ന്യൂ ഡല്‍ഹി: മയക്കുമരുന്ന് വ്യാപകമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ടുള്ള ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഡല്‍ഹി നിയമസഭയിലെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂക്കിന് താഴെ ഗുജറാത്ത് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന് ആരോപണം.
അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞത്:
'എല്ലായിടത്തും ആളുകള്‍ പറയുന്നത് മയക്കുമരുന്നുകള്‍ ഓരോ മുക്കിലും മൂലയിലും വില്‍ക്കപ്പെടുന്നു എന്നാണ്. ഡല്‍ഹിയിലെ ഓരോ മുക്കും മൂലയും മയക്കുമരുന്നുകള്‍ വില്‍ക്കപ്പെടുന്ന സ്ഥലമായി അവർ മാറ്റിയിരിക്കുന്നു. ഡല്‍ഹിയില്‍ എവിടെയും മയക്കുമരുന്നുകള്‍ ഉണ്ടാക്കുന്നില്ല. ഒക്ടോബർ ഒന്നിന് ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നിന്ന് 562 കിലോ കൊക്കെയ്നും 40 കിലോ കഞ്ചാവും പിടികൂടി.
ഒക്ടോബർ 10ന് വെസ്റ്റ് ഡല്‍ഹിയിലെ രമേശ് നഗറില്‍ നിന്ന് 208 കിലോ കൊക്കെയ്ൻ പിടികൂടി. ഒക്ടോബർ 13 ന് അങ്കലേശ്വറില്‍ റെയ്‌ഡ് നടക്കുകയും അവിടെ നിന്ന് 518 കിലോ കൂടി കൊക്കെയ്ൻ പിടികൂടുകയും ചെയ്തു. മൊത്തം 1289 കിലോ കൊക്കെയ്നും 40 കിലോ കഞ്ചാവും ഈ സമയത്ത് പിടികൂടി. അതിൻ്റെ മൊത്തം വില 13,000 കോടി രൂപയാണ്. എല്ലാം വന്നത് ഗുജറാത്തില്‍ നിന്നാണ്.
എങ്ങനെയാണ് രാജ്യത്തെ മയക്കുമരുന്നിന്റെ കേന്ദ്രമായി ഗുജറാത്ത് മാറിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മെയ് 20-ലെ വാർത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 3959 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടികൂടിയത്. അതില്‍ 1189 കോടി രൂപയുടെ, അതായത് 30% മയക്കുമരുന്നും പിടിക്കപ്പെട്ടത് ഗുജറാത്തില്‍ നിന്ന് മാത്രമായിരുന്നു.
മയക്കുമരുന്ന് ഉണ്ടാക്കാനും ഉത്പാദിപ്പിക്കാനും അത് പ്രൊസസ് ചെയ്യാനും ഗുജറാത്തില്‍ ഫാക്റ്ററികള്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഫ്‌സർ എൻ്റർപ്രൈസസ് എന്ന കമ്ബനി അങ്കലേശ്വറില്‍ പ്രവർത്തിക്കുന്നു. ഭരൂച് ജില്ലയിലെ സേഖ എന്ന ഗ്രാമത്തില്‍ മയക്കുമരുന്ന് ഉത്പാദനത്തിനായി ഒരു രാസഫാക്റ്ററിയും പ്രവർത്തിക്കുന്നുണ്ട്. വഡോദരയിലെ ഒരു ഗ്രാമത്തില്‍ മയക്കുമരുന്ന് നിർമാണത്തിനായി ഒരു ഫാക്റ്ററിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു.
പരസ്യമായി മയക്കുമരുന്ന് ഫാക്റ്ററികള്‍ ഗുജറാത്തില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അസംസ്കൃത വസ്തുക്കള്‍ വരുന്നത്, കടല്‍ മാർഗം ഗുജറാത്തിലെ തുറമുഖങ്ങള്‍ വഴിയാണ്. പ്രത്യേകിച്ച് മുന്ദ്ര പോർട്ട് വഴി. 2021 സെപ്റ്റംബറില്‍ 3000 കിലോ ഹെറോയിനാണ് മുന്ദ്ര തുറമുഖത്തു നിന്ന് പിടിച്ചെടുത്തത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ, 21000 കോടി രൂപയുടെ പിടിച്ചെടുക്കലായിരുന്നു അത്
മൂന്നു മാസങ്ങള്‍ക്കു മുൻപ്, അതായത് 2021 ജൂണില്‍ 24,000 കിലോ ഹെറോയിൻ, 7000 കോടി രൂപയുടെ മുന്ദ്ര പോർട്ട് വഴി പിടിക്കപ്പെടാതെ രാജ്യത്തേക്ക് കടന്നു എന്ന് മാധ്യമങ്ങളില്‍ വാർത്ത വന്നിരുന്നു. 2022 മെയ് മാസത്തില്‍ 500 കോടി രൂപ വില വരുന്ന 52 കിലോ കൊക്കെയ്ൻ മുന്ദ്ര പോർട്ടില്‍ നിന്ന് പിടികൂടി. 2022 ജൂലൈയില്‍ പഞ്ചാബിലേക്ക് കടത്തുകയായിരുന്ന 375 കോടി രൂപയുടെ 75 കിലോ ഹെറോയ്ൻ മുന്ദ്ര പോർട്ടില്‍ നിന്ന് പിടിച്ചെടുത്തു.
2024 ജൂലൈയില്‍ 110 കോടി വില വരുന്ന ട്രെമഡോള്‍ മുന്ദ്ര പോർട്ടില്‍ നിന്നും പിടിച്ചെടുത്തു. ഇതെല്ലം പിടിച്ചെടുത്തവ മാത്രമാണ്. മുന്ദ്ര പോർട്ടിലൂടെ പുറത്ത് പോയതിൻ്റെ അളവ് നമുക്കറിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 2.5 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് ഗുജറാത്തില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. കടല്‍ മാർഗം വരുന്ന മയക്കുമരുന്ന് മുന്ദ്ര പോർട്ട് വഴി രാജ്യത്തേക്ക് കടക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാവുന്ന കാര്യം. അസംസ്‌കൃത വസ്‌തുക്കളും അങ്ങനെ രാജ്യത്തിനകത്തേക്ക് വരുന്നു.
ഗുജറാത്തില്‍ അവ സ്വീകരിക്കാനായി ധാരാളം ഫാക്റ്ററികള്‍ തയ്യാറായി നില്‍ക്കുന്നു. അവിടെ നിന്ന് രാജ്യം മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യപ്പെടുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് അങ്ങനെ രാജ്യത്തെവിടെയും ഇന്ന് മയക്കുമരുന്ന് പിടിക്കപ്പെട്ടാല്‍ അത് ഗുജറാത്തില്‍ നിന്നായിരിക്കും വന്നിട്ടുണ്ടാവുക. മുന്ദ്ര പോർട്ട് നിയന്ത്രിക്കുന്നത് ഇവരുടെ സുഹൃത്തായ അദാനിയാണ്. ഈ രാജ്യത്ത് ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേലാണ്. അമിത് ഷായുടെ ഉത്തരവാദിത്വമാണ് രാജ്യം മുഴുവനും വ്യാപിക്കുന്ന മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുക എന്നത്.
എന്നാല്‍ ഗുജറാത്തില്‍ നിന്ന് അത് വിതരണം ചെയ്യപ്പെടുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം ഗുജറാത്ത് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമാണ് എന്നതാണ്. അദ്ദേഹത്തിൻറെ സംസ്ഥാനമായ ഗുജറാത്ത് ഇന്ന് മയക്കുമരുന്നുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഏത് തുറമുഖത്ത് കൂടെയാണോ മയക്കുമരുന്നുകള്‍ വരുന്നത് അത് അമിത് ഷായുടെ സുഹൃത്തിന്റെതാണെന്ന് എന്നതാണ് മൂന്നാമത്തെ കാര്യം. സർക്കാരിന്റെ സംരക്ഷണമോ അറിവോ ഇല്ലാതെ ഇത് നടക്കുകയില്ലെന്ന് ഉറപ്പാണ്'.
അതിഷിയുടെ നേതൃത്വത്തിലുള്ള എഎപി സർക്കാരിൻ്റെ അവസാന ദിനത്തില്‍ ഡല്‍ഹി നിയമസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു കേജ്രിവാള്‍. തെരഞ്ഞെടുപ്പിന് ശേഷം അടുത്ത വർഷം ആദ്യം പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സഭ വീണ്ടും ചേരും. നിയമവിരുദ്ധ മയക്കുമരുന്ന് റാക്കറ്റുകളെ നിയന്ത്രിക്കാനും രാജ്യത്തെ ലഹരിമുക്തമാക്കാനും അമിത് ഷായോട് അഭ്യർത്ഥിക്കുന്നുവെന്നും അല്ലെങ്കില്‍ നിങ്ങളും ഈ റാക്കറ്റില്‍ പങ്കാളിയാണ് എന്ന് ആളുകള്‍ പറയുമെന്നും കേജ്‌രിവാള്‍ തുറന്നടിച്ചു.
എന്നാല്‍, എഎപി സർക്കാർ റോഹിങ്ക്യകളെയും മയക്കുമരുന്ന് വ്യാപാരികളെയും സംരക്ഷിക്കുകയാണെന്നും ഇത് മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നഗരത്തിലെ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നതായും പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത ആരോപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m