marianvibes
marianvibes
Wednesday, 27 Nov 2024 00:00 am
marianvibes

marianvibes

കൊച്ചി: കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോർട്ട്. സ്കൂളുകളിലും താമസസ്ഥലങ്ങളിലും ഉള്‍പ്പടെ കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ വർദ്ധിച്ച്‌ വരികയാണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്.


21 ശതമാനം കേസുകളും ചില്‍ഡ്രൻസ് ഹോമിലാണ് സംഭവിക്കുന്നതെന്നും നാല് ശതമാനം കേസുകള്‍ സ്കൂളുകളില്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ബലാവകാശ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോർട്ട് ചെയ്യപ്പെട്ട 4,663 പോക്സോ കേസുകളില്‍ 988 എണ്ണവും ചില്‍ഡ്രൻസ് ഹോമുകളില്‍ നിന്നാണ്. 725 കേസുകള്‍ വീടുകളില്‍ നിന്നും 935 കേസുകള്‍ പൊതുസ്ഥലത്ത് നിന്നുള്ളതുമാണ്. 173 പോക്സോ കേസുകള്‍ സ്കൂളില്‍ നിന്നും 139 കേസുകള്‍‌ വാഹനങ്ങളില്‍ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടതായി പറയുന്ന 166 സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. കേരളത്തിലാകമാനം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 4,663 കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്.

കണക്കുകള്‍ പ്രകാരം, 2019-ല്‍ 3,616 കേസുകളും 2020-ല്‍ 3,030 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 2021-ല്‍ 3,322 കേസുകളും 2022-ല്‍ 4,583 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ കേരളത്തില്‍ പോക്സോ കേസുകള്‍ പ്രതിവർഷം വർദ്ധിക്കുന്നു എന്നുള്ളതാണ് ആശങ്കാജനകമായ കാര്യം. ഭൂരിഭാഗം കേസുകളിലും കുട്ടികള്‍ക്ക് പരിചയമുള്ളവരോ ബന്ധുക്കളോ അടുപ്പമുണ്ടായിരുന്നവരോ സുഹൃത്തുക്കളോ ആണ് പ്രതികളെന്നതാണ് വസ്തുത.

കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് കൃത്യമായ മാർഗനിർദേശങ്ങള്‍ ലഭിക്കേണ്ടതിന്റെയും പോക്സോ വകുപ്പിനെക്കുറിച്ച്‌ അവബോധം ശക്തമാക്കേണ്ടതിന്റെയും പ്രാധാന്യമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും വർദ്ധിച്ചുവരുന്ന പോക്സോ കേസുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.