marianvibes
marianvibes
Wednesday, 25 Dec 2024 00:00 am
marianvibes

marianvibes

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്തുമസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്.

ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്തുമസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്തുമസ് സന്ദേശം നല്‍കി. യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്തുമസിനാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്ന് മാർപാപ്പ ആഹ്വനം ചെയ്തു.

മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്തുമസ് രാത്രിയും കടന്നുപോകുന്നത്. സന്മനസുള്ളവർക്ക് സമാധാനമെന്ന് ലോകത്തോട് അരുള്‍ ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷമാക്കിയിരിക്കുകയാണ് നാടും നഗരവും. കരോള്‍ ഗാനങ്ങളും മധുരം പങ്കുവെക്കലും പാതിരാ കുർബാനയുമായി വിശ്വാസികളുടെ കൂടിച്ചേരലുകള്‍ ഇത്തവണത്തെ ആഘോഷത്തിനും മാറ്റേകി.

ഡിസംബർ പിറന്നതോടെ വിശ്വാസികള്‍ ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ നേരത്തെ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വർണശോഭ നല്‍കി. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്തുമസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമായി.

സംസ്ഥാനത്തെ പ്രധാന ദൈവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകള്‍ നടന്നു. പാതിര കുർബാനകളില്‍ വൻ തിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. തിരുവനന്തപുരം പാളയം പള്ളി, പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍, കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നിവിടങ്ങളില്‍ വൈദികർ കുർബാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

മരിയൻ വൈബ്സിന്റെ എല്ലാ വായനക്കാർക്കും  സമാധാനവും പ്രത്യാശയും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m