തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വർഗ്ഗീയ - തീവ്രവാദ ചിന്തകൾ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികൾക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങൾ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാർക്കെതിരെ പ്രതികരിക്കാനും അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നത് കത്തോലിക്കാ സഭയാണ്. കെസിബിസി തലത്തിൽ പൊതുവായും പലപ്പോഴായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളിൽ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ വിധ തീവ്രവാദ വർഗീയ നിലപാടുകളെയും ഒരുപോലെ തള്ളിപ്പറയുക എന്നതിനപ്പുറം മറ്റൊരു നിലപാടും കത്തോലിക്കാ സഭാ നേതൃത്വത്തിന് ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.
എല്ലാ മത - സമുദായ - ആത്മീയ - രാഷ്ട്രീയ നേതൃത്വങ്ങളും അപ്രകാരം തന്നെ ചെയ്യണമെന്നുമാണ് സഭയുടെ പക്ഷം. ഈ കാലഘട്ടത്തിൽ പലവിധത്തിൽ വർധിച്ചുവരുന്ന വിഭാഗീയ ചിന്തകളും വിദ്വേഷ പ്രവണതകളും മതവിശ്വാസങ്ങളുടെ ഓരംപറ്റി വളർന്നു വന്നിട്ടുള്ള വർഗ്ഗീയ - തീവ്രവാദ പ്രസ്ഥാനങ്ങളുടെ വക്താക്കളിലൂടെയാണ് സമൂഹത്തിൽ പ്രചരിച്ചിട്ടുള്ളത്. എല്ലാത്തരം വിഭാഗീയ - വർഗ്ഗീയ പ്രത്യയശാസ്ത്രങ്ങളും ഒന്നുപോലെ ഇല്ലാതാവുകയാണ് ഈ നാടിന്റെ സുസ്ഥിതിക്കും വളർച്ചയ്ക്കും ആവശ്യമെന്നതിനാൽ, മാനവികതയ്ക്കും സാഹോദര്യ ചിന്തകൾക്കും സഹവർത്തിത്വത്തിനും ഉയർന്ന പരിഗണന നൽകിക്കൊണ്ട് എല്ലാ നേതൃത്വങ്ങളും ഇത്തരം ദുഷ്പ്രവണതകളെ തള്ളിപ്പറയുകയും അകറ്റി നിർത്തുകയും വേണം. ബഹുസ്വരതയുടെ അന്തരീക്ഷം മാനിക്കപ്പെടുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് ആധുനിക സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. ബഹുസ്വരതയും സഹവർത്തിത്വവും മാനവികതയുമാണ് ആധുനിക സംസ്കാരത്തിന്റെ അടിത്തറയും കാതലും. അത്തരം മൂല്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടോ മാറ്റിനിർത്തിക്കൊണ്ടോ ഒരു സമൂഹ പുനർനിർമ്മിതി അസാധ്യമാണ്. അതിനുള്ള ശ്രമങ്ങൾ പോലും പരിഹരിക്കാൻ കഴിയാത്ത വിള്ളലുകളിലേയ്ക്കും തകർച്ചയിലേയ്ക്കും ഈ സമൂഹത്തെ നയിക്കും.
മതങ്ങളെ മറയാക്കി ഉയർന്നുവന്നിട്ടുള്ള തീവ്രവാദ ആശയങ്ങളെയും പ്രവർത്തനങ്ങളെയും എന്നും എതിർക്കുന്ന, അത്തരക്കാരെ തുറന്നു കാട്ടുന്ന കത്തോലിക്കാ സഭ, സ്വന്തം സമുദായത്തിനുള്ളിലും വേരുകൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന, ഇതര മത വിദ്വേഷം പടർത്തുന്ന നിലപാടുകളെയും പ്രസ്ഥാനങ്ങളെയും ഗൗരവമായി നിരീക്ഷിക്കുകയും തിരുത്തുകയും, തിരുത്തപ്പെടാൻ തയ്യാറല്ലെങ്കിൽ തള്ളിപ്പറയുകയും ചെയ്യും. അതു സഭയുടെ അജപാലന ധർമ്മം മാത്രമല്ല, പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ നിറവേറ്റൽ കൂടിയാണ്. സ്വസമുദായത്തോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് ഇതര മതങ്ങളെയോ സമുദായങ്ങളെയോ അനാദരിക്കുന്ന നിലപാടുകൾ സ്വീകരിച്ചുകൊണ്ടായിരിക്കരുത് എന്ന് സഭ ആഗ്രഹിക്കുന്നു. സഭയുടെ ഇത്തരം ഉറച്ച നിലപാടുകൾക്ക് വിരുദ്ധമായ ധാരണകൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരും ഇത്തരം നിലപാടുകൾ വെളിപ്പെടുത്തപ്പെടുമ്പോൾ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരോ, മാനവിക മൂല്യങ്ങളെ വിലമതിക്കാൻ തയ്യാറുള്ളവരോ ആയിരിക്കുന്നവരാകാനിടയില്ല. ഇത്തരത്തിൽ വിഭാഗീയതകൾ വളർത്തുന്നവരെ തിരിച്ചറിയാനും സഹവർത്തിത്വവും ബഹുസ്വരതയും ഉറപ്പുവരുത്താനും ഈ മതേതര സമൂഹം സജ്ജമാകണം.
കടപ്പാട് : KCBC ജാഗ്രത കമ്മീഷൻ