ap44

April 19: മാര്‍പാപ്പയായിരുന്ന വിശുദ്ധ ലിയോ ഒമ്പതാമന്‍

April 19: മാര്‍പാപ്പയായിരുന്ന വിശുദ്ധ ലിയോ ഒമ്പതാമന്‍

വിശുദ്ധ ലിയോ ഒമ്പതാമന്‍, ബ്രൂണോ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1026-ല്‍ ഡീക്കണായിരുന്ന വിശുദ്ധന്‍, ചക്രവര്‍ത്തിയുടെ കീഴില്‍ സൈന്യത്തിന്റെ സേനായകനായി പടനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ സമയത്ത് ടൌളിലെ മെത്രാന്‍ മരണപ്പെട്ടു. ബ്രൂണോ തിരിച്ചു വന്നപ്പോള്‍ അദ്ദേഹത്തെ ടൌളിലെ മെത്രാനായി തിരഞ്ഞെടുത്തു. ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധന്‍ അവിടെ ചിലവഴിച്ചു. 1048-ല്‍ ദമാസൂസ് രണ്ടാമന്‍ പാപ്പയുടെ മരണത്തോടെ വിശുദ്ധ ബ്രൂണോ അടുത്ത പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു.

പാപ്പായായതിനു ശേഷം വിശുദ്ധന്‍ നിരവധി പരിഷ്കാരങ്ങള്‍ സഭയില്‍ നടപ്പിലാക്കി. തന്റെ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ധാരാളം യാത്രകള്‍ വിശുദ്ധന്‍ നടത്തി. ഇക്കാരണത്താല്‍ ‘അപ്പോസ്തോലനായ തീര്‍ത്ഥാടകന്‍’ (Apostolic Pilgrim) എന്ന വിശേഷണം വിശുദ്ധനു ലഭിച്ചു. വിശുദ്ധ കുര്‍ബ്ബാനയുടെ വേളയില്‍ അപ്പവും, വീഞ്ഞും യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരവും, രക്തവുമായി മാറുന്നതിനെ എതിര്‍ക്കുന്ന ബെരെന്‍ഗാരിയൂസിന്റെ സിദ്ധാന്തങ്ങളെ വിശുദ്ധന്‍ ശക്തമായി എതിര്‍ത്തു.

വിശുദ്ധ പീറ്റര്‍ ഡാമിയന്റെ വിമര്‍ശനത്തിനു അദ്ദേഹം കാരണമായെങ്കിലും വിശുദ്ധ ലിയോ ഒമ്പതാമന്‍ മാര്‍പാപ്പയുടെ അധീശത്വം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ മൈക്കേല്‍ സെരൂലാരിയൂസ് എന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസിനെ അദ്ദേഹം എതിര്‍ത്തു. ഇത് റോമും കിഴക്കന്‍ സഭകളും തമ്മിലുള്ള പരിപൂര്‍ണ്ണ വിഭജനത്തിനു കാരണമായി. വിശുദ്ധ ലിയോ ഒമ്പതാമന്‍ മരണപ്പെട്ടതിനു ശേഷം 40 ദിവസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 70 ഓളം രോഗശാന്തികള്‍ അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥതയില്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.

 


Comment As:

Comment (0)