March 01: വിശുദ്ധ ആല്‍ബിനൂസ്.
March 01: വിശുദ്ധ ആല്‍ബിനൂസ്.
തന്‍റെ ബാല്യത്തില്‍ തന്നെ അപാരമായ ദൈവഭക്തി വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നു. യുവാവായിരിക്കെ, തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി, വിശുദ്ധന്‍ ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. അല്‍ബിനൂസ് ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും അദ്ദേഹം സ്വീകരിക്കുകയും യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിക്കുകയും ചെയ്തു. 'യേശുവിനു വേണ്ടി ജീവിക്കുക' എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ്ണ അര്‍പ്പണവും, മാതൃകാപരമായ ജീവിതവും വിശുദ്ധനേ മറ്റു സന്യാസിമാരുടെ ബഹുമാനത്തിനു പാത്രമായി. അദ്ദേഹത്തിന് 35 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ടിന്‍ടില്ലന്റ് ആശ്രമാധിപനായി വിശുദ്ധന്‍ നിയമിതനായി. അദ്ദേഹത്തിന്റെ നല്ല ഭരണത്തിന്‍ കീഴില്‍ ആ ആശ്രമം വളരെയേറെ വികസിക്കുകയും അവിടത്തെ സന്യാസിമാര്‍ വിശുദ്ധന്റെ ആദ്ധ്യാത്മികതയാല്‍ പരിപോഷിക്കപ്പെടുകയും ചെയ്തു.
25 വര്‍ഷത്തോളം ആശ്രമാധിപതിയായി ചിലവഴിച്ചതിനു ശേഷം 529-ല്‍ ആങ്ങേഴ്സിലെ മെത്രാനായി വിശുദ്ധന്‍ നാമകരണം ചെയ്യപ്പെട്ടു. രാജ്യഭരണാധികാരികള്‍ പലപ്പോഴും വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരു മെത്രാനെന്ന നിലയില്‍ അല്‍ബിനൂസ് തന്റെ ദൈവജനത്തിന്‍റെ ക്ഷേമത്തിനായി അക്ഷീണം പരിശ്രമിച്ചു. അവര്‍ക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
രാജാവായ ചില്‍ഡെബെര്‍ട്ടിന്റെ സഹായത്തോടെ വിശുദ്ധന്‍ ഒര്‍ലീന്‍സില്‍ രണ്ടു ആലോചനാ സമിതികള്‍ വിളിച്ചു കൂട്ടുകയും, കുടുംബങ്ങളില്‍ നടന്നു വന്നിരുന്ന നിഷിദ്ധമായ വിവാഹങ്ങളേ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. ഇതിനിടെ വിശുദ്ധന്റെ രൂപത വിജാതീയരാല്‍ ആക്രമിക്കപ്പെടുകയും, നിരവധി പൗരന്‍മാര്‍ അടിമകളാക്കപ്പെടുകയും ചെയ്തു. ആ സമയങ്ങളില്‍ വിശുദ്ധ അല്‍ബിനൂസ് മോചനദ്രവ്യം നല്‍കി നിരവധി അടിമകളെ മോചിപ്പിക്കുകയും, ദരിദ്രര്‍ക്കും രോഗികള്‍ക്കും ഉദാരമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.