എക്കാലത്തേയും പ്രധാനപ്പെട്ട വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധനെ കണക്കാക്കുന്നത്.
സഭാ വിശ്വാസത്തിന്റെ സംരക്ഷകനും അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന വിശുദ്ധ അത്തനാസിയൂസ് തന്റെ ജീവിതകാലം മുഴുവനും അരിയാനിസമെന്ന മതവിരുദ്ധവാദത്തിന്റെ ശക്തനായിരുന്ന എതിരാളിയായിരുന്നു. 325-ലെ നിസിയാ സമിതിയില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും സമിതിയുടെ തീരുമാനമനുസരിച്ചുള്ള വിശ്വാസരീതിയുമായി തന്റെ ജീവിതകാലം മുഴുവനും ജീവിക്കുകയും ചെയ്തു.
വിശുദ്ധന്‍ ഒരു രക്തസാക്ഷിയായിട്ടല്ല മരിച്ചതെങ്കിലും, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജീവിതം ഒരു രക്തസാക്ഷിത്വം തന്നെയായിരുന്നു. യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന അരിയാനിസത്തിനെതിരായ യുദ്ധത്തില്‍ വിശുദ്ധന്‍ സഭയുടെ ഒരു ധീരനായകനായിരുന്നു. 325-ലെ നിസിയ സമിതിയില്‍ ഒരു യുവ ഡീക്കണായി പങ്കെടുക്കുമ്പോള്‍ തന്നെ അരിയാനിസത്തിന്റെ ശക്തനായ എതിരാളിയും സഭയുടെ വിശ്വാസത്തിന്റെ ശക്തനായ സംരക്ഷകനുമെന്ന നിലയിലും വിശുദ്ധന്‍ അംഗീകരിക്കപ്പെട്ടിരുന്നു.
328-ല്‍ അവിടത്തെ മെത്രാന്റെ മരണത്തേ തുടര്‍ന്ന് മുഴുവന്‍ സഭാമക്കളും ഒരേ മനസ്സും ഒരേ ആത്മാവും, ഒരേ ശരീരവുമായി അത്തനാസിയൂസിനെ മെത്രാനാക്കണമെന്ന് ആഗ്രഹിച്ചു. മരണശയ്യയില്‍കിടക്കുന്ന അലെക്സാണ്ടര്‍ വിശ്വാസികളുടെ ആഗ്രഹത്തെ പിന്തുണച്ചു. മാത്രമല്ല, വിശുദ്ധനെ നന്മയുള്ളവനും, വിശുദ്ധിയുള്ളവനും, സന്യാസിയും, ഒരു യഥാര്‍ത്ഥ മെത്രാനുമായി സകലരും വാഴ്ത്തിയിരുന്നു
തന്റെ ജീവിതകാലം മുഴുവനും ദൈവാനുഗ്രഹത്താല്‍ ദുരിതങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ജീവിച്ച വിശുദ്ധന്‍, എഡി 373 ല്‍ വലെന്‍സ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അലെക്സാണ്ട്രിയായില്‍ വെച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു