app107

ഫ്രാന്‍സിസ് പാപ്പാ ചരിത്രമാകുമ്പോള്‍

ഫ്രാന്‍സിസ് പാപ്പാ ചരിത്രമാകുമ്പോള്‍

............................................
ഈശോമിശിഹായുടെ ശിഷ്യനായിരുന്ന പത്രോസ് സ്ലീഹായ്ക്ക്  സഭയിലുണ്ടായിരുന്ന പ്രഥമദൗത്യം സഭയെ ഐക്യത്തിൽ നിലനിര്‍ത്തുക എന്നതായിരുന്നു. "എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക" എന്ന് ഈശോ മൂന്നു പ്രാവശ്യമാണ് പത്രോസിനോട് ആവശ്യപ്പെട്ടത്. പത്രോസിനു സഭയിലുള്ള പ്രഥമസ്ഥാനമാണ് ഈ "ട്രിപ്പിള്‍ കമ്മീഷനില്‍" (triple commission) വെളിപ്പെടുന്നത്. ആദിമസഭയില്‍ പരിഛേദനത്തിനു വിധേയപ്പെട്ട യഹൂദരും അപരിഛേദിതരായ വിജാതീയരും ഒരുപോലെ അംഗങ്ങളായിരുന്നു. എന്നാല്‍ "പരിഛേദിതരുടെ സഭ" (First Church of the Circumcision), "അപരിഛേദിതരുടെ സഭ" (First Church of the Gentiles) എന്നിങ്ങനെ വിഭജിക്കപ്പെടാതെ "സഭ ഏകമാണെന്ന" അവബോധം ആദിമസഭ മുതല്‍ വിശ്വാസികളില്‍ രൂപ്പപെടുവാന്‍ ഇടയായത് പത്രോസിന്‍റെ ശുശ്രൂഷയുടെ മികവാണെന്നു പ്രമുഖ തിയോളജിയന്‍ ഡോ ജോണ്‍ ബെഗ്സമ വിലയിരുത്തുന്നു (Stunned by Scripture, How the Bible Made me Catholic, Dr John  Bergsma, page 31). 

പത്രോസിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ റോമാ രൂപതയുടെ മെത്രാന്‍ ആഗോളസഭയില്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ സഭയില്‍ ഐക്യം നിലനിര്‍ത്തുക എന്നതാണ്. പത്രോസിനു നൽകപ്പെട്ട ഈ വിശേഷാധികാരം തന്‍റെ പിന്‍ഗാമികളിലേക്കും കൈമാറ്റപ്പെടുന്നുണ്ട്. അതിനാല്‍ "എല്ലാ സഭകളും റോമാ സഭയോടു ചേര്‍ന്നു നില്‍ക്കണം" എന്നാണ് സഭാ പിതാവായിരുന്ന ഐറേണിയസ് (എ.ഡി 180) Against Heresies, Book III, Chapter 3) എന്ന ഗ്രന്ഥത്തില്‍ ആവശ്യപ്പെടുന്നത്. 

✝️ലോകത്തിന്‍റെ മനഃസാക്ഷിയായ പാപ്പാ

പത്രോസ് സ്ലീഹാ വലിയ ഇടയനെന്ന  അധികാരസ്ഥാനമായിരുന്നു തന്‍റെ ശുശ്രൂഷാ കാലത്ത്  വഹിച്ചിരുന്നത്. എന്നാൽ ഒന്നാം നൂറ്റാണ്ടില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു ലോകക്രമം നിലനില്‍ക്കുന്ന 21-ാം നൂറ്റാണ്ടിലാണ്  ഈ അധികാരം 266-ാമനായ ഫ്രാന്‍സിസ് പാപ്പായില്‍ എത്തിച്ചേര്‍ന്നത്. ലോകഗതിയില്‍ വിപ്ലവകരമായ മാറ്റങ്ങളും   വെല്ലുവിളികളുമാണ് മനുഷ്യവംശം ഓരോ ദിവസവും നേരിടുന്നത്. ദിശാബോധം നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിലേക്കു നീങ്ങുമ്പോൾ ലോകം ഉറ്റുനോക്കുന്നത് റോമിലേക്കാണ്. ഭരണാധികാരികളും രാജാക്കന്മാരും മതനേതാക്കളും എല്ലാം റോമിലേക്കു നോക്കുന്നവരുടെ  കൂട്ടത്തിലുണ്ട്. പത്രോസിന്‍റെ പിന്‍ഗാമിയില്‍ നിന്നുയരുന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ധാര്‍മ്മികതയുടെയും ശബ്ദത്തിന് ''തെറ്റുപറ്റില്ലെന്ന്" സഭ മാത്രമല്ല, ലോകവും തിരിച്ചറിഞ്ഞിരിക്കുന്നു. 

ഫ്രാന്‍സിസ് പാപ്പായുടെ മരണത്തിനു ശേഷം ഇംഗ്ലണ്ടില്‍ "ദി ഗാര്‍ഡിയന്‍" പത്രത്തിലെ ഒരു ലേഖനത്തിന്‍റെ തലക്കെട്ടു തന്നെ The global south has lost its pope. The world has lost its conscience എന്നായിരുന്നു. "ഫ്രാന്‍സിസ് പാപ്പാ നമ്മുടെ മനഃസാക്ഷിയോടായിരുന്നു സംസാരിച്ച"തെന്നാണ് Indian Express -ലെ ലേഖനത്തിൻ്റെ ശീർഷകം. "പോപ്പ് ഫ്രാന്‍സിസ് ലോകത്തിന്‍റെ മനഃസാക്ഷി" (Pope Francis, Conscience of the World) എന്ന പേരാണ് John Raymaker and Gerry Gruzden ചേര്‍ന്ന് പോപ്പ് ഫ്രാന്‍സിസിനെക്കുറിച്ചെഴുതിയ ഗ്രന്ഥത്തിനു നൽകിയ പേര്. വാസ്തവത്തിൽ  സഭയുടെ മനഃസാക്ഷിയുടെ ശബ്ദമാണ്  ഫ്രാന്‍സിസ് പാപ്പായിലൂടെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം  ലോകം കേട്ടത്.

2016-ലെ പെസഹായില്‍ അദ്ദേഹം കാലുകഴുകി ചുംബിച്ചത് മുസ്ലിം, ഹിന്ദു, ക്രിസ്റ്റ്യന്‍ അഭയാര്‍ത്ഥികളുടെ പാദങ്ങളായിരുന്നു. ഒരു മുസ്ലിം സ്ത്രീയും അക്കൂട്ടത്തില്‍ കാണപ്പെട്ടു. വയോധികനായ പാപ്പാ വെണ്‍കച്ചയും അരയില്‍ ചുറ്റി നിലത്തിരുന്ന് പാദം കഴുകുകയും ആ പാദത്തില്‍ ചുംബിക്കുകയും ചെയ്യുന്ന ചിത്രത്തില്‍  നിറകണ്ണുകളോടെയല്ലാതെ ആർക്കും  നോക്കാൻ കഴിയില്ല (ചിത്രം കമൻ്റ് ബോക്സിൽ)

✝️ അഭയാര്‍ത്ഥികളും 
ഫ്രാന്‍സിസ് പാപ്പായും

റോമില്‍ വത്തിക്കാന്‍ ചത്വരത്തിന്‍റെ വടക്കേ കോണില്‍ ഒരു ശില്‍പ്പമുണ്ട്. "അറിയപ്പെടാത്ത ദൂതന്മാര്‍" (Angels Unawares) എന്നാണതിന്‍റെ പേര് (ചിത്രം 2 കമൻ്റ് ബോക്സിൽ). 2019 സെപ്റ്റംബര്‍ 29ന് 105-ാമത് ലോക കുടിയേറ്റ, അഭയാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ അനാഛാദനം ചെയ്തതാണ് ഈ ശില്‍പ്പം. ചെറിയൊരു ബോട്ടില്‍  തിങ്ങിനിറഞ്ഞിരിക്കുന്ന 140 അഭയാര്‍ത്ഥികളാണ് ഈ ശില്‍പ്പത്തിലുള്ളത്. ആഗോളതലത്തില്‍ രാഷ്ട്രീയ, മത, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവരെയാണ് ഈ ശില്‍പ്പത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹെബ്രായ ലേഖനത്തില്‍ പറയുന്നു "ദൈവദൂതന്‍മാരെ അറിയാതെ സത്കരിച്ചവരുണ്ടെന്ന്" (13:2). ഈ വചനമാണ് പ്രസ്തുത ശില്‍പ്പത്തിന്‍റെ സൃഷ്ടിപശ്ചാത്തലം.

ഉണ്ണിയേശുവിനെയുമെടുത്ത് അഭയാര്‍ത്ഥികളായി യൗസേഫ് പിതാവും  ദൈവമാതാവും ഈജിപ്തിലേക്കു പലായനം ചെയ്തതിനെയും റോമാക്കാരുടെയും ഹിറ്റ്ലറുടെയും പീഡനത്തില്‍നിന്ന് രക്ഷനേടാന്‍ ലോകം മുഴുവന്‍ അലഞ്ഞ യഹൂദജനത്തെയും സിറിയന്‍ അഭയാര്‍ത്ഥികളെയുമെല്ലാം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ശില്‍പ്പം. അഭയാര്‍ത്ഥികളില്‍ ആരും തിരിച്ചറിയാത്ത ദൂതന്മാരുണ്ടെന്ന വചനത്തെ ഹൃദയപൂര്‍വ്വം കൈക്കൊണ്ട് അഭയാര്‍ത്ഥികളെ  സ്വീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ യൂറോപ്യന്‍ ജനതയോട് ആഹ്വാനം ചെയ്തു.  ഇക്കൂട്ടത്തില്‍ മരണത്തിന്‍റെ ദൂതന്മാരും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. എന്നാൽ,  ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട പച്ചയായ മനുഷ്യനെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ.

അതിദാരുണമായ കൊലപാതകമാണ് തന്നെ കാത്തിരിക്കുന്നതെന്നു മുന്‍കൂട്ടിയറിഞ്ഞിട്ടും ക്രൂശിക്കപ്പെടാന്‍ വേണ്ടി ലോകത്തിലേക്കു വന്ന ഇശോമശിഹായെ അനുസ്മരിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു മാർപാപ്പായുടെ അഭയാർത്ഥി നയം.  അഭയാര്‍ത്ഥികളില്‍ മതതീവ്രവാദികളുണ്ടാകുമെന്നും അവര്‍ അക്രമം അഴിച്ചുവിടുമെന്നും യൂറോപ്പിന് അവര്‍ തലവേദനയാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയ്ക്ക് സ്നേഹത്തിന്‍റെ യാനമേയുള്ളൂ എന്ന സന്ദേശമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്. മതവെറി പൂണ്ട് മതഭ്രാന്തന്മാര്‍  നിരപരാധികളെ കൊന്നുതള്ളുന്ന  ഇക്കാലത്ത് "ക്രിസ്തുവിൻ്റെ വികാരി" (Vicar of Christ) എന്ന   സ്ഥാനത്തിരുന്ന് തൻ്റെ ദൗത്യം നിർവ്വഹിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ച നിലപാടുകള്‍ ഇസ്ളാമിക്‌, ഇടത്, ലിബറലുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. മാര്‍പാപ്പായുടെ ഈ തീരുമാനത്തെ അവര്‍ വാഴ്ത്തിപ്പാടി. എന്നാല്‍ അതോടൊപ്പം, ഈ തീരുമാനത്തിന്‍റെ പേരില്‍ ക്രൈസ്തവ സഭയില്‍ അദ്ദേഹത്തിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു. അഭയാര്‍ത്ഥി പ്രവാഹത്തിന്‍റെ പേരില്‍ യൂറോപ്പില്‍ തീവ്രവലതുപക്ഷം രൂപംകൊള്ളുന്നതിന് മാര്‍പാപ്പായുടെ ആഹ്വാനം കാരണമായി എന്നു കരുതുന്നവരാണ് ഏറെയും. യൂറോപ്പിന്‍റെ രാഷ്ട്രീയത്തെ മാര്‍പാപ്പായുടെ തീരുമാനം മാറ്റിമറിച്ചങ്കിലും മനുഷ്യനെ ക്രിസ്തുവിൻ്റെ കണ്ണിലൂടെ കാണുവാനേ അദ്ദേഹം ശ്രമിച്ചുള്ളൂ. 

ശിരോവസ്ത്രത്തിനിടയിലൂടെ ഏതാനും തലനാരിഴകൾ കണ്ടെന്നു പറഞ്ഞ് പാവം സ്ത്രീകളെ ഭീകരമായി ആക്രമിച്ചു കൊന്നൊടുക്കുന്ന ആയത്തുള്ളമാരുടെ ലോകത്തില്‍ സ്ത്രീയുടെ കാല്‍ കഴുകി അതില്‍ ചുംബിക്കുന്ന ക്രിസ്തുശിഷ്യനെ നമ്മൾ ഫ്രാൻസിസ് പാപ്പായിൽ കണ്ടു.   സമ്മാനം വാങ്ങാനെത്തിയ പിഞ്ചുബാലികയെ വേദിയില്‍നിന്നിറക്കിവിട്ട ഉസ്താദുമാർ ജീവിക്കുന്ന ലോകത്തിൽ സ്ത്രീത്വത്തെ ആദരിക്കുന്ന പാപ്പാ വ്യത്യസ്തനായിരുന്നു. ഈ ക്രിസ്തുശിഷ്യന്‍റെ മരണത്തില്‍ സത്യത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും പ്രവാചക ശബ്ദം നിലച്ചുപോയെന്ന്  ലോകത്തിനു തോന്നുക സ്വഭാവികം! 

തന്‍റെ ശുശ്രൂഷാ കാലഘട്ടം മുഴുവന്‍ ക്രിസ്തുവിൻ്റെ മുഖമായി,  ലോകമനഃസാക്ഷിയുടെ കരുത്തുറ്റ ശബ്ദമായി നിലകൊണ്ട് വിജയകിരീടം ചൂടി കടന്നുപോകുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍!

✝️ മാര്‍പാപ്പായും വിമര്‍ശനങ്ങളും

മാര്‍പാപ്പായുടെ അപ്രമാദിത്വം (infallibility) സംബന്ധിച്ച് വലിയ തെറ്റിദ്ധാരണയാണ് പലര്‍ക്കുമുള്ളത്. "ക്രിസ്തുവിന്‍റെ അപ്രമാദിത്വത്തില്‍ പങ്കുപറ്റുന്ന വ്യക്തി" എന്ന നിലയിലാണ് സഭയില്‍ മാര്‍പാപ്പായുടെ അപ്രമാദിത്വാധികാരം നിലനില്‍ക്കുന്നത്. "സത്യവിശ്വാസത്തെ സംബന്ധിച്ചോ ക്രൈസ്തവ ധാര്‍മ്മികതയെ സംബന്ധിച്ചോ മാര്‍പാപ്പാ തന്‍റെ പ്രബോധനാധികാരമുപയോഗിച്ചു  പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് തെറ്റുപറ്റില്ലെന്നു" സഭ വിശ്വസിക്കുന്നു. തെറ്റുപറ്റാതിരിക്കാനുള്ള ദൈവസഹായം പരിശുദ്ധാത്മാവില്‍ പാപ്പായ്ക്ക് ലഭിക്കുന്നു.  (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, CCC 888-892).  

ഈയൊരു നിര്‍വ്വചനത്തിന്‍റെ അടിസ്ഥാനത്തില്‍, മാര്‍പാപ്പാമാര്‍ക്ക് സഭയുടെ നിലവിലുള്ള വിശ്വാസപ്രബോധനങ്ങളെയോ മുന്‍ഗാമികളായ മാര്‍പാപ്പാമാരുടെ പഠിപ്പിക്കലുകളെയോ തള്ളിക്കളയാനോ അതിനു വിരുദ്ധമായോ പഠിപ്പിക്കാനോ കഴിയില്ല. ഇതിൻ്റെ വെളിച്ചത്തിൽ വേണം ഫ്രാൻസിസ് പാപ്പായെ അടിസ്ഥാനരഹിതമായി വിമർശിക്കുന്നവരുടെ ആരോപണങ്ങളെ നേരിടേണ്ടത്.

✝️ മാര്‍പാപ്പാ സ്വവര്‍ഗ്ഗഭോഗത്തെ പിന്തുണച്ചോ?

ഫ്രാന്‍സിസ് മാര്‍പാപ്പായെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വിമര്‍ശകര്‍ ഉയര്‍ത്തുന്ന നിരവധി ആരോപണങ്ങളുണ്ട്. അദ്ദേഹം സ്വവര്‍ഗ്ഗഭോഗത്തെ പിന്തുണച്ചു എന്നാണ് അതിലൊന്ന്.  "സ്വവര്‍ഗ്ഗഭോഗത്തെ തികഞ്ഞ ധാര്‍മ്മിക അധഃപതനമായി കാണുന്ന വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രകൃതിയാല്‍ തന്നെ ക്രമരഹിതമാണ്" എന്ന് സഭ പഠിപ്പിക്കുന്നു. "യാതൊരു സാഹചര്യത്തിലും സ്വവര്‍ഗ്ഗഭോഗത്തെ അംഗീകരിക്കുവാന്‍ സഭയ്ക്ക് സാധ്യമല്ല" എന്നാണ് സഭയുടെ പ്രബോധനം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനം അനുസരിച്ച് "സ്വവര്‍ഗ്ഗഭോഗം" എന്ന വിഷയത്തില്‍ വ്യക്തമായ നിര്‍ദ്ദേശമാണ് സഭ നല്‍കിയിരിക്കുന്നത് (2357, 2358, 2359). പാരമ്പര്യമായുള്ള സഭയുടെ ഈ പ്രബോധനത്തെ ഫ്രാൻസിസ് പാപ്പാ ഒരിക്കലും തളളിക്കളഞ്ഞിട്ടില്ല. 

✝️ മാര്‍പാപ്പാ ഉൽപ്പത്തി പുസ്തകത്തെ 
തള്ളിക്കളഞ്ഞോ? 

പഴയനിയമത്തില്‍ ഉല്‍പ്പത്തി പുസ്തകത്തിന്‍റെ അടിസ്ഥാനത്തിലാണ് കത്തോലിക്കാ സഭ പ്രപഞ്ചോത്പത്തി സംബന്ധിയായ പ്രബോധനം നല്‍കുന്നത് (സി.സി.സി 282-301). "ദൈവം സ്വതന്ത്രമായി ശൂന്യാവസ്ഥയില്‍നിന്ന് സൃഷ്ടിക്കുന്നു" എന്ന എ.ഡി 1215-ലെ ലാറ്ററന്‍ കൗണ്‍സില്‍ പ്രബോധനത്തെ ഉത്പത്തി പുസ്തക വിവരണത്തോടു ചേര്‍ത്താണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഇതിന് ഒരു മാറ്റവും ഫ്രാന്‍സിസ് മാര്‍പാപ്പാ നടത്തിയിട്ടില്ല. ദൈവവചനത്തെയോ സഭയുടെ മുന്‍ കൗണ്‍സിലുകളെയോ സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകളില്‍നിന്ന് വ്യത്യസ്തമായോ ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രപഞ്ചോത്പത്തി സംബന്ധിച്ചു പഠിപ്പിച്ചിട്ടില്ല. 

✝️ മലാക്കി ബിഷപ്പിന്‍റെ കള്ളപ്രവചനം 

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാലംമുതലാണ് അയര്‍ലണ്ടുകാരനായ മലാക്കി ബിഷപ്പിന്‍റെ കള്ളപ്രവചനങ്ങള്‍ ലോകശ്രദ്ധയിലേക്കു വന്നത്.  16-ാം നൂറ്റാണ്ടിൽ മലാക്കി ബിഷപ് പ്രവചിച്ചത്  ഇനി 112 മാര്‍പാപ്പാമാര്‍കൂടി മാത്രമേ കത്തോലിക്കാ സഭയില്‍ ഉണ്ടാവുകയുള്ളൂവെന്നായിരുന്നു. 112-ാമന്‍ "പീറ്റര്‍ ദ റോമന്‍" എന്ന പേരു സ്വീകരിക്കുമെന്നും പ്രവചിച്ചു. പീറ്റര്‍ ദ റോമന്‍ പാപ്പായ്ക്കു ശേഷം ശേഷം കത്തോലിക്കാ സഭ തകരും, ലോകാവസാനം സംഭവിക്കും എന്നൊക്കെയായിരുന്നു കള്ളപ്രവാചകനായ മലാക്കി പ്രവചിച്ചത്. ഇതുപ്രകാരം 111-ാമനായിരുന്നു ബനഡിക്ട് പതിനാറാമന്‍ പാപ്പാ. അദ്ദേഹം രാജിസമര്‍പ്പിച്ചപ്പോള്‍ 112-ാമനായി വരുന്നത് മലാക്കി പ്രവചനപ്രകാരമുള്ള "പത്രോസ് ദി റോമന്‍" ആയിരിക്കും എന്നാണ് ഈ പ്രവചനത്തെ വിശ്വസിച്ചവര്‍ കരുതിയത്. എന്നാല്‍ ബനഡിക്ട് പാപ്പായ്ക്കു ശേഷം  തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പായുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്‍റെ ജീവിതവും സ്ഥാനപ്പേരും എല്ലാം ബിഷപ് മലാക്കിയെ ഒരു കള്ളപ്രവാചകനായി  വെളിപ്പെടുത്തുന്നതായിരുന്നു.

കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)