(എല്ലാവരും അത്താഴത്തിനു ശേഷമോ, വേറെ ഏതെങ്കിലും സമയത്തോ വീട്ടിൽ പ്രാർത്ഥന ചൊല്ലുന്ന സ്ഥലത്ത് ഒരുമിച്ച് ചേരുന്നു. തിരി കത്തിച്ചു വയ്ക്കുന്നു. എല്ലാവരും കൈയിൽ കുരുത്തോലകൾ പിടിക്കുന്നു).
കുടുംബനാഥൻ: പിതാവിന്റെയും
പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ
എല്ലാവരും:
ആമ്മേൻ
കുടുംബനാഥൻ: അത്യുന്നതങ്ങളിൽ
ഓശാന, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ.
എല്ലാവരും: അത്യുന്നതങ്ങളിൽ ഓശാന.
കുടുംബനാഥൻ: നാം വിശുദ്ധ ആഴ്ചയിലേയ്ക്ക്
പ്രവേശിക്കുകയാണ്. ഇന്ന് ദേവാലയത്തിൽ വച്ച് നമ്മൾ വെഞ്ചിരിച്ച കുരുത്തോലകൾ സ്വീകരിച്ചു. ഒരുമിച്ച് ഓശാന പാടി, ഈശോയുടെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി. ആ കുരുത്തോലകൾ നമ്മുടെ വീട്ടിൽ പ്രതിഷ്ഠിക്കാനാണ് നമ്മൾ ഇപ്പോൾ ഒരുമിച്ച് കൂടിയിരിക്കുന്നത്. ഈ കുരുത്തോലകളുടെ വിശുദ്ധ സാന്നിധ്യം അടുത്ത ഒരു വർഷം മുഴുവൻ നമ്മുടെ ഭവനത്തിൽ ഉണ്ടായിരിക്കട്ടെ.
(കുട്ടികളിൽ ഒരാൾ തിരുവചനം വായിക്കുന്നു)
വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം 4:10-11 വരെ ഉള്ള വാക്യങ്ങൾ.
“യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പോഴും ശരീരത്തിൽ സംവഹിക്കുന്നു. ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ പ്രതി സദാ മരണത്തിന് ഏൽപിക്കപ്പെടുന്നു.“
എല്ലാവരും: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി
(നിശബ്ദമായി അല്പം നേരം സ്തുതിക്കുന്നു).
കുടുംബനാഥൻ: നമുക്ക് പ്രാർത്ഥിക്കാം,
കരുണയും സ്നേഹവും നിറഞ്ഞ ദൈവമേ നീ അനുഗ്രഹീതനാകുന്നു. പുത്രനായ ഈശോയെ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു . അങ്ങയുടെ മഹനീയമായ ജറുസലേം പ്രവേശനത്തിൻ്റെ ഓർമ്മ ഇന്ന് ഞങ്ങൾ അനുസ്മരിക്കുന്നു. ഓശാന പാടി, അങ്ങയെ എതിരേറ്റ അന്നത്തെ ജനങ്ങളോടൊപ്പം ഇന്ന് ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ കൈകളിലുള്ള കുരുത്തോലകൾ അങ്ങയുടെ വിജയത്തെക്കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. ഈ കുരുത്തോലകൾ ഞങ്ങൾക്കിടയിലുള്ള അങ്ങയുടെ
സാന്നിധ്യത്തിന്റെ മറ്റൊരു അടയാളമാകട്ടെ. പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ നിരന്തരം നവീകരിക്കേണമേ.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേയ്ക്കും.
എല്ലാവരും: ആമ്മേൻ
(ഓശാനയുടെ ഒരു ഗാനം എല്ലാവരുംകൂടി പാടുന്നു. തുടർന്ന് കുടുംബനാഥൻ മുതൽ ഓരോരുത്തരും തങ്ങളുടെ കുരുത്തോല നിശ്ചിത സ്ഥലത്ത് വയ്ക്കുന്നു. എല്ലാവരും കുരിശുവരയ്ക്കുന്നു. പരസ്പരം സ്തുതി ചൊല്ലുന്നു).
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0