November 2 – സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ



നവംബർ 2 തിരുസഭ  സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ആചരിക്കുന്നു. ഓരോവിശ്വാസ പ്രമാണത്തിലും നാം ഇപ്രകാരം പ്രഖ്യാപിക്കാറുണ്ട് പുണ്ണ്യവാളന്മാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു വലിയ വിശ്വാസസത്യമായിട്ടാണ് സഭ പ്രഖ്യാപിക്കുന്നത്. ഇതിലൂടെ വിരൽചൂണ്ടുന്നത് തിരുസഭ എന്നത് ജീവിച്ചിരിക്കുന്നവരായ നമ്മളുടെയും സ്വർഗ്ഗത്തിലായിരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും ഒരു കൂട്ടായിമ ആണെന്നാണ്. ശുദ്ധീകരണാത്മാക്കളുടെ ദിനമായ ഇന്ന് പൂർണദണ്ഡവിമോചനം അനുവദനീയമാണ്, മരിച്ചവിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക  ദണ്ഡവിമോചന പ്രാർത്ഥനകൾ ഇന്നേ ദിവസം നടത്തപ്പെടുന്നു. വർഷത്തിൽ നവംബർ 1 മുതൽ 8 വരെ പൂർണ്ണ  ദണ്ഡവിമോചനത്തിനും അല്ലാത്ത ദിവസങ്ങളിൽ ബാഹികമായിട്ടുള്ള ദണ്ഡവിമോചനത്തിനുമുള്ള ദിനമായിട്ടാണ് സഭയാചരിക്കുന്നത്. പൂർണ്ണ ദണ്ഡവിമോചനം സഭ അനുവദിച്ചിരിക്കുന്നത് മരിച്ചവിശ്വാസികൾക്കുവേണ്ടി മാത്രമാണ്.  
സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ബെനഡിക്ട് 15 -ാമൻ മാർപാപ്പാ (1914-22) മൂന്ന് കുർബാനകൾ ചൊല്ലാനുള്ള അനുവാദം വൈദികർക്ക് കൊടുത്തത് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ആദ്യ നിയോഗം: മരിച്ചുപോയവർക്കു വേണ്ടി, രണ്ടാമത്: വൈദികന്റെ നിയോഗത്തിന്, മൂന്നാമത്: പരിശുദ്ധ പിതാവിന്റെ നിയോഗത്തിന് എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നു. മരിച്ചവിശ്വാസികൾക്ക്  വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.  മരിച്ചുപോയവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ഓരോ സംസ്കാരത്തിലും വ്യത്യസ്ത രീതികളിൽ ആചരിക്കപ്പെട്ടിരുന്നു. ജറുസലേമിലെ വി. സിറിലും, വി. ജോൺ ക്രിസോസ്റ്റവും ആണ് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആദ്യമായി തയ്യാറാക്കിയത് എന്ന് കരുതപ്പെടുന്നു. കുടുംബങ്ങളിൽ നിന്നും മരിച്ചവരെ അനുസ്മരിക്കാനാണ് ഈ പ്രാർത്ഥനകൾ എഴുതപ്പെട്ടത്.

 വി. ഒഡിലോ ഓഫ് ക്ലൂണി ആണ് ആദ്യമായി ഒൻപതാം നൂറ്റാണ്ടോടു കൂടി  നവംബർ മാസം രണ്ടാം തീയതി മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക ഓർമ്മദിവസമായി ആചരിക്കുവാൻ ആരംഭിച്ചത്. അദ്ദേഹം ശ്രേഷ്ഠനായിരിക്കെ, തങ്ങളുടെ സമൂഹത്തിൽ നിന്ന് മരിച്ചുപോയവരുടെ ആത്മാക്കൾക്കു വേണ്ടി പ്രത്യേക ദിനം പ്രാർത്ഥിച്ചു തുടങ്ങിയതാണ് ഈ തിരുനാളിന്റെ ആരംഭം. അതിന് കാരണമായി അദ്ദേഹം മുമ്പോട്ടു വയ്ക്കുന്നത്, ഒന്നാം തീയതി സകല വിശുദ്ധരുടെയും തിരുനാൾ ദിനമാണ് എന്നതാണ്. കാരണം, വിശുദ്ധരുടെ ജീവിതത്തെ കൂടുതൽ അടുത്തനുകരിക്കാനും മാദ്ധ്യസ്ഥ്യം വഹിക്കാനുമുള്ള അവസരമാണിത്. ഇതിനെ തുടർന്ന് ബെനഡിക്ടൈൻ, കർത്തൂസിയൻ സമൂഹാംഗങ്ങൾ അവരുടെ ആശ്രമങ്ങളിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിച്ചു തുടങ്ങി. പോപ്പ് സിൽവെസ്റ്റർ രണ്ടാമൻ ഇത് അംഗീകരിക്കുകയും പിന്നീട് തിരുസഭയുടെ തിരുനാളായി സകല മരിച്ചവരുടെയും തിരുനാൾ മാറുകയും ചെയ്തു. അങ്ങനെ നവംബർ മാസം രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാൾ സഭയിൽ കൊണ്ടാടുന്നു. അഞ്ചാം നൂറ്റാണ്ടു മുതലാണ്  സഭയിൽ മരിച്ചവിശ്വാസികൾക്കുവേണ്ടി പ്രാർത്ഥനകളും വിശുദ്ധ കുർബാനയും അർപ്പിക്കപ്പെട്ടിരുന്നത് എന്ന് കരുതപ്പെടുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി സഭ നിരന്തരം പ്രാർത്ഥിക്കാൻ നമ്മെ ഓര്മിപ്പിക്കുന്നുണ്ട്.

ദൈവത്തിന്റെ അതിരുകളില്ലാത്ത കരുണയെ അനുസ്മരിക്കാനുള്ള ഒരു അവസരവും കൂടിയാണിത്. അതിനാൽ, നമ്മുടെ ജീവിതത്തിൽ ദൈവം വർഷിക്കുന്ന അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാം. ഒപ്പം മരിച്ചവിശ്വാസികളുടെ ആത്മാക്കൾക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group