marianvibes
marianvibes
Monday, 17 Mar 2025 00:00 am
marianvibes

marianvibes


സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ഈ മാസം 24ന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും പൊലീസ്, എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അവലോകനം, ഭാവി പദ്ധതികള്‍, ലഹരി മാഫിയയെ നേരിടാൻ പൊലീസും എക്സൈസും സംയുക്തമായി ആവിഷ്കരിക്കേണ്ട തന്ത്രങ്ങള്‍ എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും. ഏകോപന ചുമതല എഡിജിപി മനോജ് എബ്രഹാമിനാണ്. കോളേജ് ക്യാമ്ബസുകളില്‍ ഉള്‍പ്പെടെ ലഹരിമരുന്ന് പിടികൂടല്‍ വർധിച്ചതും യോഗം വിളിക്കാൻ കാരണമായി.

കേരള പോലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി ലഹരിവിരുദ്ധ സന്ദേശം നല്‍കി. അതിരുകളില്ലാതെ വ്യാപിക്കുന്ന ലഹരി മാഫിയ സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വം തന്നെ ഇല്ലാതാക്കുന്ന സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം അങ്ങേയറ്റം ആശങ്കാജനകമാണ്. പൊലീസും എക്സൈസും ഈ വിപത്തിനെതിരെ ശക്തമായി പോരാടുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തില്‍, നൂതന സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. ക്രമസമാധാന പാലനത്തിനൊപ്പം ജനങ്ങളുടെ സംരക്ഷകരായി പ്രവർത്തിക്കണമെന്നും പുതിയ സേനാംഗങ്ങള്‍ ജനങ്ങളില്‍ ആ വിശ്വാസം നിലനിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.