മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിൻ്റെ നിലപാട് നിയമപരമായും ധാർമികമായും നിലനിൽക്കാത്തതാണെന്ന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). മുനമ്പം പ്രശ്‌നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർക്കു സമർപ്പിച്ച നിവേദനത്തിലാണ് കെആർഎൽസിസി ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌ത കേരള വഖഫ് ബോർഡിന്റെ തീരുമാനം പൂർണമായും തെറ്റും അനുചിതവുമാണ്.
വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകൾ, അക്കാലത്തെ ഭൂമിയുടെ യഥാർത്ഥ കൈവശാവകാശികൾ, ആ കാലയളവിൽ നിലനിന്നിരുന്ന നിയമവ്യവസ്ഥകൾ, തീരുമാനത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോർഡ് തീരുമാനിക്കുകയായിരുന്നു. 1988-93 കാലയളവിലാണ് ഫാറൂഖ് കോളജ് അധികാരികൾ ഈ ഭൂമി അക്കാലത്തെ വിപണി വിലയ്ക്കനുസൃതമായി മുനമ്പം നിവാസികൾക്കു കൈമാറുന്നത്. 1954ലെ വ ഖഫ് നിയമത്തിലെ വകുപ്പ് 36 അനുസരിച്ച് വഖഫ്‌ബോർഡ് ആസ്‌തി രജിസ്റ്ററിൽ ചേർത്തിട്ടുള്ള ഏതൊരു ഭൂമിയും ബോർഡിൻ്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഇക്കാലയളവിൽ നിലനിന്നിരുന്ന 1954ലെ വഖഫ് നിയമത്തിലെ സെക്ഷൻ 36 (ബി) വ്യവസ്ഥയനുസരിച്ച് വഖഫ് ബോർഡിൻ്റെ ആസ്‌തി രജിസ്റ്ററിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിനു മാത്രമാ ണ് വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതി ആവശ്യമായി വരുന്നത്.
എന്നാൽ മുനമ്പത്തെ ഭൂമി ഇടപാടുകൾ വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് എന്നതിനാൽ അസാധുവാകുന്നു എന്നാണ് വഖഫ് ബോർഡ് വാദി ക്കുന്നത്. ഈ സ്വത്തുക്കളാകട്ടെ 2019 വരെ വഖഫ് ബോർഡിൻ്റെ ആസ്‌തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം, ഈ ഭൂമി ഫാറൂഖ് കോളജിനു സമ്മാനമായി ലഭിച്ച സ്വത്താണ്. 1975 ൽ കേരള ഹൈക്കോടതി വിധിയിൽ ഫാറുഖ് കോളജിനു സമ്മാനമായി ലഭിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അതിനാൽ ഫാറൂഖ് കോളജ് വസ്തുക്കൾ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണെന്നും വഖഫ് ബോർഡിന്റെ തീരുമാനം നിയമപരമല്ലാത്തതും അധാർമികവുമാണെന്നും കെആർഎൽസിസി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m