marianvibes
marianvibes
Sunday, 22 Dec 2024 00:00 am
marianvibes

marianvibes

മലപ്പുറം: ലോക ഗണിതശാസ്ത്രമേഖലയ്ക്ക് ഇന്ത്യ നല്‍കിയ മഹിതമായ സംഭാവനകള്‍ ഒരു വിദേശചരിത്രകാരനിലൂടെ വീണ്ടും ചർച്ചയാകുന്നു.

പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും ഇൻഡോളജിസ്റ്റുമായ വില്യം ഡാല്‍റിംപിളിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ദ ഗോള്‍ഡൻ റോഡ്' ആണ് ഭാരതീയർ ഗണിതശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ വാഴ്ത്തുന്നത്.

പല ഭൂഖണ്ഡങ്ങളിലും എഴുത്തും വായനയും എത്തുന്നതിനുമുൻപുതന്നെ ഇന്ത്യക്കാർ ഗണിത-ജ്യോതിശാസ്ത്രരംഗത്ത് മികച്ച ഗവേഷണങ്ങള്‍ നടത്തിയിരുന്നു. പൗരാണിക ഗണിതശാസ്ത്രഗന്ഥങ്ങള്‍ അതിനു തെളിവാണ്. അത്തരത്തില്‍ പൗരാണിക ഇന്ത്യ ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് ഡാല്‍റിംപിളിന്റെ പുസ്തകം ചർച്ച ചെയ്യുന്നത്. 

ഗണിതശാസ്ത്രമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ദശാംശസമ്ബ്രദായം, ബീജഗണിതം, ത്രികോണമിതി, അല്‍ഗോരിതം, പൂജ്യം ഉള്‍പ്പെടെയുള്ള സംഖ്യാസമ്ബ്രദായം തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ രൂപപ്പെട്ടതാണെന്നും ഇവിടെനിന്ന് മറ്റു നാഗരികതകളിലേക്ക് പ്രചരിച്ചതാണെന്നും ഡാല്‍റിംപിള്‍ സമർത്ഥിക്കുന്നു. മിക്ക ഗണിത-ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും ആദ്യം അറബിയിലേക്കും പിന്നീട് ഇതരഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. അറബികളിലൂടെയാണ് ഇന്ത്യൻ ഗണിതരീതികള്‍ ലോകമാകെ പ്രചരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഗോളങ്ങളുടെ സഞ്ചാരപാതയും 'പൈ'യുടെ മൂല്യവും ഭൂഗോളത്തിന്റെ ചുറ്റളവുമെല്ലാം കണ്ടെത്തിയ ആര്യഭട്ടൻ, 90 ഡിഗ്രിക്ക് മുകളിലുള്ള കോണുകളുടെ സൈൻ വില കണ്ടുപിടിക്കാൻ സമവാക്യം നിർമിച്ച ഭാസ്കരൻ, പൂജ്യം ഉപയോഗിച്ചുള്ള ക്രിയകള്‍ക്ക് നിയമമുണ്ടാക്കിയ ബ്രഹ്മഗുപ്തൻ തുടങ്ങി ഒട്ടേറെ ഗണിതപ്രതിഭകള്‍ രൂപപ്പെടുത്തിയതാണ് ആധുനിക ഗണിതശാസ്ത്രം. ആ കണ്ണിയുടെ ഇങ്ങേയറ്റം ശ്രീനിവാസരാമാനുജനിലാണ് അവസാനിക്കുന്നത്.

കേരളത്തിനും അഭിമാനിക്കാം...

ഗണിതശാസ്ത്രജ്ഞരുടെ കാര്യത്തില്‍ കേരളത്തിനും സമ്ബന്നമായ ഒരു പാരമ്ബര്യമുണ്ട്. സി.ഇ. 1350-ല്‍ ഇരിഞ്ഞാലക്കുടയില്‍ ജനിച്ച സംഗ്രാമമാധവനാണ് ത്രികോണമിതി, കാല്‍ക്കുലസ്, ജ്യാമിതി സിദ്ധാന്തങ്ങളില്‍ വിപ്ലവമുണ്ടാക്കിയത്. എട്ടാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരില്‍ വാനനിരീക്ഷണനിലയം സ്ഥാപിച്ചയാളാണ് ശങ്കരനാരായണൻ. ആര്യഭടീയത്തെ അടിസ്ഥാനമാക്കി 'ദൃഗ്ഗണിതം' രചിച്ച വടശ്ശേരി പരമേശ്വരൻ പൊന്നാനി ആലത്തൂർ സ്വദേശിയായിരുന്നു. 

ഗ്രഹ-നക്ഷത്രഗണനയ്ക്ക് കൃത്യതയുണ്ടാക്കിയത് അദ്ദേഹമാണ്. നക്ഷത്രനിരീക്ഷണത്തില്‍ വലിയ സംഭാവന നല്‍കിയ 'പരഹിതപദ്ധതി' ആവിഷ്കരിച്ച ഹരിദത്തൻ സി.ഇ. 650-ല്‍ തിരുനാവായയിലാണ് ജനിച്ചത്. സി.ഇ. 1444-ല്‍ തിരൂർ തൃക്കണ്ടിയൂരില്‍ ജനിച്ച നീലകണ്ഠസോമയാജി ജിയോമെട്രിക്കല്‍ പ്രോഗ്രഷന്റെ തുക കാണാനുള്ള സൂത്രവാക്യം രാജ്യത്ത് ആദ്യമായി കൊണ്ടുവന്നു. 'പൈ' ഒരു അഭിന്നകസംഖ്യയാണെന്ന് 1671-ല്‍ ലാംബെർട്ട് കണ്ടെത്തുംമുൻപേ സോമയാജി 'ആര്യഭടീയഭാഷ്യ'ത്തില്‍ അത് പറഞ്ഞിരുന്നു.

ആലത്തൂരില്‍ത്തന്നെ ജനിച്ച ജ്യേഷ്ഠദേവൻ യുക്തിഭാഷ, ദൃക്കരണം എന്നീ ഗണിതഗ്രന്ഥങ്ങള്‍ രചിച്ചു. ഗ്രഹസ്ഫുടഗണനം പ്രതിപാദിക്കുന്ന 'ഗോളദീപിക'യടക്കമുള്ള ഗ്രന്ഥങ്ങള്‍ രചിച്ചയാളായിരുന്നു തൃക്കണ്ടിയൂരില്‍ ജനിച്ച അച്യുത പിഷാരടി. 1660-ല്‍ തൃശ്ശൂരില്‍ ജനിച്ച പുതുമന സോമയാജി ജ്യോതിശാസ്ത്രത്തെപ്പറ്റി 'കരണപദ്ധതി' എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 'നാരായണീയം' രചിച്ച മേല്‍പുത്തൂർ നാരായണഭട്ടതിരിപോലും അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രപണ്ഡിതനായിരുന്നു എന്നറിയുന്നവർ കുറവാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                              Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0