February 14: വിശുദ്ധ വാലെന്റൈൻ
February 14: വിശുദ്ധ വാലെന്റൈൻ
വിശുദ്ധ മാരിയൂസിനൊപ്പം ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍.
ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ ചക്രവര്‍ത്തി ഇത് കണ്ടുപിടിച്ചു.
അധികം വൈകാതെ തന്നെ വിശുദ്ധനെ ബന്ധനസ്ഥനാക്കി തന്റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. എന്നാല്‍ ആ ചെറുപ്പക്കാരനായ പുരോഹിതനില്‍ ചക്രവര്‍ത്തി ഏറെ ആകര്‍ഷിക്കപ്പെട്ടിരിന്നു. അതിനാല്‍ വിശുദ്ധനെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക് വിശുദ്ധനെ പരിവര്‍ത്തനം ചെയ്യുവാനാണ് ചക്രവര്‍ത്തി ശ്രമിച്ചത്. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ കുപിതനായ ചക്രവര്‍ത്തി വിശുദ്ധനെ വധിക്കുവാന്‍ ഉത്തരവിറക്കി.
വിശുദ്ധന്‍ തടവറയിലായിരിക്കുമ്പോള്‍ കാരാഗ്രഹ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസും, അദ്ദേഹത്തിന്റെ അന്ധയായ മകളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചിരിന്നു. അസ്റ്റേരിയൂസിന്റെ മകള്‍ വിശുദ്ധന് ദിവസവും ഭക്ഷണവും, സന്ദേശങ്ങളും കൊണ്ടു വന്നു പോന്നു. അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു സുഹൃത്ബന്ധം ഉടലെടുത്തു. തന്റെ കാരാഗൃഹ വാസത്തിന്റെ അവസാനത്തോടെ വിശുദ്ധന് അവരെ രണ്ടുപേരേയും ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു. ഐതീഹ്യമനുസരിച്ച് വിശുദ്ധന്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്റെ മകളുടെ കാഴ്ചശക്തി അത്ഭുതകരമായി തിരിച്ചു നല്‍കി എന്നും പറയപ്പെടുന്നു.
വിശുദ്ധന്‍ കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയില്‍ വിശുദ്ധന്‍ ആ പെണ്‍കുട്ടിക്ക് ഒരു വിടവാങ്ങല്‍ സന്ദേശം കുറിക്കുകയും അതിനു കീഴെ “നിന്റെ വാലെന്റൈനില്‍ നിന്നും (From your Valentine)” എന്ന് ഒപ്പിടുകയും ചെയ്തു. കാലങ്ങളെ അതിജീവിച്ച് ഇന്നും പ്രചാരത്തില്‍ നില്‍ക്കുന്ന ഒരു വാക്യമാണ് ഇത്. അത്ഭുതകരമായ നിരവധി രോഗശാന്തിയും, ധര്‍മ്മോപദേശങ്ങളും അനേകര്‍ക്ക് നല്‍കിയതിനു ശേഷം, സീസറിനു കീഴില്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാകുകയും ഒടുവില്‍ തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു. AD 273 ഫെബ്രുവരി 14 നായിരിന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.
അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം നാലാം നൂറ്റാണ്ടു മുതലേ പ്രസിദ്ധിയാര്‍ജിച്ചിരിന്നു. തീര്‍ത്ഥാടകര്‍ വിശുദ്ധ നഗരിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം സന്ദര്‍ശിക്കുന്ന സ്മാരകം ഇതാണ്. വിശുദ്ധ വാലെന്റൈന്‍ സുഹൃത്ബന്ധത്തിന്റെ ആഗോള അടയാളമായി മാറിയിരിക്കുന്നു. അതിനുദാഹരണമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതിന്റെ എല്ലാ വാര്‍ഷികത്തിലും (സെന്റ് വാലെന്റൈന്‍സ് ദിനം) കമിതാക്കള്‍ പരസ്പരം സ്നേഹം കൈമാറുന്ന പതിവ്. വിവാഹ നിശ്ചയം കഴിഞ്ഞ വധൂവരന്‍മാരുടെ മധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ വാലെന്റൈന്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0