marianvibes
marianvibes
Saturday, 07 Dec 2024 00:00 am
marianvibes

marianvibes

............................................
ഇസ്താംബൂളില്‍ ഹാഗിയാ സോഫിയാ ബസിലിക്കയുടെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിന്‍റെ മൂന്നാംനിലയിലായിരുന്നു ഞങ്ങളുടെ താമസം. റൂമിന്‍റെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ ഈ പൗരാണിക ദേവാലയത്തിന്‍റെ പകുതിയോളം ഭാഗം കാണാം. രാത്രിയില്‍ ബാല്‍ക്കണിയില്‍ നിന്നു ദേവാലയത്തിലേക്കു നോക്കിയപ്പോഴാണ് വാസ്തവത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍റെ (Recep Tayyip Erdoğan) മതതീവ്രതയുടെയും ക്രൈസ്തവ വിരോധത്തിൻ്റെയും ആഴം വ്യക്തമാകുന്നത്. അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യത്തിലാണ്  ഈ പൗരാണിക ക്രൈസ്തവ ദേവാലയത്തെ 2020-ൽ മോസ്കാക്കി മാറ്റിയത്. അതുകൂടാതെ ഹാഗിയാ സോഫിയാ ദേവായത്തിന്‍റെ കിഴക്കുവശത്തുള്ള രണ്ട് മണിമന്ദിരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ബള്‍ബു മാലകളാല്‍ ''ലാ ഇലാഹ ഇല്ലള്ള" എന്ന ഇസ്ലാമിക വിശ്വാസം പ്രദര്‍ശിപ്പിച്ചിരിക്കുന്നു (ചിത്രം -1, കമൻ്റ് ബോക്സിൽ ) . വിദൂരതയില്‍നിന്നു നിന്നു നോക്കിയാല്‍പോലും ഇതുകാണാം. ഇസ്ളാമത ഭാഷയായ അറബിയില്‍ കാണപ്പെടേണ്ട ഈ പ്രസ്താവന സകലര്‍ക്കും മനസ്സിലാകുവാന്‍ ഇംഗ്ലീഷിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. താഴികക്കുടത്തിനും മണിമന്ദിരങ്ങള്‍ക്കും മുകളില്‍ മതാധിനിവേശത്തിന്‍റെ അടയാളമായി ചന്ദ്രക്കലയും ഉയര്‍ന്നുനില്‍ക്കുന്നു. 

എഡി 537-ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. 1453ല്‍ ഒട്ടോമാന്‍ സുല്‍ത്താന്‍ മെഹമ്മദ് രണ്ടാമന്‍ (Mehmed II) കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കി, ഈ ദേവാലയത്തെ മോസ്കാക്കി മാറ്റി. ഒട്ടൊമാന്‍ രാജാക്കന്മാരുടെ പ്രതാപത്തിന്‍റെയും ഇസ്ലാം ക്രിസ്റ്റ്യാനിറ്റിയെ കീഴടക്കി എന്നതിന്‍റെ പ്രതീകവുമായിട്ടാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടിച്ചടക്കിയ ഉടന്‍ മെഹമ്മദ് രണ്ടാമന്‍ ഹാഗിയാ സോഫിയാ ദേവാലയത്തെ മോസ്ക് ആക്കി മാറ്റിയത്. റോം കേന്ദ്രമായി ലോകം കീഴടക്കി ഭരണം നടത്തിയ റോമാ സാമ്രാജ്യം തകര്‍ന്നതിനാല്‍, പുതിയ റോം എന്നറിയപ്പെട്ടിരുന്ന ഇസ്താംബൂള്‍ പിടിച്ചെടുത്തുകൊണ്ട്  റോമാസാമ്രാജ്യത്തിന്‍റെ ഭരണം തുടരുക എന്ന ലക്ഷ്യമായിരുന്നു മെഹമ്മദ് രണ്ടാമന്‍ ആഗ്രഹിച്ചത്. അതിന് ഒന്നുകില്‍ ഈ ദേവാലയത്തെ തകര്‍ത്തുകൊണ്ട് വിജയം ആഘേഷിക്കുക അല്ലെങ്കില്‍ ഈ ദേവാലയത്തെ ഇസ്ലാമിക ആരാധനാലയമാക്കുക എന്നിങ്ങനെ രണ്ട് വഴികള്‍ ആണ് അയാള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ദേവാലയത്തെ തകര്‍ക്കാന്‍ അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നത്രെ. അതിന് കാരണമായി പറയുന്നത് അദ്ദേഹത്തിനു തൻ്റെ അമ്മയോടുള്ള സ്നേഹമായിരുന്നു. അമ്മയായ ഹുമ ഹാത്തൂന്‍ (Hüma Hatun) അടിമയാക്കപ്പെട്ട ഒരു ഗ്രീക്ക്  ഓര്‍ത്തഡോക്സ് സഭയിലെ വിശ്വാസിയായിരുന്നു.  അമ്മയോടുള്ള സ്നേഹത്താല്‍ ഈ ദേവാലയത്തെ നശിപ്പിക്കേണ്ട എന്നു കരുതി ഇതിനെ  മോസ്ക് ആക്കിമാറ്റി എന്നാണ് The Lion and the Nightingale എന്ന കൃതിയുടെ സൃഷ്ടാവും തുര്‍ക്കിഷ് വംശജനായ Kaya Genç പറയുന്നത്. 

ഹാഗിയാ സോഫിയാ ദേവാലയത്തിന്‍റെ താഴികക്കുടത്തിന്‍റെ അതേ ആകൃതിയിലാണ് പിന്നീട് തുര്‍ക്കിയില്‍ നിർമ്മിച്ച മോസ്കുകളുടെ താഴികക്കുടങ്ങള്‍ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. മെഹമ്മദ് രണ്ടാമനും ഒട്ടോമാന്‍ സാമ്രാജ്യത്തിനും ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഹാഗിയാ സോഫിയാ ദേവാലയത്തിന്‍റെ രൂപഘടന. ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന മുസ്തഫ കമാല്‍ അത്താതുര്‍ക്കാണ്  (Mustafa Kemal Atatürk) ഈ ബസലിക്കയെ മ്യൂസിയമാക്കിയത്. 2020ല്‍ ഇപ്പോഴത്തെ തുര്‍ക്കിയുടെ ഭരണാധികാരി എര്‍ദോഗന്‍ ഈ ദേവാലയത്തെ വീണ്ടും മോസ്കായി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചര നൂറ്റാണ്ടുകളായി മോസ്കായും മ്യൂസിയമായും പലതവണ മാറ്റങ്ങള്‍ക്കു വിധേയമായ ഈ പൗരാണിക ദേവാലയം നാളെ എന്തായി മാറും എന്നറിയാനാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

♦️ഹാഗിയാ സോഫിയാ 
ദേവാലയത്തിൻ്റെ ഉള്ളിലേക്ക്

ഒരുകാലത്ത് ഓര്‍ത്തഡോക്സ് കൊന്‍റാക്കിയോനുകളും (Kontakion) തിയോടോക്കിയന്‍ ചാന്‍റുകളും (Theotokion) ഉയര്‍ന്നുകേട്ട ദേവാലയത്തില്‍നിന്നും വെളുപ്പാന്‍കാലത്ത് വാങ്കുവിളി കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. രാവിലെ പത്തുമണിയോടെ ഹാഗിയാ സോഫിയാ ദേവായം സന്ദര്‍ശിക്കുവാനുള്ള ക്യൂവില്‍ ഇടംപിടിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും  വര്‍ഷംതോറും 30 ലക്ഷത്തോളം പേരാണ് ഈ ദേവാലയം സന്ദര്‍ശിക്കുവാന്‍ ഇവിടെ എത്തിച്ചേരുന്നത്. മാര്‍പാപ്പാമാരായ പോള്‍ ആറാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പാ തുടങ്ങിയവരെല്ലാം ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. 

ദേവാലയത്തിന്‍റെ താഴത്തെ നിലയാണ് മോസ്കായി ഉപയോഗിക്കുന്നത്. ഇതിന്‍റെ മുകളിലത്തെ നിലയാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ടുള്ളത്. മുകളിലത്തെ നിലയിലേക്കു കയറിച്ചെല്ലുമ്പോള്‍ "സര്‍വ്വാധിപനായ ക്രിസ്തു" എന്ന അര്‍ത്ഥം വരുന്ന ബൈസാന്‍റിയന്‍ ഐക്കണ്‍ "ക്രൈസ്റ്റ് പന്‍റോക്രാറ്റര്‍" (Christ Pantocrator) കാണാം. ദേവാലയത്തിനുള്ളില്‍നിന്ന് മുകളിലേക്ക് നോക്കിയാല്‍ കാണുന്ന താഴികക്കുടത്തിന്‍റെ അടിഭാഗത്തും ഈ  ഐക്കണ്‍ ആദ്യകാലത്തും ഉണ്ടായിരുന്നു. ഒട്ടോമാന്‍ സുല്‍ത്താന്‍ സുലൈമാന്‍ ഒന്നാമന്‍റെ കാലത്ത് ഇതിലെ കുറെ മൊസൈക് ചിത്രങ്ങള്‍ പ്ലാസ്റ്റര്‍ ചെയ്ത് നശിപ്പിച്ചിരുന്നു. എന്നാല്‍ തുര്‍ക്കിയുടെ ചരിത്രത്തിലെ മതേതരസ്വഭാവമുള്ള ഭരണാധികാരിയായിരുന്ന അത്താതുര്‍ക്കിന്‍റെ കാലത്താണ് ഇതില്‍ ഏതാനും ചിത്രങ്ങള്‍ വീണ്ടെടുത്തത്. ദേവാലയത്തെ മോസ്കാക്കി മാറ്റിയതോടെ അതെല്ലാം മറച്ചുവച്ചു. കൂടാതെ ദേവാലയത്തില്‍ മുസ്ലിംകള്‍ നമസ്കാരം നിര്‍വ്വഹിക്കുന്ന ഖിബിലയുടെ ദിശയിലാണ് ദൈവമാതാവിന്‍റെ മടിയില്‍ ബാലനായ യേശു ഇരിക്കുന്ന മൊസൈക് ചിത്രമുള്ളത്. ഇത് തുണികൊണ്ട് മറച്ചുവച്ചുകൊണ്ടാണ് ഇവര്‍ നമസ്കാരം നിര്‍വ്വഹിക്കുന്നത് (ചിത്രം 2- കമൻ്റ് ബോക്സിൽ)

ക്രൈസ്റ്റ് പാന്‍റോക്രാറ്റര്‍ മൊസൈക് ചിത്രത്തിനു മുന്നില്‍ നിന്നു നിഖ്യാ വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിനു ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി തടഞ്ഞു. മറ്റ് മതസ്ഥരുടെ പ്രാര്‍ത്ഥനകള്‍ പരസ്യമായി ഇവിടെ പാടില്ല എന്ന് സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു. അതിനാല്‍ അല്‍പ്പം മാറിനിന്ന് ഹൃദയത്തില്‍ വിശ്വാസപ്രമാണം ഉരുവിട്ട് പ്രാര്‍ത്ഥിച്ച ശേഷമാണ് ഞങ്ങള്‍ ദേവാലയത്തില്‍നിന്നും പുറത്തിറങ്ങിയത്.

ഹാഗിയാ സോഫിയാ ദേവാലയത്തിനു ശേഷം എര്‍ദോഗൻ മോസ്കാക്കി മാറ്റിയ മറ്റൊരു ക്രൈസ്തവദേവാലയമായിരുന്നു ബൈസാന്‍റിയന്‍ വാസ്തുശില്‍പ ഭംഗി വിളംബരംചെയ്യുന്ന ചോരാ ചര്‍ച്ച് എന്നറിയപ്പെടുന്ന നാലാം നൂറ്റാണ്ടിലെ മൊണാസ്ട്രി. ഒരു കാലഘട്ടംവരെ മ്യൂസിയമായി നിലനിന്ന ശേഷമാണ് ഈ ദേവാലയവും മോസ്ക് ആക്കിമാറ്റിയത്. ഇതിനുള്ളിലുള്ള മൊസൈക് ചിത്രങ്ങളും കര്‍ട്ടനുകള്‍കൊണ്ട് മൂടിയിട്ടുണ്ട്. ചോരാ ചർച്ചിനടുത്ത് റോഡരികില്‍ കണ്ട മറ്റൊരു മോസ്കിന് അടുത്തുകൂടി കടന്നുപോകുമ്പോള്‍ അതിന്‍റെ പ്രവേശനകവാടത്തില്‍ നിന്നു വെറുമൊരു ആകാംക്ഷയോടെ അകത്തേക്കു നോക്കി. അപ്പോള്‍ അവിടെയും ഭിത്തിയില്‍ ക്രൈസ്റ്റ് പന്‍റോക്രാറ്റര്‍ മൊസൈക് ചിത്രം കാണാം (ചിത്രം - 3 കമൻ്റ് ബോക്സിൽ). ഈ ചിത്രം കണ്ടുകൊണ്ടേ  മോസ്കിനുള്ളിലേക്കു ആർക്കും കടക്കാൻ കഴിയുകയുള്ളൂ. ഇസ്താംബൂളിലെ മോസ്കുകള്‍ പലതും ഇപ്രകാരം പരിവര്‍ത്തനവിധേയമായ ദേവാലയങ്ങളാണ് ഇതിലൂടെ മനസ്സിലാകുന്നത്.

♦️ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ 
പാത്രിയാര്‍ക്കേറ്റ്

ഒട്ടോമാന്‍ ഇസ്ലാമിക സാമ്രാജ്യം അഴിച്ചുവിട്ട എല്ലാ ക്രൈസ്തവ പീഡനങ്ങളുടെയും അക്രമങ്ങളുടെയും ഭീകരതകളെ അതിജീവിച്ചു നില്‍ക്കുന്നതാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യൂമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് ആസ്ഥാനമായ സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ ( ചിത്രം - 4 ദേവാലയത്തിൻ്റെ പ്രവേശന കവാടം). നഗരത്തിന്‍റെ തിരക്കില്‍നിന്ന് അകന്നു നില്‍ക്കുന്ന ദേവാലയത്തിനുള്ളിലെ ഇരുണ്ട പശ്ചാത്തലത്തില്‍ അനുഭവപ്പെടുന്ന ശാന്തത വിസ്മയാവഹമാണ്. ദേവാലയത്തിന്‍റെ അകം മുഴുവന്‍ പൊതിഞ്ഞുനില്‍ക്കുന്ന സ്വര്‍ണ്ണവര്‍ണ്ണങ്ങളിലുള്ള കൊത്തുപണികളിലും ധൂപക്കുറ്റികളിലും മെഴുകുതിരിക്കാലുകളിലും മദ്ബഹായിലെ വിശുദ്ധവസ്തുക്കളിലുമെല്ലാം മങ്ങിയ പ്രകാശബിന്ദുക്കള്‍  പ്രതിഫിലിക്കുന്നതിലെ മനോഹാരിത വിവരണാതീതമാണ്. "സ്വര്‍ഗ്ഗത്തിലേക്കു തുറക്കുന്ന ജാലകങ്ങള്‍" എന്നറിയപ്പെടുന്ന ഓര്‍ത്തഡോക്സ് ഐക്കണുകള്‍ സ്വര്‍ഗ്ഗസാന്നിധ്യം നമ്മിൽ  പകരുന്നവയാണ്.

ഇംഗ്ലീഷ് കവിയായ ജോണ്‍ ബെറ്റ്ജെമാന്‍ (John Betjeman) ഒരിക്കല്‍ ഗ്രീസിലെ ഒരു ഉള്‍ഗ്രാമത്തിലുള്ള ഒരു ഓര്‍ത്തഡോക്സ് ദേവാലയം സന്ദര്‍ശിച്ചശേഷം കുറിച്ച കവിതയിലെ ഒരു വരിയാണ് ഈ ദേവാലയത്തിൽ നിൽക്കുമ്പോൾ  ഓര്‍മ്മവന്നത്.  "It needs no bureaucratical protection, it is its own perpetual resurrection"  മാനവസംസ്കാരത്തില്‍ വേരുകളാഴ്ത്തിനില്‍ക്കുന്ന ഒരു മഹാവൃക്ഷമായിട്ടാണ് ക്രിസ്തുവിന്‍റെ സഭയെ അദ്ദേഹം ദര്‍ശിച്ചത്. ഇലകളായി, പൂക്കളായി, കായ്ഫലങ്ങളായി ഈ മഹാവൃക്ഷം ലോകചരിത്രത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.  ഈ വൃക്ഷത്തിന്‍റെ അതിജീവനം ആരുടെയും ഔദാര്യമല്ല. "നിത്യമായ പുനഃരുത്ഥാനത്തിലൂടെ"യാണ് സഭ ദിവസേന കടന്നുപോകുന്നത്. ഒട്ടോമാന്‍ രാജാക്കന്മാരും എര്‍ദോഗനും എല്ലാം മറച്ചുവയ്ക്കാനും നശിപ്പിക്കാനും ശ്രമിച്ചിട്ടും നിത്യമായ പുനഃരുത്ഥാനത്തിന്‍റെ പ്രതീകമായി കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റ് എഡി 330 മുതല്‍ നിലനില്‍ക്കുന്നു. 

ദേവാലയത്തിനുള്ളില്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റത്തിന്‍റെയും "മൂന്നു കപ്പദോക്യന്‍സ്" എന്നറിയപ്പെടുന്ന വിശുദ്ധ ബാസിലിന്‍റെയും സഹോദരന്‍  
വിശുദ്ധ ഗ്രിഗറി നൈസയുടെയും പാത്രിയാര്‍ക്കായിരുന്ന ഇവരുടെ സുഹൃത്ത് വിശുദ്ധ ഗ്രിഗറി നൈസിയാന്‍സിന്‍റെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട് ( ചിത്രം 5 കമൻ്റ് ബോക്സിൽ) ചരിത്രപുസ്തകങ്ങളില്‍നിന്നു മാത്രം കേട്ടറിഞ്ഞ സഭാപിതാക്കന്മാരുടെ ഭൗതികശരീരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് എത്തിച്ചേര്‍ന്ന അനുഭവം!

ക്രിസ്തുശിഷ്യനായ അന്ത്രയോസ് ബൈസാന്‍റിയത്തില്‍ സഭ ആരംഭിച്ചതുമുതല്‍ ശ്രേഷ്ഠരായ നിരവധി ദൈവദാസന്മാരുടെ കാലടികള്‍ പതിഞ്ഞ മണ്ണാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റ്.  സെന്‍റ് പോള്‍ ദി കണ്‍ഫസര്‍ മുതല്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന നിക്കോമേദിയയിലെ യൗസേബിയസും എവാഗ്രിയസും ഗ്രിഗറി നൈസിയാന്‍സും ജോണ്‍ ക്രിസോസ്റ്റവും മാര്‍ നെസ്തോറിയസും എല്ലാം ഇവിടെ പാത്രിയാര്‍ക്കമാര്‍ ആയിരുന്നിട്ടുണ്ട്. ഇപ്പോള്‍ ബര്‍ത്തലോമിയോ ഓഫ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ 1991 മുതല്‍ ആഗോള ഓര്‍ത്തഡോക്സ് സഭയെ നയിക്കുന്നു.

♦️ ചരിത്രം പറയുമ്പോള്‍ 
എല്ലാം പറയേണ്ടതുണ്ട്

ഏഷ്യാമൈനറിലെ ക്രൈസ്തവസഭയുടെ തിരുശേഷിപ്പായി കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സഭ ഇപ്പോള്‍ നിലനില്‍ക്കുന്നത്, ആഗോള ക്രൈസ്തവികതയെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ്. കോണ്‍സ്റ്റാന്‍റിനോപ്പിളും അന്ത്യോഖ്യായും അലക്സാണ്ട്രിയായും ജെറുസലേമും ഉള്‍പ്പടെയുള്ള കിഴക്കന്‍ സഭകള്‍ റോമിലെ സഭയോടു വച്ചുപുലര്‍ത്തിയ മത്സരബുദ്ധിയും അധികാരവടംവലിയും ദൈവശാസ്ത്ര വീക്ഷണങ്ങളുടെ പേരില്‍ ഉയര്‍ന്ന തര്‍ക്കങ്ങളുമെല്ലാം ഏഷ്യാമൈനറിലെ സഭയെ ഇല്ലായ്മയിലേക്കു നയിച്ചു. ശത്രുക്കൾ ചുറ്റും നിരന്നപ്പോഴും റോമിനോടു കലഹിച്ചുനിന്ന ഏഷ്യാമൈനറിലെ സഭകള്‍ തകര്‍ന്നതിന്‍റെ ചരിത്രംകൂടിയാണ് ഇവിടെ അനുസ്മരിക്കേണ്ടത്. എഡി 1054 -ല്‍ കിഴക്കും പടിഞ്ഞാറും സഭകള്‍ പരസ്പരം ശപിച്ചുകൊണ്ട് ക്രൈസ്തവസഭാ ചരിത്രത്തില്‍ രണ്ടു ധ്രുവങ്ങളിലേക്ക് മാറി. ഇനിയുള്ള വിശദീകരണം റവ ഡോ ആന്‍റണി കൂടപ്പുഴയുടെ തിരുസ്സഭാ ചരിത്രത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: 
"1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കി, ബൈസന്‍റൈന്‍ സാമ്രാജ്യം ഇല്ലാതായി.... 1472 ആയപ്പോഴേക്കും പിളര്‍പ്പ് (കിഴക്ക് -പടിഞ്ഞാറ് സഭകള്‍ തമ്മില്‍) പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഗ്രീക്കുകാര്‍ (കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റ്) മാര്‍പാപ്പായെയും മക്കയിലെ പ്രവാചകനെയും ഒരുപോലെ വെറുത്തു. മാര്‍പാപ്പയാകട്ടെ, തന്നെ എതിര്‍ക്കുന്ന ഒരു പാത്രിയാര്‍ക്കീസ് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ വരുന്നതിനേക്കാള്‍ കാമ്യമായി കരുതിയത് ഒരു തുര്‍ക്കി സുല്‍ത്താന്‍ ഭരിക്കുന്നതായിരുന്നു... ഈ പിളര്‍പ്പാണ് പിന്നീട് ഇസ്ലാമിന്‍റെയും മറ്റും ആക്രമണങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിച്ചത്" (പേജ് 445).

ഏഷ്യാമൈനറിന്‍റെയും റോമിന്‍റെയും അഞ്ചര നൂറ്റാണ്ടുകള്‍ നീണ്ട ബന്ധത്തിലുണ്ടായ വിള്ളലുകള്‍ വേദനാജനകമാണ്. സഭകള്‍ മതതീഷ്ണതയില്‍ ആളിക്കത്തുമ്പോള്‍ അതില്‍ വെന്തെരിയുന്നത് സഭതന്നെയാണ് എന്ന സന്ദേശമാണ് ഇവിടെ ഉയരുന്നത്. ഇതിനിടയില്‍ നിഖ്യാ സൂന്നഹദോസിന്‍റെ 1700-ാം വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാം എന്ന നിര്‍ദ്ദേശം റോമില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോയ്ക്ക് കൈമാറുമ്പോള്‍ മുറിവുകള്‍ ഉണങ്ങിയെന്ന് കരുതാം. എന്നാല്‍ ഈ സന്തോഷത്തില്‍ പങ്കാളികളാകാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ അധികമാരും അവശേഷിച്ചിട്ടില്ല എന്നതാണ് ദുഃഖകരമായ കാര്യം (തുടരും)


കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0