും.
കാഴ്ചയ്ക്ക് മനോഹരമായിരിക്കണം… കല്ലെറിയാൻ തോന്നിപ്പിക്കുന്നവിധത്തിൽ അതിൽ എന്തെങ്കിലുമുണ്ടായിരിക്കണം. മാത്രവുമല്ല ഒറ്റനോട്ടത്തിൽ അത് ദൃശ്യവുമായിരിക്കണം. അങ്ങനെയുള്ളവയ്ക്ക് നേരെയേ കല്ലേറുകൾ വരൂ… അതുകൊണ്ടാണ് കന്യാസ്ത്രീയമ്മമാരെ അകാരണമായി പോലും നാം കല്ലെറിയുന്നത്.
ശരിയാണ്, അവർക്കും കുറ്റങ്ങളും കുറവുകളുമുണ്ടാകാം. വീഴ്ചകൾ സംഭവിച്ചേക്കാം.
പക്ഷേ നമ്മുടെ കുടുംബങ്ങളിൽ നടക്കുന്നതിലും എത്രയോ കുറച്ച് തെറ്റുകൾ മാത്രമാണ് നമ്മുടെ ഈ സഹോദരിമാർക്കിടയിൽ സംഭവിക്കുന്നത്! ഒരാളുടെ വീഴ്ചയെ നമ്മൾ ആഘോഷിക്കുന്നു, മറ്റനേകരുടെ ഗുണങ്ങളെ വിസ്മരിച്ചുകൊണ്ട്…
ഓരോ വാക്കും രൂപപ്പെട്ടുവരുന്നത് എന്തെല്ലാം അർത്ഥതലങ്ങളോടെയാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നോക്കൂ, ഈ വാക്ക് തന്നെ. കന്യാസ്ത്രീ. അവൾ ഒരേ സമയം കന്യകയും സ്ത്രീയുമാണ്.
സ്ത്രീ എന്ന വാക്കിന് പ്രസവിക്കുന്നവൾ എന്നാണർത്ഥമെന്ന് കൂടി തിരിച്ചറിയുമ്പോൾ ഒരേ സമയം അമ്മയും കന്യകയുമായി നിലകൊള്ളാൻ കഴിയുന്ന അവളുടെ ദ്വന്ദ്വഭാവങ്ങൾക്ക് മുമ്പിൽ നമസ്ക്കരിക്കാനേ കഴിയൂ. അവിവാഹിതകളായ അമ്മമാരുടെ അനാഥക്കുഞ്ഞുങ്ങളെ, പരിത്യക്തരെ എല്ലാം കടലോളം വലുപ്പമുള്ള അമ്മയുടെ സ്നേഹത്തോടെയല്ലേ ഈ കന്യാസ്ത്രീമാർ വാരിപ്പുണരുന്നത്? എന്തിന് വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നത്? ആരോടുള്ള സ്നേഹത്തെ പ്രതി? ക്രിസ്തുവെന്ന മണവാളനെയോർത്ത്… നിങ്ങൾ ചെയ്യുന്നതെല്ലാം എനിക്കുതന്നെയാണ് ചെയ്യുന്നതെന്ന് പറയുന്ന ആ ക്രിസ്തുമൊഴികളുടെ അനുപമശക്തിയോർത്ത്…
ക്രിസ്തുവെന്ന മണവാളനെ അത്യധികം സ്നേഹിക്കുന്നതുകൊണ്ടാകാം നമ്മുടെ കന്യാസ്ത്രീയമ്മമാർക്ക് ഇത്രയധികം സൗന്ദര്യമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇപ്പോൾ എല്ലാവർക്കും ഉദാഹരിക്കാൻ ഒരു അൽഫോൻസാമ്മ മാത്രമേയുള്ളൂ. എന്നാൽ സഭയും സമൂഹവും വിശുദ്ധയായി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത, വിശുദ്ധമായ ജീവിതം നയിക്കുന്ന എത്രയോ കന്യാസ്ത്രീയമ്മമാർ നമുക്കിടയിലുണ്ടായിരിക്കണം! നാമവരെ അറിയുന്നതേയില്ല.
അൽഫോൻസാമ്മ ജീവിച്ചിരുന്നപ്പോൾ അവളെയും ആരും തിരിച്ചറിഞ്ഞില്ലെന്നറിയണം. രണ്ടിൽക്കൂടുതൽ പ്രസവിക്കാനോ മക്കളെ വളർത്താനോ തയ്യാറാകാത്ത സ്ത്രീകളുടെ ഈ കാലത്താണ് കന്യാസ്ത്രീകൾ അനാഥക്കുഞ്ഞുങ്ങൾക്കായി ജീവിതം അർപ്പിക്കുന്നത്. രണ്ടുമക്കളെ ഒരുപോലെ സ്നേഹിക്കാൻ മനസ്സ് കാട്ടാത്ത അമ്മമാരുള്ളപ്പോഴാണ് എല്ലാക്കുഞ്ഞുങ്ങൾക്കും സ്നേഹം പങ്കിട്ട് അവർ സ്നേഹസദ്യ നടത്തുന്നത്!
ജീവിതത്തിൽ ഏതെല്ലാം വിധത്തിലാണ് ഞാനീ കന്യാസ്ത്രീയമ്മമാരോട് കടപ്പെട്ടിരിക്കുന്നതെന്ന് നന്ദി നിറഞ്ഞ ഹൃദയത്തോടെയേ എനിക്ക് ഓർമ്മിക്കാനാവൂ.
ജീവിതത്തിൽ ആദ്യമായി ഞാൻ ബോൺവിറ്റ കഴിക്കുന്നത് പ്രിയപ്പെട്ട ഒരു കന്യാസ്ത്രീ ബാംഗ്ലൂരിൽനിന്ന് എനിക്കത് പാഴ്സലായി അയച്ചുതന്നപ്പോഴാണ്. പറയുമ്പോൾ നിങ്ങൾ കരുതാനിടയുണ്ട്, അതെന്റെ കുട്ടിക്കാലത്തെങ്ങാനുമായിരിക്കുമെന്ന്. അല്ല. എഴുതിയ പുസ്തകത്തിന്റെ പുറംചട്ടയിലെ മെല്ലിച്ച എന്റെ രൂപം കണ്ടിട്ട് സ്നേഹത്തോടും പരിഗണനയോടും കൂടി അയച്ചുതന്നതായിരുന്നു അവരത്. ഒപ്പം മഞ്ഞിനെയും തണുപ്പിനെയും നേരിടാൻ എനിക്ക് രണ്ട് കമ്പിളി സ്കാർപ്പുകളും. മഞ്ഞുകാലം എന്റെ ആസ്തമയുടെ ദിനങ്ങളാണെന്ന് വായിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ആ മുൻകരുതൽ. എന്റെ അമ്മ പ്രസവിച്ച നാലുപെങ്ങന്മാർക്കും തോന്നാത്ത സ്നേഹമായിരുന്നുവത്.
വിവാഹാവസരത്തിലെ സാമ്പത്തികബുദ്ധിമുട്ടുകളുടെ അവസരത്തിൽ ഒരു കന്യാസ്ത്രീ ആരോടോ വാങ്ങിത്തന്ന പണംകൊണ്ടാണ് കാര്യങ്ങളൊക്കെ നേരാംവണ്ണം ഓടിക്കാൻ സാധിച്ചതും പിന്നെ വാടകവീട്ടിൽ താമസം തുടങ്ങിയപ്പോൾ സാധനസാമഗ്രികൾ വാങ്ങാൻ കഴിഞ്ഞതും.
പ്രിയപ്പെട്ട മറ്റൊരു കന്യാസ്ത്രീ, അവൾക്ക് സമ്മാനമായി കിട്ടിയ ഒരു ഡിജിറ്റൽ ക്യാമറ, അധികാരികളുടെയും മാതാപിതാക്കളുടെയും അനുവാദത്തോടെ എനിക്ക് സമ്മാനിച്ചതുകൊണ്ടാണ്, പിന്നീട് എനിക്കൊരു മകൻ പിറന്നപ്പോൾ, അവനെ നേരിൽ വന്നുകാണാൻ അനാരോഗ്യവതിയായ എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിൽ ആ ക്യാമറയിൽ ഫോട്ടോയെടുത്ത്, അമ്മയ്ക്ക് ഞങ്ങളുടെ മകനെ കാണിക്കാൻ സാധിച്ചത്. ആ കന്യാസ്ത്രീയെ ഓർത്ത് എനിക്കപ്പോൾ കണ്ണുനിറഞ്ഞുപോയിരുന്നു.
നിങ്ങൾ ഈ കന്യാസ്ത്രീയമ്മമാരോട് പ്രാർത്ഥന ചോദിച്ചുനോക്കൂ… അവരൊരിക്കലും നിങ്ങളുടെ പ്രാർത്ഥനാപേക്ഷയെ തള്ളിക്കളയില്ല. അവർ പലപ്പോഴായി, പലർക്കായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പള്ളിപിരിഞ്ഞിട്ടും ദേവാലയത്തിൽ മുട്ടുകുത്തി തങ്ങളുടെ മണവാളനോട് പരാതിയും സങ്കടവും അർത്ഥനകളും ഉന്നയിക്കുന്ന പാവം കന്യാസ്ത്രീമാർ. ആ പ്രാർത്ഥനയുടെ നിഴലിലാണ് നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് അർഹിക്കുന്നതിലും വളരെ കുറച്ച് പരിക്കുകളോടെയെങ്കിലും മുമ്പോട്ടുപോകാൻ കഴിയുന്നത്. നിങ്ങളൊക്കെ ഏതു മതത്തിലും വിശ്വാസത്തിലും മുമ്പോട്ടുപോകുന്നവരായിക്കൊള്ളട്ടെ, പക്ഷേ നിങ്ങളുടെ ജീവിതത്തിലേക്ക് ആദ്യമായി പ്രാർത്ഥനകളും ദൈവവിശ്വാസവും പകർന്നുനല്കാൻ ഈ കന്യകകളും ഉണ്ടായിരുന്നില്ലേ?
മുമ്പൊരിടത്ത് എഴുതിയതുപോലെ ഈശോയുടെ രൂപത്തിന് മുമ്പിൽ ചെമ്പരത്തിപ്പൂക്കൾ പറിച്ചുവയ്ക്കുന്ന ശീലം ഇന്നും ഞാൻ തുടരുന്നുണ്ടെങ്കിൽ–അതിലെ ആത്മീയതയെയും ആത്മാർത്ഥതയെയും വിട്ടുകളയൂ–അതിന് കാരണം നാലാം ക്ലാസിൽ എന്നെ പഠിപ്പിച്ച സിസ്റ്റർ ജെർമാനാമ്മയാണ്.
താരതമ്യപ്പെടുത്തി നോക്കിയാൽ നമ്മുടെ പുരോഹിതരെക്കാൾ എത്രയോ പാരതന്ത്ര്യം അനുഭവിക്കുന്നുണ്ട് ഈ സോദരിമാർ. വൈദികർക്ക് സമൂഹത്തിൽ പലപ്പോഴും ഒന്നാം സ്ഥാനവും അധികാരവും പദവിയുമെല്ലാമുണ്ട്. പക്ഷേ ഇവർക്കോ…? അവരെ ആരറിയുന്നു? മുഖ്യസ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്ന ഏതാനും പേരെയൊഴിച്ചാൽ.. ഒരു പ്രിൻസിപ്പൽ… ഹെഡ്മിസ്ട്രസ്… ഡോക്ടർ… വചനപ്രസംഗക… അങ്ങനെ ചിലരെയൊഴികെ.
.. കുടുംബത്ത് നടക്കുന്ന വിവാഹംപോലുള്ള സന്തോഷത്തിന്റെ സംഗമങ്ങളിൽപോലും ഇവർക്ക് പ്രവേശനമില്ലെന്നറിയണം. സ്വഭവനത്തിൽ അന്തിയുറങ്ങാൻപോലും ചില സമൂഹത്തിലെ അംഗങ്ങൾക്ക് അടുത്തകാലംവരെ അനുവാദമുണ്ടായിരുന്നില്ല.
അടുത്തദിവസങ്ങളിൽ അടുപ്പമുള്ള ഒരു കന്യാസ്ത്രീയെ നഗരത്തിൽവച്ച് കണ്ടു. വികാരിയച്ചനെ അകാരണമായി ദ്രോഹിച്ച് സ്ഥലം മാറ്റം നേടിക്കൊടുത്ത ഇടവകയിലെ ചില നേതാക്കളെക്കുറിച്ച് പരാമർശിക്കുന്നതിനിടയിൽ അവർ പറഞ്ഞ ഒരു കാര്യം മനസ്സിനെ വല്ലാതെ നോവിപ്പിച്ചുകളഞ്ഞു.
”അപവാദം പറഞ്ഞാണ് അച്ചനെ അവർ ഓടിച്ചത്. അച്ചന് കിട്ടിയതിന്റെ ഒരുഭാഗം ഞങ്ങൾക്കും കിട്ടി. ങ് സാരമില്ല… കർത്താവിന്റെ ഓഹരിപറ്റിയാണല്ലോ ഞങ്ങളുടെ ജീവിതം…”
വിവാദമായ ഒരു മരണത്തിന്റെ പേരിൽ കോലാഹലങ്ങൾ നടന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ തങ്ങൾക്ക് പുറത്തേയ്ക്കിറങ്ങാൻപോലും വയ്യായിരുന്നുവെന്ന് മറ്റൊരു കന്യാസ്ത്രീ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന ചില പേരുകൾ വിളിച്ചായിരുന്നുവത്രെ യാത്രകൾക്കിടയിൽ അവർക്ക് നേരെയുള്ള അധിക്ഷേപങ്ങൾ.
പെങ്ങളേ, അവർക്കുവേണ്ടി നിന്നോട് അല്ല നിങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഒരുകാലത്ത് എനിക്കും തോന്നിയിട്ടുണ്ട് നിങ്ങളോട് ചില പാരുഷ്യങ്ങളൊക്കെ… നിങ്ങളുടെ ഇടർച്ചകളെ പരസ്യമാക്കാനും കുറ്റംവിധിക്കാനും കഴിയുന്ന ഒരു മാനസികാവസ്ഥ എനിക്കുമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളുടെ മഹത്ത്വത്തെ, സേവനസന്നദ്ധതയെ ഞാൻ കൈകൾ കൂപ്പി പ്രണമിക്കുന്നു. അതിനിടയിലെ എല്ലാ മാനുഷികതകളോടും കൂടിത്തന്നെ…
ഇന്നലെവരെ നിങ്ങളെ അന്യരായിട്ടാണ് ഞാൻ കണ്ടിരുന്നത്. ഇപ്പോഴാവട്ടെ സ്വന്തമായിട്ടും. അതിന്റെ വ്യത്യാസമാണത്. സമൂഹം കല്ലെറിയുന്ന നിങ്ങളുടെ കൂട്ടത്തിൽ എന്റെ പെങ്ങളുമുണ്ടെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. അല്ലെങ്കിൽ അങ്ങനെയൊരു ചിന്ത മറ്റുള്ളവർക്ക് ഇല്ലാത്തതാണ് നിങ്ങളിത്രമാത്രം നിന്ദിക്കപ്പെടുന്നതിനും പരിഹസിക്കപ്പെടുന്നതിനും കാരണം.
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എത്രമേൽ ശൂന്യമാവുമായിരുന്നുവെന്ന് ഞാനോർക്കാറുണ്ട്. നിശ്ശബ്ദമായി കത്തുകയും എന്നാൽ ചുറ്റുപാടുകളെ പ്രകാശിപ്പിക്കുകയും തിരുക്കർമ്മങ്ങൾക്ക് ശോഭ പകരുകയും ചെയ്യുന്ന അൾത്താരയിലെ മെഴുകുതിരികളാണ് നിങ്ങൾ…
നിങ്ങൾ കത്തിയെരിയുമ്പോഴും പ്രകാശിച്ചുനില്ക്കണം… പ്രകാശിക്കുമ്പോഴും അതിന്റെ പിന്നിൽ നിങ്ങൾ ഉരുകുകയാണെന്ന തിരിച്ചറിവ് മറ്റുള്ളവർക്കുമുണ്ടാകട്ടെ. ആ തിരിച്ചറിവ് നിങ്ങളുടെ ജീവിതത്തിനുള്ള പ്രാർത്ഥനകളായി മാറ്റാൻ ഓരോരുത്തരെയും സഹായിച്ചിരുന്നെങ്കിൽ…
വിനായക് നിർമ്മൽ
https://m.facebook.com/story.php?story_fbid=114895210223957&id=108918107488334
Courtesy : Voice Of Nuns
https://m.facebook.com/voiceofnuns/?ref=page_internal&mt_nav=0
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group