സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളില്‍ ഒരാളായി തീര്‍ന്നു. അവര്‍ വിശുദ്ധ നഗരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചെങ്കിലും വെനീസും തുര്‍ക്കിയും തമ്മിലുള്ള യുദ്ധം കാരണം അവര്‍ക്കതിന് സാധിച്ചില്ല. അതിനാല്‍ കുറച്ചു കാലത്തേക്ക് വിശുദ്ധന്‍ പാദുവായിലും, ബൊളോണയിലും റോമിലും തന്റെ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു.
1540-ല്‍ ഈസ്റ്റ് ഇന്‍ഡീസിലെ പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി വിശുദ്ധ ഇഗ്നേഷ്യസ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇതേ തുടര്‍ന്ന് വിശുദ്ധനെ കിഴക്കിലെ രാജകുമാരന്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന മാര്‍പാപ്പയുടെ നാല് ഔദ്യോഗിക രേഖകളുമായി വിശുദ്ധന്‍ ലിസ്ബണില്‍ നിന്നും യാത്രതിരിച്ചു. അദ്ദേഹം ഗോവയില്‍ കപ്പലിറങ്ങി. അങ്ങനെ പത്ത് വര്‍ഷക്കാലം നീണ്ടുനിന്ന വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന് ആരംഭം കുറിച്ചു.
ഗോവയില്‍ വിശുദ്ധന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രബോധനങ്ങള്‍ നല്‍കുകയും തെരുവില്‍ മണിയടിച്ച് കുട്ടികളെ വിളിച്ചു കൂട്ടുകയും അവര്‍ക്ക് വേദപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. കൂടാതെ ആശുപത്രികളും തടവറകളും സന്ദര്‍ശിക്കുകയും ചെയ്തു. ക്രമേണ വിശുദ്ധന്‍ ഇന്ത്യകാര്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ആരംഭിച്ചു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വളരെ ലളിതമായ നാട്ടു കഥകളായും ചെറിയ ഗാനങ്ങളാക്കിയും അദ്ദേഹം നാട്ടുകാരുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചു. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയ വിശുദ്ധന്‍ അവിടെ പരവന്‍മാരെ മാമോദീസ മുക്കുവാന്‍ ആരംഭിച്ചു.
ചില ദിവസങ്ങളില്‍ മാമോദീസ മുങ്ങുന്നവരുടെ ആധിക്യം നിമിത്തം വേദനയാല്‍ അദ്ദേഹത്തിന് തന്റെ കരങ്ങള്‍ ഉയര്‍ത്തുവാന്‍ പോലും സാധിച്ചിരുന്നില്ല. അവിടെ നിന്നും അദ്ദേഹം തിരുവിതാംകൂറിലേക്ക് പോയി. അവിടെ പല ഗ്രാമങ്ങളിലുമായി 45-ഓളം പള്ളികള്‍ പണിതു. പിന്നീട് മലയായിലെ മലാക്കയില്‍ പോവുകയും അവിടെ ഏതാണ്ട് പതിനെട്ടു മാസങ്ങളോളം സുവിശേഷപ്രഘോഷണവും, ജ്ഞാനസ്നാനം നല്‍കലുമായി ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്ക് വിശുദ്ധന്‍ യാത്രകള്‍ നടത്തി.
തിരിച്ച് ഗോവയിലെത്തിയ വിശുദ്ധന്‍, ജപ്പാനിലെ ആത്മാക്കളുടെ വിളവെടുപ്പിനായി തന്റെ സഹചാരികളുമൊന്നിച്ച് ജപ്പാനിലേക്ക് യാത്ര തിരിച്ചു. 1549-ല്‍ കഗോഷിമായില്‍ എത്തിയ വിശുദ്ധന്‍ അവിടുത്തെ ഭാഷ പഠിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അവിടെ തന്റെ സുവിശേഷ പ്രഘോഷണം ആരംഭിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. താന്‍ മതപരിവര്‍ത്തനം ചെയ്തവര്‍ പത്തു വര്‍ഷത്തിനു ശേഷവും അതേ ഉത്സാഹത്തോടും വിശ്വാസത്തോടും കൂടിയിരിക്കുന്നതായി വിശുദ്ധന്‍ കണ്ടു. അത്ര വിജയകരമായിരുന്നു വിശുദ്ധന്റെ ജപ്പാനിലെ ദൗത്യം.
1551-ല്‍ താന്‍ ഇന്ത്യയില്‍ മതപരിവര്‍ത്തനം ചെയ്തവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധന്‍ വീണ്ടും മലാക്കയിലേക്ക് തിരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് പുതിയൊരു ഉദ്ദേശവും കൂടിയുണ്ടായിരുന്നു. വിജാതീയരുടെ നാടായ ചൈന. പക്ഷേ അദ്ദേഹത്തിന് അവിടെ എത്തിപ്പെടുവാന്‍ സാധിച്ചില്ല. സാന്‍സിയന്‍ ദ്വീപിലെ കാന്റണ്‍ നദീമുഖത്തെത്തിയപ്പോഴേക്കും വിശുദ്ധനു കലശലായ പനി പിടിക്കുകയും. ചുട്ടുപൊള്ളുന്ന മണലില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആള്‍വാറസ് എന്ന പാവപ്പെട്ട മനുഷ്യന്‍ വിശുദ്ധനെ കാണുകയും തന്റെ കുടിലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പ്രാര്‍ത്ഥനകള്‍ ചൊല്ലികൊണ്ട് രണ്ടാഴ്ചയോളം വിശുദ്ധന്‍ അവിടെ ജീവിച്ചിരുന്നുവെങ്കിലും പിന്നീട് മരണമടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ തന്റെ ക്രൂശിതരൂപത്തില്‍ ആയിരുന്നു. ഒരു ഇടുങ്ങിയ കല്ലറയില്‍ അദ്ദേഹത്തെ അടക്കം ചെയ്തു.
മൂന്ന് മാസത്തിനു ശേഷം കല്ലറ തുറന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു കോട്ടവും തട്ടാതെയും അഴുകാതെയും ഇരിക്കുന്നതായി കാണപ്പെട്ടു. ഇത് പിന്നീട് ഗോവയിലേക്ക് കൊണ്ട് വന്നു. ഇപ്പോഴും ഇത് അവിടെ സൂക്ഷിച്ചിരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m