പൊതു വിദ്യാഭ്യാസ വകുപ്പില്‍ മതാടിസ്ഥാനത്തില്‍ വിവരശേഖരം നടത്തണമെന്ന സര്‍ക്കുലര്‍ അയച്ച സംഭവത്തില്‍ നാലു പേരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്ത മാസങ്ങള്‍ക്കുള്ളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലും മതാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ വിവര ശേഖരണം നടക്കുന്നുവെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ കോളേജുകളിൽ ജോലിചെയ്യുന്ന ക്രൈസ്തവ പുരോഹിതരെയും കന്യസ്ത്രിമാരെയുംകുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കാൻ ഉത്തരവിറങ്ങിയിരിക്കുന്നത്.
കോഴിക്കോട് കാരന്തൂര്‍ പുതുക്കടിയില്‍ കെ. അബ്ദുള്‍ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ്തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇത്തരത്തിലൊരു വിവരശേഖരണം നടത്താന്‍ ഡയറക്ടറേറ്റിന്റെ കീഴിലുള്ളതും തൃശൂര്‍, പാലക്കാട് ജില്ലകളുടെ പരിധിയില്‍ വരുന്നതുമായ എയ്ഡഡ് കോളജുകള്‍ക്കു ഇത്തരത്തിലൊരു വിവരശേഖരണത്തിനു നിര്‍ദേശം നല്കിയിട്ടുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ഈ മാസം ആറിനാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. കൂടാതെ ഈ കാര്യാലയത്തിനു കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ചോദ്യമുണ്ട്. 2020-21 മുതല്‍ 2024-25 വരെ ഓരോ വര്‍ഷവും വരുമാനനികുതി അടച്ചവര്‍ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളാണ് കോളജുകള്‍ക്ക് നല്കിയിട്ടുള്ളത്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളില്‍ നല്കണമെന്ന നിര്‍ദേശവുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍, ഇന്‍കം ടാക്‌സ് നിയമങ്ങളും രാജ്യത്തെ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ നിയമങ്ങളും സര്‍ക്കാര്‍ ചട്ടങ്ങളും കാറ്റില്‍ പറത്തി ഒരു രൂപ പോലും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഇന്‍കം ടാക്‌സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു' എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച കെ. അബ്ദുള്‍ കലാം തന്നെയാണ് ഈ വിചിത്രമായ പരാതിയുടെ പിറകിലും എന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നുണ്ട്. ക്രൈസ്തവർക്കുനേരെ വടക്കേ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കുനേരെ പ്രതികരിക്കുന്ന ഇടതുപക്ഷം കേരളത്തിൽ നടക്കുന്ന ഇതുപോലുള്ള മതപരമായ വിവേചനത്തെ ഗൗരവമായി എടുക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ന്യായമാണ്.
അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതി നല്കുകയും ചെയ്ത കെ. അബ്ദുല്‍ കലാമിനെതിരേ ഡിജിപിക്ക് പരാതി നല്കാന്‍ മന്ത്രി ശിവന്‍കുട്ടി തന്നെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നത്. അതിന്റെ നടപടിക്രമങ്ങള്‍ക്കിടയിലാണ് ഇതേ വ്യക്തിതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നല്കിയ വിവരാവകാശ അന്വേഷണത്തിന്റെ പേരിൽ ഇപ്പോള്‍ ഇത്തരത്തിലൊരു വിവര ശേഖരണം നടക്കുന്നത്. കേരളത്തിൽ ക്രൈസ്തവ സഭയ്ക്ക് നേരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണോ അടിസ്ഥാന രഹിതമായ ഈ പരാതി എന്ന് സർക്കാർ അന്ന്വേഷിക്കണം.
പിൻവാതിലിലൂടെ ജോലിക്കു കയറിയവരോ, ഒരു രേഖകളുമില്ലാതെ അതിർത്തികടന്നെത്തിയവരോ അല്ല കേരകളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ക്രൈസ്തവ പുരോഹിതരും സമർപ്പിതരും. സർക്കാർ നിഷ്കര്ഷിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയിട്ടു ജോലിയിൽ പ്രവേശിച്ചവരാണവർ. അതുകൊണ്ടുതന്നെ വർഗീയ ലക്ഷ്യങ്ങളുള്ള വ്യക്തികൾ ഉന്നയിക്കുന്ന വിലകെട്ട ആരോപണങ്ങൾക്കുപിറകേ അന്വേഷണം പ്രഖ്യാപിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ പദവിക്കുചേരാത്തവരാണ്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കാനോടുന്ന ഇത്തരം പോഴരെ നിലക്കുനിർത്താൻ ജനാധിപത്യ സർക്കാരുകൾ തയ്യാറാകണം. തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ ആവർത്തിച്ച് നൽകി സമൂഹത്തിൽ മതസപർദ്ദ വളർത്താൻ ശ്രമിക്കുന്ന കെ. അബ്ദുള്‍ കലാമിനു വര്ഗീയ താല്പര്യങ്ങളുണ്ടോ എന്നും സമഗ്രമായ അന്വേഷണം നടത്തണം.
കടപ്പാട് : സീറോ മലബാർ മീഡിയ കമ്മീഷൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0