ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു.
ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു.
ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.
പാക്കിസ്ഥാന് ജലം നല്‍കിയില്ലെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, പ്രകോപന പരാമര്‍ശവുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും രംഗത്തെത്തി. സിന്ധൂനദീജല കരാറില്‍നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സിന്ധു നദിയിലെ ജലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വെള്ളം ലഭിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. അതിനിടെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി സൈനിക തലത്തില്‍ ഇന്ത്യ ഉടന്‍ നല്‍കുമെന്നാണ് സൂചനകള്‍. ഇതിനുള്ള പദ്ധതികള്‍ ഡല്‍ഹിയില്‍ തയ്യാറാക്കുകയാണ്.
സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാന്‍ നേതാക്കളെത്തുമ്ബോള്‍ ഇന്ത്യയുടെ നീക്കം നിര്‍ണ്ണായകമായി എന്ന് കൂടി വ്യക്തമായി. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു. അതായത് സിന്ധു നദിയിലെ വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് പാക്കിസ്ഥാന്‍. അതിനിടെ നദിജല കാര്‍ മരവിപ്പിച്ചത് ഔദ്യോഗികമായി പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചു. പാക് മന്ത്രിയുടെ ആണവ ഭീഷണിക്ക് പിന്നാലെയാണ് ഇത്. പാക്കിസ്ഥാന് നല്‍കിയ നയതന്ത്രക്കുറിപ്പോടെ ഇന്ത്യ പ്രശ്‌നങ്ങളെ ഏത് തലത്തില്‍ വേണമെങ്കിലും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാകുകയാണ്.