വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്ര മഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും ഉൾപ്പെട്ട കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനത്തിന് തൊഴിൽ സംരംഭങ്ങൾ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉൾപ്പെട്ട 503 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക കൈമാറിയത്; രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.
കെസിബിസിയുടെ കീഴിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം നേതൃത്വം നൽകുന്ന സഭാതല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സർവ്വീസിൽ നിന്ന് 77 ലക്ഷം രൂപ പശു വളർത്തൽ, ആട് വളർത്തൽ, തയ്യൽ, ഡി.ടി.പി., വർക്ക്‌ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി എന്നിങ്ങനെ വിവിധ തരം തൊഴിൽ യൂണിറ്റുകൾക്കായാണ് വിതരണം ചെയ്തിട്ടുള്ളത്. വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നീ സ്ഥാപനങ്ങളിലൂടെയാണ് പരിശീലനം നല്കിയതിനു ശേഷം വരുമാന പദ്ധതികൾ കുടുംബങ്ങൾക്ക് ലഭ്യമാക്കിയത്.
നേരത്തെ, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വയനാട്ടിലെ 925 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 9500 രൂപ വീതം ദുരന്ത ബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ നല്കിയിരുന്നു. സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 150 വിദഗ്ധരിലൂടെ കൗൺസലിംഗ് നല്കി. കെസിബിസി ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0