ff81

കൂട്ടായ്മയുടെ നോമ്പുകാലം...

കൂട്ടായ്മയുടെ നോമ്പുകാലം...

മനുഷ്യജീവിതത്തിന് ഏറെ പരിവർത്തനം സമ്മാനിച്ച ഒന്നാണ് സമൂഹ മാധ്യമങ്ങളുടെ കണ്ടുപിടുത്തം. ഇവയിൽ ഒരു പക്ഷെ, ആഗോള തലത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് വാട്ട്സ് ആപ്പ്. പരസ്പരം സംസാരിക്കുവാനും, ആശയങ്ങൾ കൈമാറുവാനും, അപ്രകാരം വിവിധങ്ങളായ സമൂഹങ്ങൾക്കും, കൂട്ടായ്മകൾക്കും രൂപം നൽകുവാനും ഈ സമൂഹ മാധ്യമം നമ്മെ ഏറെ സ്വാധീനിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്. ഈ മാധ്യമ മാർഗത്തിന്റെ ഒരു പ്രത്യേകതയാണ് വ്യക്തിപരമായി ഉൾക്കൊള്ളിക്കാവുന്ന സ്റ്റാറ്റസുകൾ. ജീവിതത്തിൽ നാം എന്താണെന്നും, എവിടെയാണെന്നും മറ്റുള്ളവരെ അറിയിക്കുവാൻ ഈ ഒരു മാർഗം നാം ചിത്രങ്ങളിലൂടെയും, എഴുത്തുകളിലൂടെയും ഉപയോഗപ്പെടുത്താറുണ്ട്. ഇവ കാണുന്ന മറ്റു വ്യക്തികൾക്ക് നമ്മുടെ ജീവിതത്തെ പറ്റി ഒരു അവലോകനം നടത്തുന്നതിനും ഈ സ്റ്റാറ്റസുകൾ സഹായിക്കുന്നു. ഇതുപോലെ ക്രൈസ്തവജീവിതത്തിൽ നമ്മുടെ സ്റ്റാറ്റസ് അവലോകനം ചെയ്യുന്നതിനും,  പുതുക്കുന്നതിനും, മറ്റുള്ളവരുമായുള്ള കൂട്ടായ്മ വർദ്ധിപ്പിക്കുന്നതിനുമുള്ള സമയമാണ് നോമ്പുകാലം.

നാം ആയിരിക്കുന്ന അവസ്ഥയെയും, ആയിരിക്കേണ്ട അവസ്ഥയെയും താരതമ്യം ചെയ്യുവാനും, നന്മയിലേക്ക് കൂടുതൽ വളരുവാനും ആത്മീയമായി ഒരുങ്ങേണ്ടുന്ന കാലഘട്ടവുമാണ് നോമ്പുകാലം.  ഒരു സ്റ്റാറ്റസ് പ്രസിദ്ധീകരിക്കുന്നതിന് എത്രയോ മുൻപ് തന്നെ അതിനുള്ള തെരഞ്ഞെടുപ്പുകളും, ഒരുക്കങ്ങളും നാം നടത്തുന്നു. നമ്മുടെ ജീവിതത്തിന്റെ മനോഹാരിത മറ്റുള്ളവർക്ക് തുറന്നുകാട്ടുന്നതിൽ എത്രയോ ശ്രദ്ധയാണ് നാം പുലർത്തുന്നത്. ഇതുപോലെതന്നെ നമ്മുടെ ആത്മീയതയുടെ മനോഹാരിത ദൈവത്തിനും മനുഷ്യനും മുൻപിൽ സംതൃപ്തിയോടുകൂടി തുറന്നുകാട്ടുന്നതിനു നമുക്കുള്ള സമയമാണ് നോമ്പുകാലം.  നമ്മുടെ  ജീവിതത്തെ ആഴത്തിൽ മനസിലാക്കുവാനും, വിശ്വാസാനുഭവത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുവാനും ഈ കാലഘട്ടം നമ്മെ സഹായിക്കുന്നു. ആധുനിക ലോകത്തിൽ ഇത്തരത്തിൽ ഒരു ആത്മീയ അനുഭവത്തിനു സാധ്യതയുണ്ടോ എന്ന് നമ്മിൽ പലരും  ചിന്തിച്ചേക്കാം.  

എന്നാൽ യേശുവിന്റെ നാല്പതു ദിവസത്തെ ഉപവസിച്ചുള്ള പ്രാർത്ഥന, പിതാവിന്റെ ഹിതം കുരിശിൽ പൂർത്തീകരിക്കുവാൻ അവനെ ശക്തിപ്പെടുത്തിയതുപോലെ, നമ്മുടെ ജീവിതത്തിലും, സഹനങ്ങളും, കുരിശുകളും വേദനകളും ഉണ്ടാകുമ്പോൾ അവയെ സന്തോഷത്തോടുകൂടി സ്വീകരിക്കണമെങ്കിൽ ഈ ഒരു ഉപവാസത്തിന്റെയും, പ്രായശ്ചിത്തത്തിന്റെയും, പ്രാർത്ഥനയുടെയും, പരിത്യാഗത്തിന്റെയും ദിനങ്ങളിലൂടെ കടന്നുപോയെ തീരൂ. നോമ്പുകാലത്തെ പറ്റിയുള്ള ചിന്തകൾ പങ്കുവയ്ക്കുമ്പോൾ, ബൃഹത്തായ ബൗദ്ധികമായ ആശയങ്ങൾക്കുമപ്പുറം, ജീവിത ഗന്ധിയായ ആത്മീയചിന്തകളാണ് ഏറെ ഉത്തമം. അതിനാൽ മൂന്ന് തലത്തിലുള്ള നോമ്പുകാല ഒരുക്കങ്ങളെ പറ്റി നമുക്ക് ചിന്തിക്കാം.

നോമ്പുകാലം സംഭാഷണങ്ങളുടെ കാലം

സംഭാഷണങ്ങളുടെ മഹനീയതയും, ആവശ്യകതയും നമ്മുടെ ക്രൈസ്തവജീവിതത്തിൽ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കേണ്ടുന്ന കാലമാണ് നോമ്പുകാലം. സംഭാഷണങ്ങളുടെ മൂല്യം കുറച്ചുകാണിക്കുന്ന ആധുനിക യുഗത്തിൽ, നോമ്പുകാലം സംഭാഷണം മുൻപോട്ടു വയ്ക്കുന്നുവെന്നു പറയുമ്പോൾ അതിന്റെ ഇരുമാനങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. സമാന്തരമായതും, ലംബമായതുമായ ഇരു രേഖകൾ പോലെയാണ് സംഭാഷണപുണ്യത്തെ നോമ്പുകാലത്തെ ഉൾക്കൊള്ളേണ്ടത്. ഇത് ദൈവവുമായും, സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധത്തെയും കൂട്ടായ്മയെയും സൂചിപ്പിക്കുന്നു. യേശു മരുഭൂമിയിൽ നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കുന്ന അവസരത്തിൽ, അവൻ തന്റെ പിതാവുമായി നിരന്തരം സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഈ സംഭാഷണത്തെയാണ് പ്രാർത്ഥനയെന്നു നാം വിളിക്കുന്നത്. ദൈവത്തോടുള്ള സംഭാഷണം പ്രാർത്ഥനയാണെങ്കിൽ, സഹോദരങ്ങളുമായുള്ള സംഭാഷണം പ്രാർത്ഥനയുടെ പ്രവൃത്തിരൂപമാണ്.   

ജീവിതത്തിൽ നാം നേരിടുന്ന പോരാട്ടങ്ങളിൽ വിശ്വാസം കാത്തുസൂക്ഷിക്കുവാനും, പ്രത്യാശയോടെ സാക്ഷികളായി തീരുവാനും ഈ ഇരു മാനങ്ങളിലുമുള്ള സംഭാഷണം കൂടിയേ തീരൂ. ദൈവവുമായുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഈ സംഭാഷണത്തിന് , വാക്കുകൾക്കുമപ്പുറം ജീവിതം തന്നെയാണ് ഉപകാരണമാകുന്നത്. ഭാരതീയ തത്വചിന്തയിലുള്ള, "തൈലധാരാവത് അവിച്ഛിന്ന സ്മൃതി", എന്ന വാചകമാണ് പ്രാർത്ഥനയെ നിർവ്വചിക്കുവാൻ അനുയോജ്യമായ വാക്കുകൾ. ഒഴുകിയിറങ്ങുന്ന തൈലം പോലെ ഇടമുറിയാത്ത ബന്ധം ദൈവവുമായി കാത്തുസൂക്ഷിക്കുന്നതാണ് യഥാർത്ഥ സംഭാഷണം. അതായത് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ദൈവത്തെ പറ്റിയുള്ള സ്മരണയിൽ ജീവിച്ചുകൊണ്ട്, ആ സ്മരണയുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ പരിശ്രമിക്കുമ്പോഴാണ് നോമ്പുകാലം ഫലപ്രദമാകുന്നത്.ചില ഭക്ഷ്യവസ്തുക്കൾ മാത്രം പരിത്യജിച്ചതുകൊണ്ടോ, പേരിനുവേണ്ടി ഏതാനും കാര്യങ്ങൾ ചെയ്തതുകൊണ്ടോ നോമ്പുകാലം ഫലപ്രദമാകുന്നില്ല. മറിച്ച് സംഭാഷണം ജീവിക്കുന്നതിനും, അതുവഴി അനേകരുടെ ജീവിതത്തിൽ യേശുവിന്റെ സന്തോഷം നൽകുവാനും സാധിക്കുമ്പോഴാണ് ഈ കാലത്തിന്റെ അർത്ഥം  നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ  പ്രാവർത്തികമാവുകയുള്ളൂ.

ഇന്ന് അത്യാധുനിക സംവിധാനങ്ങളും, സമൂഹമാധ്യമങ്ങളുമെല്ലാം മനുഷ്യർ തമ്മിലുള്ള അകലം ഏറെ കുറച്ചുവെങ്കിലും, നിർമിതബുദ്ധി വഴിയായി സാങ്കല്പികമായ ഒരു പൂർണ്ണ മായാലോകം തീത്തുവെങ്കിലും, മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ അടങ്ങാത്ത ആഗ്രഹമായി അവശേഷിക്കുന്നത്, തങ്ങളെ ശ്രവിക്കുന്ന ഒരു അപരനേയും, തങ്ങളെ മനസിലാക്കുന്ന സഹോദരങ്ങളെയുമാണ്. സമയമില്ലാതെ എന്തിനോവേണ്ടി അലയുന്ന മനുഷ്യജീവനുകൾ അവസാനം നിരാശയുടെയും, അസന്തോഷത്തിന്റയും പടുകുഴിയിൽ വീണുപോകുന്ന അവസ്ഥകളും നമുക്ക് ഏറെ പരിചിതമാണ്. ഈ ഒരുസാഹചര്യത്തിൽ, സംഭാഷണം ക്രൈസ്തവ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വർണ്ണനാതീതമാണ്.

അതുകൊണ്ട്, യേശു തന്റെ പരസ്യജീവിതകാലത്ത് പിതാവിനോടും, സഹജരോടും സംഭാഷണം നടത്തിയതുപോലെ ഈ നോമ്പുകാലത്ത് , മറ്റുളവർക്കുവേണ്ടി നമ്മുടെ സമയവും, ഊർജ്ജവും വ്യയം ചെയ്തുകൊണ്ട്, അപരനിലേക്ക് ഇറങ്ങിച്ചെല്ലുവാൻ നമുക്ക് സാധിക്കണം. ഫ്രാൻസിസ് പാപ്പാ തന്റെ പത്രോസിനടുത്ത അജപാലനശുശ്രൂഷ ആരംഭിച്ച നാളിൽ നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറയുകയുണ്ടായി, " മറ്റുള്ളവരെ കണ്ടുമുട്ടാൻ, പ്രാന്തപ്രദേശങ്ങളിലേക്ക്, ഏറ്റവും അകലെയുള്ളവരിലേക്ക്, ആശ്വാസത്തിന്റെയും സഹായത്തിന്റെയും സന്ദേശമെത്തിക്കുവാൻ നാം നമ്മിൽ നിന്നുതന്നെ പുറത്തുകടക്കണം." ഇപ്രകാരം സംഭാഷണങ്ങളുടെ അടിസ്ഥാനം നമ്മിൽ നിന്നും, നമ്മുടെ അഹന്തയിൽ നിന്നും, അസൂയയിൽ നിന്നും, വ്യക്തിചിന്തയിൽ നിന്നും, അഹത്തിൽ നിന്നും പുറത്തുകടന്നുകൊണ്ട് ദൈവത്തിങ്കലേക്കും, സഹജരിലേക്കും കടന്നുചെല്ലുന്ന പുറപ്പാടിന്റേതാണ്. ഇതിനു നമ്മെ ശക്തിപ്പെടുത്തുന്നതാണ് നോമ്പുകാലത്തിന്റെ ആത്മീയത.

നോമ്പുകാലം മധ്യസ്ഥതയുടെ കാലഘട്ടമാണ്

യേശു ഈ ലോകത്തിലേക്ക് കടന്നുവന്നത് അപ്രതീക്ഷിതമോ, ആകസ്മികമോ ആയ ഒന്നായിരുന്നില്ല മറിച്ച്, അവന്റെ വരവിന്റെ ലക്‌ഷ്യം പിതാവിന്റെ ഹിതം പൂർത്തീകരിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന ഈശോയുടെ ജീവിതത്തിന്റെ ഏടുകൾ കുരിശിന്റെ വഴിയുടേതായിരുന്നു. എന്നാൽ ഈ സഹനങ്ങളെയെല്ലാം യേശു തന്റെ ശരീരത്തിൽ സ്വീകരിക്കുമ്പോൾ അവനറിയാം ഇതൊന്നും തനിക്കുവേണ്ടിയായിരുന്നില്ല എന്നുള്ളത്. ഇത് ഒരു മധ്യസ്ഥതയുടെ ക്രിസ്തുമാർഗമാണ്. ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഒരു പാലം പോലെ തന്റെ ശരീരവും രക്തവും  നൽകിക്കൊണ്ട്, അവൻ കൂട്ടായ്മയുടെ അനുഭവം പങ്കുവച്ചു. മധ്യസ്ഥത വഹിക്കുന്നതിനും, മനുഷ്യരുടെ പ്രാർത്ഥനകൾ ദൈവത്തിങ്കലേക്ക് ഉയർത്തുന്നതിനും, ദൈവത്തിന്റെ അനുഗ്രഹങ്ങൾ മനുഷ്യരിലേക്ക് എത്തിക്കുന്നതിനും, ഓരോരുത്തരും പരിശ്രമിക്കേണ്ടുന്ന കാലഘട്ടമാണ് നോമ്പുകാലം. ഏതൊരു മധ്യസ്ഥതയും നീതിയുടെ അടിസ്ഥാനത്തിലാണ് നടത്തപ്പെടേണ്ടത് എന്ന അടിസ്ഥാനമൂല്യവും ഇവിടെ എടുത്തുപറയേണ്ടതാണ്. യേശു സിനഗോഗിൽ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, അവനു നൽകപ്പെട്ട ഏശയ്യാ പ്രവാചകന്റെ വചനങ്ങൾ എന്താണ് യഥാർത്ഥ മധ്യസ്ഥത എന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. "കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു." (ലൂക്ക 4, 18- 19 ). ഇപ്രകാരം മറ്റുള്ളവർക്കുവേണ്ടി മോശയെപ്പോലെ സ്വർഗത്തിലേക്ക് കരങ്ങളുയർത്തുവാനും  പാവപ്പെട്ടവനുവണ്ടി മറ്റുള്ളവരോട് യാചിക്കുവാനും ഈ നോമ്പുകാലം നമ്മെ ശക്തിപ്പെടുത്തണം.

മധ്യസ്ഥതയുടെ ഏറ്റവും വലിയ ഭാവമാണ് അനുരജ്ഞനം എന്നുള്ളത്. മനുഷ്യർ തമ്മിലും, മനുഷ്യനും ദൈവവുമായും അനുരജ്ഞനം സാ ധ്യമാക്കുക എന്നത് ഓരോ ക്രൈസ്തവന്റെയും കടമയാണ്. രക്തസാക്ഷികളുടെ ജീവിതത്തിൽ ഇത്തരം അനുരജ്ഞനങ്ങളുടെ നന്മ നിറഞ്ഞ അനുഭവങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. വിശുദ്ധ എസ്തപ്പാനോസിനെപോലെ, വിശുദ്ധ മരിയ ഗൊരേത്തിയെപ്പോലെ, വാഴ്ത്തപ്പെട്ട റാണി മരിയയെപോലെ, തങ്ങളുടെ ജീവൻ വെടിയുന്ന നേരത്തെ വേദനക്ക് നടുവിലും തങ്ങളെ ഉപദ്രവിച്ചവർക്കുവേണ്ടി, പ്രാർത്ഥിക്കുവാനും അവർക്കുവേണ്ടി ദൈവത്തോട് മാധ്യസ്ഥ്യം യാചിക്കുവാനും സാധിച്ചതിന്റെ ഫലമായായിട്ടാണ് പിന്നീട്, ഉപദ്രവിച്ചവർ അനുരജ്ഞനത്തിന്റെ പാതയിൽ മനസാന്തരത്തിന്റെ അനുഭവത്തിലേക്ക് കടന്നു വരുന്നത്. ഇത്തരത്തിൽ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ഒരു മധ്യസ്ഥജീവിതത്തിനാണ് നോമ്പുകാലം നമ്മെ ക്ഷണിക്കുന്നത്.

നോമ്പുകാലം നമ്മിലേക്ക് തന്നെ നോക്കുവാനുള്ള അവസരം

മൂന്നാമത്, നോമ്പുകാലത്തിന്റെ ചൈതന്യം നമ്മിലേക്ക് തന്നെ നോക്കുവാനുള്ള ഒരു അവസരമാണ്. നോമ്പുകാലം ശുദ്ധീകരിക്കപ്പെട്ട ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകണമെങ്കിൽ, ആദ്യം നമ്മുടെ  കുറവുകളെ മനസിലാക്കുകയും, അവയിൽ ദൈവത്തിന്റെ സ്നേഹം നിറക്കുവാനായി  പരിശ്രമിക്കുകയും  ചെയ്യണമെന്ന് വചനം തന്നെ നമ്മെ പഠിപ്പിക്കുന്നു. "സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെടുകയും സുവിശേഷത്തിൽ വിശ്വസിക്കുകയും ചെയ്യുക” എന്ന വിശുദ്ധ  മർക്കോസിന്റെ സുവിശേഷത്തിലെ വചനങ്ങൾ, ജീവിതത്തിൽ നമ്മെ തന്നെ മാറ്റേണ്ടതിന്റെ ആവശ്യകതയാണ് അടിവരയിടുന്നത്. ആരാധനാക്രമ വർഷത്തിന്റെ രഹസ്യത്തിൽ നോമ്പുകാലം എത്രത്തോളം പ്രധാനമാണെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ആത്മാർത്ഥതയും, എളിമയും നിറഞ്ഞതും തുറന്ന മനസോടെയുമുള്ള ഏറ്റുപറച്ചിലും ആത്മശോധനയും ഹൃദയത്തിന്റെ ആരാധനയാണ്. നോമ്പുകാലം നമ്മെ ആത്മാവിന്റെ മരുഭൂമിയിലേക്ക് വിളിക്കുന്നു. ഇവിടെ ആത്മപരീക്ഷയ്ക്ക് നമ്മെ ഒരുക്കുവാൻ ദൈവത്തിന്റെ സ്വരം നാം കേൾക്കണം. മനുഷ്യർ ഭൂമിയിലെ പൊടിയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും നമ്മുടെ ശരീരങ്ങൾ ആ രൂപത്തിലേക്ക് തിരികെ വരുമെന്നും തിരിച്ചറിയുന്നതിലൂടെ ജീവിതത്തിന്റെ നശ്വരതയെയും എന്നാൽ ദൈവസ്നേഹത്താൽ നമ്മുടെ ആത്മാക്കൾ സ്വീകരിച്ച അനശ്വരതയെയും മനസിലാക്കുവാൻ ഈ ആത്മപരിശോധന നമ്മെ ഏറെ സഹായിക്കും.

പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമര്‍പ്പിച്ച ഈശോയെപ്പോലെ നമ്മുടെ ദുരാശകളെ ഉന്മൂലനം ചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാര്‍ത്ഥനയിലും ആത്മാര്‍ത്ഥതയുള്ള ഉപവാസത്തിലും ഔദാര്യപൂര്‍വ്വകമായ ദാനധര്‍മ്മ പ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേക്കു പ്രവേശിച്ച ഈശോയെപ്പോലെ നമുക്കു പാപത്തിനു മരിച്ച് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം.

കടപ്പാട് : ഫാ. ജിനു തെക്കേത്തലക്കൽ

 


Comment As:

Comment (0)