April 14: വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും
April 14: വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും
വിശുദ്ധ സെസിലിയ, തന്‍റെ വിവാഹ ദിനമായപ്പോള്‍ അതിഥികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറി സ്വകാര്യതയില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകി. വിവാഹചടങ്ങിനു ശേഷം അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍, താന്‍ പ്രേമിക്കുന്ന ഒരാള്‍ ഉണ്ടെന്നും, അത് ദൈവത്തിന്റെ ഒരു മാലാഖയാണെന്നും, ആ മാലാഖ വലിയ അസൂയാലുവാണെന്നും, അതിനാല്‍ കന്യകയായി തന്നെ തുടരുവാനാണ് തന്റെ അഭിലാഷമെന്നും തന്റെ ഭര്‍ത്താവായിരുന്ന വലേരിയനെ, അവള്‍ ധരിപ്പിച്ചു. സംശയവും, ഭയവും, ദേഷ്യവും കൊണ്ട് പരിഭ്രാന്തനായ വലേരിയന്‍ അവളോടു പറഞ്ഞു: “നീ പറഞ്ഞ മാലാഖയെ എനിക്ക് കാണിച്ചുതരിക, അവന്‍ ദൈവത്തില്‍ നിന്നാണെങ്കില്‍ ഞാന്‍ ഉറപ്പായും നിന്റെ ആഗ്രഹത്തിനു സമ്മതിക്കാം, അതല്ല അവനൊരു മനുഷ്യ കാമുകനാണെങ്കില്‍ നിങ്ങള്‍ രണ്ടുപേരും ഉറപ്പായും മരിക്കും.”
സിസിലിയയുടെ മറുപടി ഇപ്രകാരമായിരിന്നു, “ജീവിച്ചിരിക്കുന്നവനുമായ ഏകദൈവത്തില്‍ വിശ്വസിക്കുകയും, മാമോദീസ വെള്ളം നിന്റെ തലയില്‍ വീഴുകയും ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ ആ മാലാഖയെ കാണും”, വലേരിയന്‍ അതിനു സമ്മതിക്കുകയും മതപീഡന കാലമായിരുന്നതിനാല്‍ തന്റെ ഭാര്യയുടെ നിര്‍ദ്ദേശമനുസരിച്ച്, രക്തസാക്ഷികളുടെ കല്ലറകളില്‍ ഒളിവില്‍ പാര്‍ത്തിരുന്ന ഉര്‍ബന്‍ എന്ന് പേരായ മെത്രാനെ അന്വോഷിച്ചു പോകുകയും ചെയ്തു. തുടര്‍ന്ന് വലേരിയന്‍ വിശ്വാസമാര്‍ഗ്ഗം സ്വീകരിക്കുകയും മെത്രാന്‍ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു.
യുവാവായ വലേരിയന്‍ തിരികെ എത്തിയപ്പോള്‍ തന്റെ ഭാര്യയായ സെസിലിയായുടെ സമീപം ജ്വലിക്കുന്ന ചിറകുകളുമായി ഒരു മാലാഖ നില്‍ക്കുന്നതായി കണ്ടു. ആ മാലാഖ റോസാപുഷ്പങ്ങളും, ലില്ലിപുഷ്പങ്ങളും കൊണ്ടുള്ള മാല അവരുടെ ശിരസ്സില്‍ അണിയിച്ചു. വലേരിയന്റെ സഹോദരനായിരുന്ന ടിബുര്‍ട്ടിയൂസും മാമോദീസയിലൂടെ ക്രിസ്തുവിന്‍റെ അനുയായി ആയി മാറി; ജ്ഞാനസ്നാന സ്വീകരണത്തിനു ശേഷം അദേഹവും നിരവധി അത്ഭുതങ്ങള്‍ ദര്‍ശിക്കുവാനിടയായിട്ടുണ്ട്. ക്രിസ്തീയ-സമൂഹത്തിനു വേണ്ടി ധാരാളം പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വലേരിയനും, ടിബുര്‍ട്ടിയൂസും തങ്ങളുടെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു. മുഖ്യനായിരുന്ന അല്‍മാച്ചിയൂസിന്റെ ഉത്തരവിനാല്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ, യഥാവിധി അടക്കം ചെയ്യുന്നത് തങ്ങളുടെ പ്രത്യേക ഉത്തരവാദിത്വമായി അവര്‍ കരുതി.
ഇതിനിടെ ജൂപ്പീറ്ററിനു വിഗ്രഹാരാധന നടത്താന്‍ വിസമ്മതിച്ചതിനാല്‍ ഈ രണ്ടു സഹോദരന്‍മാരേയും ഭരണാധികാരി വധശിക്ഷക്ക് വിധിച്ചു. അവരുടെ വധശിക്ഷയുടെ മേല്‍നോട്ടം മാക്സിമസ് എന്ന് പേരായ റോമന്‍ ഉദ്യോഗസ്ഥനായിരുന്നു. അവരുടെ അവസാന മണിക്കൂറില്‍ മാക്സിമസിനുണ്ടായ ഒരു ദര്‍ശനം നിമിത്തം, മാക്സിമസ് മാന്‍സാന്തരപ്പെട്ട് ക്രിസ്ത്യാനിയായി മാറി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം വെളിപ്പെടുത്തിയ മാക്സിമസും രക്തസാക്ഷിയാവുകയാണ് ഉണ്ടായത്. ദു:ഖാര്‍ത്തയായ സെസിലിയായായിരുന്നു ഈ മൂന്നുപേരേയും അടക്കം ചെയതത്, അധികം വൈകാതെ തന്നെ അവളും ധീര രക്തസാക്ഷിത്വം വഹിച്ചു സ്വര്‍ഗ്ഗം പുല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0