marianvibes
marianvibes
Monday, 09 Dec 2024 00:00 am
marianvibes

marianvibes

കോട്ടയം: റേഷന്‍ കടയില്‍നിന്നു സാധനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ സഞ്ചി പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ റേഷന്‍ വ്യാപാരികളുടെ വ്യാപക പ്രതിഷേധം.

കഴിഞ്ഞ ദിവസമാണ് റേഷന്‍ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നവരുടെ സഞ്ചി പരിശോധിക്കണമെന്നും വീടുകളില്‍ സന്ദര്‍ശനം നടത്തി റേഷന്‍ സാധനങ്ങള്‍ കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും കാണിച്ചു ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കിയത്. 

റേഷന്‍ കടയില്‍നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി പുറത്തിറങ്ങുമ്ബോള്‍ ബില്‍ പ്രകാരമുള്ള അളവും തൂക്കവും ഉണ്ടോ എന്നു പരിശോധിച്ച്‌ ഉറപ്പു വരുത്തുന്നതിനാണ് പുതിയ ഉത്തരവ്. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഓഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ മാസത്തില്‍ കുറഞ്ഞത് അഞ്ചു കടകളിലെങ്കിലും കൃത്യമായി പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം. 

ഇത്തരം റിപ്പോര്‍ട്ടുകള്‍ എല്ലാ മാസവും ലഭിക്കുന്നുണ്ടോയെന്ന് ഡെപ്യൂട്ടി കണ്‍ട്രോള്‍ ഓഫ് റേഷനിംഗ് ഉറപ്പാക്കണം. വിജിലന്‍സ് ആവശ്യപ്പെട്ടതു പ്രകാരമാണു നിര്‍ദേശമെന്നും കമ്മീഷണറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ ഈ ഉത്തരവിനെതിരെ റേഷന്‍ വ്യാപാരികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. റേഷന്‍ സാധനങ്ങള്‍ എല്ലാ മാസവും കൃത്യമായി വാങ്ങുന്ന കാര്‍ഡുടമകള്‍ ഇതുവരെയും അളവിലോ തൂക്കത്തിലോ പരാതി ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭക്ഷ്യപൊതുവിതരണ കമ്മീഷണറുടെ ഉത്തരവ് അനാവശ്യമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നുമാണ് വ്യാപാരിസമൂഹം പറയുന്നത്. 

പതിറ്റാണ്ടുകളായി കാര്‍ഡ് ഉടമകള്‍ക്കു ലഭിച്ചുകൊണ്ടിരുന്ന പഞ്ചസാരയും മണ്ണെണ്ണയും നിര്‍ത്തലാക്കിയതിലാണ് പൊതുജനങ്ങള്‍ക്കു പ്രതിഷേധമുള്ളതെന്നും വ്യാപാരികള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പിനു മിണ്ടാട്ടമില്ല. ഇതു സംബന്ധിച്ചു തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാനാകില്ലെന്നും കാര്‍ഡ് ഉടമകള്‍ പരസ്പരം ഭക്ഷ്യധാന്യം കൈമാറിയാല്‍ അതിന്‍റെ ബാധ്യത റേഷന്‍ വ്യാപാരികള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്നും വ്യക്തമാക്കി വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 

കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചു കൂടുതല്‍ ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വന്‍ അഴിമതിയും കരിഞ്ചന്തയുമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നതെന്ന് വരുത്തിത്തീര്‍ത്ത് ഉള്ളതുകൂടി ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണോ ഉത്തരവിനു പിന്നിലെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. 

ജില്ലാ പ്രസിഡന്‍റ് ബാബു ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സേവ്യര്‍ ജയിംസ്, സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലന്‍, വി. ജോസഫ് വൈക്കം, കെ.എസ്. സന്തോഷ്‌കുമാര്‍, ലിയാഖത് ഉസ്മാന്‍, ജോര്‍ജുകുട്ടി വൈക്കം, സാബു ബി. നായര്‍, ആര്‍. രമേശ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m