മാർ ജോസഫ് പൗവ്വത്തിൽ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം. സഭാവിജ്ഞാനീയത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം.
1930 ആഗസ്റ്റ് 14-ന് കുറുമ്പനാടം പൗവ്വത്തിൽ കുടുംബത്തിൽ ഉലഹന്നാൻ - മറിയക്കുട്ടി ദമ്പതികളുടെ സീമന്തപുത്രനായി ജനിച്ച മാർ ജോസഫ് പൗവ്വത്തിൽ 1962 ഒക്ടോബർ 3-നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29-ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായശ്രുതാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13-ന് വത്തിക്കാനിൽ വച്ച് പോൾ ആറാമൻ മാർപാപ്പയിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 1977-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ പിതാവ്, രൂപതയുടെ അടിത്തറ പാകിയ കർമ്മയോഗിയായിരുന്നു.
1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ചുബിഷപ്പായി സേവനം ചെയ്തു. ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻസമിതിയുടെയും (കെസിബിസി) അദ്ധ്യക്ഷൻ, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്റെയും യുവജന കമ്മീഷന്റെയും ചെയർമാൻ, ഇൻ്റർ ചർച്ച് കൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ, വിയന്ന ക്രേന്ദ്രമായ എക്യുമെനിക്കൽ പ്രസ്ഥാനമായ പ്രോ ഓറിയൻതെ ഫൗണ്ടേഷന്റെ സ്ഥിരാംഗം തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 1985 മുതൽ 2007 വരെ റോമിൽ നടന്ന എല്ലാ മെത്രാൻ സിനഡിന്റെയും പ്രത്യേക ക്ഷണിതാവായിരുന്നു. പൗരസ്ത്യരത്നം, സഭാതാരം, മാർത്തോമാ പുരസ്കാരം തുടങ്ങിയ അവാർഡുകളും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ബെനഡിക്ട് മാർപാപ്പ 'സീറോമലബാർ സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച മാർ പൗവ്വത്തിലിന്റെ കാലഘട്ടത്തിലാണ് സിറോമലബാർ സഭയുടെ വൃക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള തീഷ്ണശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും. 1972-ലെ കോളേജ് സമരം എന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ച് അതിനെ വിജയത്തിലെത്തിക്കാൻ മാർ പൗവ്വത്തിലിനു കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്. യുവജന പ്രേഷിതത്വത്തിലും സീറോമലബാർ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിലും പൗരസ്ത്യ പാരമ്പര്യ സംരക്ഷണത്തിലും അത്മായ ദൈവശാസ്ത്ര പരിശീലനത്തിലും വിദ്യാഭ്യാസ - ന്യൂനപക്ഷ അവകാശങ്ങളുടെ നിലനിൽപ്പിലും കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങളിലും പിതാവ് സുധീരമായ ചുവടുവയ്പുകൾ നടത്തി.
പിതാവിന്റെ സാമൂഹിക പ്രതിബദ്ധത ശ്രദ്ധേയമാണ്. അശരണർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ആശാഭവൻ, സ്നേഹനിവാസ് എന്നീ സ്ഥാപനങ്ങളും മെത്രാഭിഷേക രജതജൂബിലിയുടെ ആഘോഷങ്ങൾ ഒഴിവാക്കി ജിവകാരുണ്യനിധിയും പിതാവ് ആരംഭിച്ചു.
1964 മുതൽ ഒരു ദശാബ്ദക്കാലത്തോളം ചങ്ങനാശേരി എസ്ലി കോളജിൽ അധ്യാപകനായി പ്രവർത്തിച്ചു. എൻഎസ്എസ് മുൻ പ്രസിഡന്റ അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സഹപാഠിയും മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുവര്യനുമായിരുന്നു പിതാവ്. 1986 ജനുവരി 17-ന് ചങ്ങനാശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റു. ഭാരതം സന്ദർശിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പയെ അതിരൂപതക്കുള്ളിൽ സ്വീകരിക്കുകയായിരുന്നു ആദ്യ ദൗത്യം. ഗ്രെതാപ്പോലീത്തൻ സ്ഥാനത്തു നിന്ന് 2007 മാർച്ച് 19-ന് വിരമിച്ചു.
2023 മാർച്ച് 18 ഉച്ചക്ക് 01.17-ന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു പിതാവിൻ്റെ അന്ത്യം. 93 വയസായിരുന്ന പിതാവ് ചങ്ങനാശേരി ആർച്ചുബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സഭാവിജ്ഞാനീയത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.