marianvibes
marianvibes
Wednesday, 26 Mar 2025 00:00 am
marianvibes

marianvibes

ഈജിപ്തിലെ അസ്യൂട്ടിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. അദ്ദേഹം അസ്യൂട്ടിലെ ഒരു മരാശാരിയോ, പാദുക നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നവനോ ആയിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന് 25 വയസ്സായപ്പോള്‍ അദ്ദേഹം സമീപപ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തിലെ സന്യാസിയായി മാറി. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ സന്യാസിയോടൊപ്പം ഏതാണ്ട് 12 വര്‍ഷത്തോളം വിശുദ്ധന്‍ താമസിച്ചു.

വിശുദ്ധന് 40-വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം അസ്യൂട്ടിനു സമീപമുള്ള വലിയൊരു പാറയുടെ മുകളില്‍ ഒരു ചെറിയ മുറി പണിത് അവിടെ കഠിനമായ ഏകാന്തവാസമാരംഭിച്ചു. സൂര്യാസ്തമനം വരെ വിശുദ്ധന്‍ ഒന്നും ഭക്ഷിക്കാറില്ലായിരുന്നു. മുഴുവന്‍ സമയവും, പ്രാര്‍ത്ഥനയും ധ്യാനപ്രവര്‍ത്തികളുമായി അദ്ദേഹം കഴിഞ്ഞു. ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും തന്റെ മുറിയുടെ കിളിവാതിലിലൂടെ തന്റെ പക്കല്‍ ഉപദേശം തേടിവരുന്ന ഭക്തരോട് അത്യാവശ്യത്തിനു മാത്രം സംസാരിച്ചു. വിശുദ്ധന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ മുറിക്ക് സമീപം ഒരു ശുശ്രൂഷാലയം സ്ഥാപിക്കുകയും അവിടെ വരുന്നവരെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു. ഇവര്‍ വിശുദ്ധന്റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ചും, പ്രവചനപരമായ കഴിവിനേയും, ആളുകളുടെ ഉള്ളിരിപ്പ് വായിക്കുവാനുള്ള കഴിവിനേയും പൊതുജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രചാരം കൊടുത്തു.

ഒരിക്കല്‍ വിശുദ്ധ പെട്രോണിയൂസും ആറോളം സന്യാസിമാരും വിശുദ്ധനെ കാണുവാന്‍ എത്തി. തങ്ങളില്‍ ആരെങ്കിലും ദൈവീക വഴിയില്‍ സഞ്ചരിക്കുന്നവരാണോ എന്ന് വിശുദ്ധന്‍ ചോദിച്ചപ്പോള്‍ അവര്‍ 'അല്ല' എന്ന് മറുപടി കൊടുത്തു. വാസ്തവത്തില്‍ പെട്രോണിയൂസ് താന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്ന സത്യം അവരില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിശുദ്ധന്‍ പെട്രോണിയൂസിനെ ചൂണ്ടികൊണ്ട് ഈ മനുഷ്യന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്നറിയിച്ചപ്പോള്‍ പെട്രോണിയൂസ് അത് നിഷേധിച്ചു. ഉടനെതന്നെ വിശുദ്ധന്‍ ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “എന്റെ മകനേ, ഒരിക്കലും ദൈവത്തില്‍ നിന്നും കിട്ടിയ വരദാനത്തെ നിഷേധിക്കാതിരിക്കുക, നിന്റെ എളിമ അസത്യത്തിലൂടെ നിന്നെ വഞ്ചിക്കുവാന്‍ അനുവദിക്കരുത്. നമ്മള്‍ ഒരിക്കലും അസത്യം പറയരുത്‌, കാരണം അസത്യമായതൊന്നും ദൈവത്തില്‍ നിന്നും വരുന്നതല്ല”. കൂടാതെ അതിലൊരു സന്യാസിയുടെ അസുഖം സൌഖ്യപ്പെടുത്തുകയും ചെയ്തു.

അഹംഭാവത്തേയും, പൊങ്ങച്ചത്തേയും കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക്‌ പലവിധ ഉപദേശങ്ങള്‍ നല്‍കുകയും, തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും അവയെ ഒഴിവാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി നിരവധി സന്യാസിമാരുടെ ഉദാഹരണങ്ങള്‍ വിശുദ്ധന്‍ അവര്‍ക്ക്‌ നല്‍കി. മൂന്ന്‍ ദിവസത്തോളം വിശുദ്ധനോടൊപ്പം കഴിഞ്ഞതിനു ശേഷം അവര്‍ യാത്രപുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍, വിശുദ്ധന്‍ തന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക്‌ നല്‍കികൊണ്ട്, ഇയൂജെനീയൂസിനുമേല്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയുടെ വിജയ വാര്‍ത്ത‍യും അദ്ദേഹത്തിന്റെ സ്വാഭാവിക മരണത്തേക്കുറിച്ച് പ്രവചിക്കുകയും ചെയ്തു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ജോണ്‍ മരണപ്പെട്ട വിവരം ആ സന്യാസിമാര്‍ മനസ്സിലാക്കി. വിശുദ്ധന്‍ തന്റെ മരണം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു, തന്റെ അവസാന മൂന്ന്‍ ദിവസം അദ്ദേഹം ആരെയും കാണുവാന്‍ കൂട്ടാക്കാതെ പ്രാര്‍ത്ഥനയില്‍ കഴിയുകയും മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു. വിശുദ്ധന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള കീര്‍ത്തി വിശുദ്ധ അന്തോണീസിന്റെ കീര്‍ത്തിക്ക് തൊട്ടുപുറകിലാണെന്നാണ് പറയപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0