j22

January 07: പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

January 07: പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന വ്യാഖ്യാനത്തിന് കൂടുതല്‍ സമയം കണ്ടെത്തിയിരിന്നു. യൌവനത്തിന്റെ കുറച്ചു കാലഘട്ടം സാഹിത്യ-മാനവിക വിഷയങ്ങളില്‍ അദ്ധ്യാപകനായി ബാഴ്സിലോണയില്‍ സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ബൊളോണയിലേക്ക് പോയി. പൊതു-സഭാനിയമങ്ങളിലും വിശുദ്ധ ലിഖിത വ്യാഖ്യാനത്തിലും അഗ്രാഹ്യ പാണ്ഡിത്യം നേടിയ വിശുദ്ധന്‍, അവിടെ അറിയപ്പെടുന്ന ഒരു പണ്ഡിതനായി അംഗീകരിക്കപ്പെട്ടു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും വിശ്വാസവും നാടെങ്ങും പ്രചരിച്ചു.

അങ്ങനെയിരിക്കെ, ബാര്‍സിലോണയിലെ മെത്രാനായിരിന്ന 'ബെരെങ്ങാരിയൂസ്', റോമിലെ രൂപതയില്‍ നിന്നും തിരിച്ചു വരുന്ന വഴി വിശുദ്ധനെ കാണുകയും ബാഴ്സിലോണയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന്‍ പ്രകാരം ബാര്‍സിലോണയിലെത്തിയ വിശുദ്ധന്‍ അധികം താമസിയാതെ അവിടത്തെ സഭാ ചട്ടങ്ങളുടേയും, നിയമങ്ങളുടേയും അധികാരിയായി നിയമിക്കപ്പെട്ടു. നീതിയുക്തമായ ജീവിതവും, വിനയവും, ലാളിത്യവും, പാണ്ഡിത്യവും വഴി വിശുദ്ധന്‍ സകല പുരോഹിതര്‍ക്കും, വിശ്വാസികള്‍ക്കും ഇടയില്‍ മാതൃകപുരുഷനായി. പരിശുദ്ധ മാതാവിലുള്ള വിശുദ്ധന്റെ അടിയുറച്ച വിശ്വാസം അസാധാരണമായിരുന്നു. അതിനാല്‍ തന്നെ ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുവാനുള്ള ഒരവസരവും വിശുദ്ധന്‍ പാഴാക്കിയിരുന്നില്ല.

വിശുദ്ധനു 45 വയസ്സായപ്പോള്‍ അദ്ദേഹം തന്റെ കര്‍മ്മമേഖല ഡൊമിനിക്കന്‍ സഭയിലേക്ക് മാറ്റി. വിജാതീയരുടെ പിടിയിലായിരുന്ന തടവുകാരെ മോചിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തികള്‍ക്കും തന്റെ ജീവിതം പൂര്‍ണ്ണമായും ഉഴിഞ്ഞുവെച്ചു. ഈ വിശുദ്ധന്റെ ഉപദേശാനുസരണമാണ് വിശുദ്ധ പീറ്റര്‍ നൊലാസ്കോ തന്റെ സമ്പാദ്യമെല്ലാം കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചത്.

ഇതിനിടെ വിശുദ്ധ പീറ്റര്‍ നൊലാസ്കോക്കും, വിശുദ്ധ റെയ്മണ്ടിനും, ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമനും പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് വിജാതീയരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി തടവില്‍ കഴിയുന്ന വിശ്വാസികളുടെ മോചനത്തിനായി ഒരാത്മീയ സഭ രൂപീകരിച്ചാല്‍ അത് തനിക്കും, തന്റെ ദൈവീകകുമാരനും ഏറ്റവും സന്തോഷദായകമായ കാര്യമായിരിക്കും എന്നറിയിച്ചു. ഇതേ തുടര്‍ന്ന്‍ മൂവരും ചേര്‍ന്ന് വിമോചകരുടെ സഭ (Our Lady of Mercy for the Ransom of Captives) എന്ന സന്യാസീ സഭക്ക്‌ രൂപം നല്‍കി.

ഈ സഭക്കു വേണ്ട ആത്മീയ ദര്‍ശനങ്ങളും സഭാനിര്‍ദേശങ്ങളും തയാറാക്കിയത് വിശുദ്ധ റെയ്മണ്ടായിരിന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക ശേഷം ഗ്രിഗറി ഒമ്പതാമന്‍ പാപ്പായില്‍നിന്നും അവര്‍ ഈ സഭക്ക്‌ വേണ്ട അംഗീകാരം നേടിയെടുത്തു. തുടര്‍ന്ന് വിശുദ്ധ റെയ്മണ്ട് വിശുദ്ധ പീറ്റര്‍ നൊലാസ്കോക്കിന് തന്റെ കൈകളാല്‍ സഭാവസ്ത്രം നല്‍കികൊണ്ട് അദ്ദേഹത്തെ ഈ സഭയുടെ ആദ്യത്തെ ജെനറല്‍ ആയി നിയമിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധനെ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ റോമിലേക്ക് വിളിപ്പിക്കുകയും തന്റെ ചാപ്പല്‍ പുരോഹിതനും, കുമ്പസാര വൈദികനുമായി നിയമിച്ചു. ഈ പാപ്പായുടെ ആവശ്യപ്രകാരമാണ് വിശുദ്ധന്‍ പാപ്പാമാരുടെ, പല സമിതികളിലായി ചിതറി കിടന്നിരുന്ന വിധികളും, പ്രമാണങ്ങളും, കത്തുകളും ഒരുമിച്ച് ചേര്‍ത്ത് ‘ഡിക്രീറ്റല്‍സ്’ എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥമാക്കി മാറ്റിയത്.

ഇതേ പാപ്പ തന്നെ വിശുദ്ധന് ടറാഗോണയിലെ മെത്രാപ്പോലീത്താ സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും അത് വളരെ എളിമയോടു കൂടി അദ്ദേഹം നിരസിച്ചു. കൂടാതെ, രണ്ടുവര്‍ഷത്തോളം വിശുദ്ധന്‍ വഹിച്ചു വന്ന ഡൊമിനിക്കന്‍ സഭയിലെ ജെനറല്‍ പദവിയും സ്വന്തം തീരുമാന പ്രകാരം ഉപേക്ഷിച്ചു. ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമനെ തന്റെ അധികാരപ്രദേശത്ത് ഒരു മതദ്രോഹ വിചാരണ കാര്യാലയം സ്ഥാപിക്കുവാനും വിശുദ്ധ റയ്മണ്ട് പ്രോത്സാഹിപ്പിച്ചു. ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങളും വിശുദ്ധന്റെ പേരിലുണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)