marianvibes
marianvibes
Tuesday, 15 Apr 2025 00:00 am
marianvibes

marianvibes

സമൂഹത്തെ മലീമസമാക്കുന്ന വര്‍ഗീയ വാദങ്ങളും വിഷം ചീറ്റലുകളും സാക്ഷര കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഇതുമൂലം ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും കേരള മണ്ണില്‍ വളരാനുള്ള അവസരം സൃഷ്ടിക്കപ്പെടുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വിവിധങ്ങളായ മതങ്ങള്‍ ഓരോ വ്യക്തികളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഭാരതസമൂഹം തലമുറകളായി കൈമാറി സംരക്ഷിക്കുന്ന വിശ്വാസസത്യങ്ങളെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല. വിശ്വാസത്തിന്റെ മറവില്‍ വര്‍ഗ്ഗീയത രൂപപ്പെടുന്നതും വര്‍ഗ്ഗീയ വിഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേക്ക് വലിച്ചിറക്കുന്നതും ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കപ്പെടും.

സമാധാനവും സ്‌നേഹവും പങ്കുവെച്ച് പ്രഘോഷിക്കുന്നതും സേവനവും ശുശ്രൂഷയും മുഖമുദ്രയാക്കിയിരിക്കുന്നതുമായ മത സമുദായ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഭിന്നിപ്പു സൃഷ്ടിക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടത്. സമൂഹത്തിലെ ഒരു മതവിഭാഗത്തെയും വര്‍ഗീയവാദികളായി ചിത്രീകരിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. മതമൈത്രിയും സൗഹാര്‍ദ്ദവും ഈ മണ്ണില്‍ നിലനിര്‍ത്തേണ്ടത് സാക്ഷര സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. തലമുറകള്‍ പിന്നിടുമ്പോള്‍ മതത്തിന്റെ മറവില്‍ വിദ്വേഷവും വെറുപ്പും സമൂഹത്തില്‍ കുത്തി നിറയ്ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. അദ്ദേഹം പറഞ്ഞു