marianvibes
marianvibes
Wednesday, 12 Feb 2025 00:00 am
marianvibes

marianvibes

ലണ്ടൻ: അമേരിക്കയുടെ ചുവടുപിടിച്ച്‌ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുമ്ബോള്‍ ആശങ്കയിലാവുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌ 800 ആളുകളെയാണ് യു.കെ. നാടുകടത്തിയത്.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദ്യാർഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാർക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബർ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാർ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.

ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ മുൻവർഷങ്ങളെക്കാള്‍ അധികം അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. 828 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ 609 പേരെയാണ് അറസ്റ്റ് ചെയ്തത്. നോർത്തേണ്‍ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ റെസ്റ്റോറെന്റില്‍ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലുപേരെ പിടികൂടിയതായാണ് വിവരം. ഇത്തരത്തില്‍ പല സ്ഥാപനങ്ങളിലും മുൻ വർഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

കുടിയേറ്റ നിയമങ്ങള്‍ അനുസരിക്കാനും നടപ്പിലാക്കാനും എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഏറെ നാളുകളായി അനധികൃതമായി കുടിയേറുന്ന ആളുകളെ തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. എൻഫോഴ്സ്മെന്റിന്റെ നടപടികള്‍ക്ക് വിധേയമാകാത്തതിനാല്‍ നിരവധി ആളുകള്‍ നിയമവിരുദ്ധമായി എത്തുകയും ജോലിയെടുക്കുകയും ചെയ്യുന്നതായും കൂപ്പർ അറിയിച്ചു. ജീവൻ പോലും അപായപ്പെടുത്തി രാജ്യത്ത് എത്തി ജോലിചെയ്യുന്ന ആളുകള്‍ കുടിയേറ്റ സംവിധാനങ്ങള്‍ക്കും സമ്ബദ്വ്യവസ്ഥയ്ക്ക് പോലും വെല്ലുവിളിയാണെന്നും അവെറ്റ് പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരേ രാജ്യം കർശന നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിനുമേല്‍ വലിയ സമ്മർദമാണുള്ളത്. അതുകൊണ്ടുതന്നെ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് യു.കെയില്‍ എത്തിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി നാല് ചാർട്ടേഡ് വിമാനങ്ങളില്‍ 800 ആളുകളെ രാജ്യത്തുനിന്ന് നീക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യു.കെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലായാണ് ഇത് വിശേഷിപ്പിക്കുന്നത്. 

യു.കെയില്‍ നിന്ന് നാടുകടത്തിയ ആളുകളില്‍ മയക്കുമരുന്ന്, മോഷണം, ലൈംഗിക കുറ്റകൃത്യം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരുമുണ്ടെന്നാണ് ബ്രിട്ടനിലെ അധികൃതർ നല്‍കുന്ന വിവരം. ലേബർ പാർട്ടി അധികാരത്തില്‍ എത്തിയ ശേഷം 19,000 ആളുകളെ നാടുകടത്തിയെന്ന് തെളിയിക്കുന്നതിന് ആദ്യമായി ഇത്തരക്കാരുടെ ദൃശ്യങ്ങള്‍ പകർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

അനധികൃതമായി ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത് തടയാൻ അന്താരാഷ്ട്ര കാമ്ബയിനുകളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റത്തിന്റെ പേരില്‍ ആളുകള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഈ നീക്കം. വിയറ്റ്നാം, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ച്‌ കൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. യു.കെയിലേക്ക് അനധികൃതമായി എത്തുന്ന ആളുകള്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളും കഷ്ടപ്പാടുകളുമാണ് ഇത്തരം പരസ്യങ്ങളുടെ പ്രമേയം.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m