തൊട്ടിയാർ ജലവൈദ്യുത പദ്ധതി 28ന് നാടിന് സമർപ്പിക്കും

കോതമംഗലം: തൊട്ടിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി തിങ്കളാഴ്ച കമീഷൻ ചെയ്യും. ദേവിയാറിലെ വെള്ളം ഉപയോഗിച്ച്‌ 40 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ച്‌ 15 വർഷത്തിനു ശേഷമാണ് ഉദ്ഘാടനം.

തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലയില്‍ ദേവിയാറിന്‍റെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാർ പദ്ധതി പ്രദേശത്ത് തടയണ നിർമിച്ച്‌ പെരിയാറിന്‍റെ തീരത്ത് നീണ്ടപാറയില്‍ നിർമിച്ച നിലയത്തില്‍ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉല്‍പാദനം നടത്തുക. ഉല്‍പാദനശേഷം വെള്ളം പെരിയാറിലേക്ക് തന്നെയാണ് ഒഴുക്കിവിടുക. ലോവർ പെരിയാർ പദ്ധതിയുടെ പഴയ ലൈനിലേക്ക് ബന്ധിപ്പിച്ച്‌ ചാലക്കുടി സബ്സ്‌റ്റേഷൻ വഴിയാണ് വൈദ്യുതി വിതരണം നടത്തുക. 2009ല്‍ 207 കോടിക്കാണ് പദ്ധതിയുടെ കരാർ നടപടി പൂർത്തീകരിച്ചത്. എന്നാല്‍, നിർമാണം പാതിവഴിയില്‍ എത്തുന്നതിനുമുമ്ബ് കരാർ റദ്ദാക്കി. തുടർന്ന്, 2018ല്‍ എസ്‌റ്റിമേറ്റ് പുതുക്കി 280 കോടിക്ക് വീണ്ടും കരാർ നല്‍കി നിർമാണം പൂർത്തീകരിച്ചാണ് പദ്ധതി കമീഷനിങ്ങിന് ഒരുങ്ങിയത്. തൊട്ടിയാർ മുതല്‍ പത്താം മൈലിനുസമീപം വരെ പുഴയുടെ ഇരുകരയിലുമായി 10 ഹെക്ടറോളം ഭൂമി പദ്ധതിക്കായി വൈദ്യുതി വകുപ്പ് ഏറ്റെടുത്തു. ഇതോടൊപ്പം വനം, റവന്യൂ വകുപ്പുകളില്‍നിന്ന് ആവശ്യമായ ഭൂമിയും ലഭിച്ചു.

ദേവിയാറിന് കുറുകെ 222 മീറ്റർ നീളത്തിലും 7.5 മീറ്റർ ഉയരവുമുള്ള തടയണ നിർമിച്ചിട്ടുണ്ട്. 60 മീറ്റർ നീളമുള്ള കനാല്‍ വഴി ജലം തിരിച്ചുവിട്ട് കുതിരകുത്തി മലയിലെ 2.60 മീറ്റർ വ്യാസവും 199 മീറ്റർ നീളവുമുള്ള തുരങ്കത്തില്‍ എത്തിക്കുകയും അവിടെനിന്ന് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക് (പൈപ്പ്) വഴി പെരിയാർ നദിയുടെ വലതുകരയിലെ വൈദ്യുതിനിലയത്തില്‍ എത്തിച്ചാണ് വൈദ്യുതോല്‍പാദനം നടത്തുക. ഉല്‍പാദന ശേഷമുള്ള ജലം പെരിയാറിലേക്കുതന്നെ ഒഴുക്കിവിടും. പെരിയാർ നദിക്ക് കുറുകെ നീണ്ടപാറക്ക് സമീപത്തായി ഉല്‍പാദന കേന്ദ്രത്തിലേക്ക് 110 മീറ്റർ നീളമുള്ള പാലവും നിർമിച്ചിട്ടുണ്ട്. 10, 30 മെഗാവാട്ട് വീതം ശേഷിയുള്ള ഓരോ ജനറേറ്ററുകള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതിയുടെ സ്ഥാപിതശേഷി 40 മെഗാവാട്ടും വാർഷികോല്‍പാദനം 99 ദശലക്ഷം യൂനിറ്റുമാണ്. മഴക്കാലത്ത് ദേവിയാറിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാഴാകാതെ പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ബോർഡിന്‍റെ ലക്ഷ്യം. വേനല്‍ക്കാലത്ത് പുഴയില്‍ ആവശ്യത്തിന് വെള്ളം ലഭിക്കില്ല എന്നതിനാല്‍ വൈദ്യുതി ഉല്‍പാദനം നടക്കില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m