മലപ്പുറം: നിലമ്ബൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ റിമാൻഡിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചു.
അറസ്റ്റു ചെയ്ത അൻവറിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്ബി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തു.
ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയത്. ജയിലില്‍ എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപതിയില്‍ പ്രവേശിപ്പിച്ചു വൈദ്യപരിശോധന നടത്തിയിരുന്നു. പി വി അൻവർ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയ വിവരമറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ അന്‍വര്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പിണറായി സര്‍ക്കാര്‍ തന്നെ ഭീകരനാക്കിയെന്നും കേരള ചരിത്രത്തില്‍ ഇത്രയും മുസ്‌ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
നിലമ്ബൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്ബൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഈ കേസില്‍ പി വി അന്‍വർ ഒന്നാം പ്രതിയാണ്. കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയിരിക്കുന്നത്. അൻവറിന്റെ അറസ്റ്റില്‍ പിണറായി സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, മാത്യു കുഴല്‍നാടൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ രംഗത്തെത്തി.