ജനജീവിതത്തെ ദുസഹമാക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ് കേരള വനം നിയമ ഭേദഗതിയെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുപോലും വാറന്റില്ലാതെ ആരുടെ വീട്ടിലും എവിടെയും കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകുന്ന ഈ നിയമഭേദഗതി ദൂരവ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണമാകുമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ചൂണ്ടിക്കാട്ടി.
വനത്തോടുചേർന്നുള്ള പുഴകളിൽ പരിപൂർണ മീൻപിടിത്ത നിരോധനവും തദ്ദേശവാസികളുടെ എല്ലാവിധ അവകാശങ്ങളും ഹനിച്ചുകൊണ്ട് വനംവകുപ്പിന്റെ കൈപ്പിടിയിൽ പുഴയും മറ്റു വനാതിർത്തി പ്രദേശങ്ങളും കൊണ്ടുവരുന്നതും പ്രകൃതിയുടെ യഥാർത്ഥ സംരക്ഷകരായ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനുപുറമേ പോലീസിൻ്റെ അധികാരം വനംവകുപ്പിനു നൽകുന്നത് വനംരാജ് നടപ്പാക്കാനുള്ള ഗൂഢ തന്ത്രമാണ്. അതിനാൽ ഇതിൽനിന്നു സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.