marianvibes
marianvibes
Friday, 10 Jan 2025 00:00 am
marianvibes

marianvibes

കാക്കനാട്: കൊച്ചിനഗരത്തില്‍ മൂവായിരം ഹരിത ഓട്ടോകള്‍ ഓടാനുള്ള സമയമായി. രണ്ടായിരം ഇലക്‌ട്രിക് ഓട്ടോകള്‍ക്കും സി.എൻ.ജി./എല്‍.പി.ജി./എല്‍.എൻ.ജി. തുടങ്ങിയ വിഭാഗത്തിലുള്ള ആയിരം ഓട്ടോറിക്ഷകള്‍ക്കുമുള്ള പെർമിറ്റ് അപേക്ഷകള്‍ ജനുവരി എട്ടുമുതല്‍ 12 വരെ സ്വീകരിക്കും. കളക്ടറേറ്റ് വളപ്പിലെ ടൈമിങ് കോണ്‍ഫറൻസ് ഹാളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെ അപേക്ഷകള്‍ സ്വീകരിക്കാൻ രണ്ട് കൗണ്ടറുകള്‍ തുറക്കുമെന്ന് എറണാകുളം ആർ.ടി.ഒ. ടി.എം. ജേഴ്സണ്‍ പറഞ്ഞു. ഓണ്‍ലൈൻ വഴി അപേക്ഷ സ്വീകരിക്കില്ല. സിറ്റിയിലോടുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ഹരിത ഓട്ടോകള്‍ക്ക് നിറം നല്‍കും. കൂടാതെ ഓട്ടോഡ്രൈവറുടെ പേര് തിരിച്ചറിയാൻ പോക്കറ്റിനുമുകളില്‍ നെയിംപ്ലേറ്റ് വെയ്ക്കും. മൂവായിരം ഹരിത ഓട്ടോറിക്ഷകളുടെ സിറ്റി പെർമിറ്റുകളുടെ വിഹിതവും തരംതിരിച്ചു.

ജനറല്‍ വിഭാഗത്തിലെ അപേക്ഷകർക്ക് 65 ശതമാനവും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവർക്ക് 10 ശതമാനവും രജിസ്റ്റർ ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനവും കൊച്ചി മെട്രോ റെയിലിന് പത്തുശതമാനവും ആണ് അനുവദിച്ചിരിക്കുന്നത്. മെട്രോ അധികൃതർക്ക് ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് മാത്രമാണ് പെർമിറ്റ്. ഒരു രജിസ്റ്റേഡ് സൊസൈറ്റി അല്ലെങ്കില്‍ കെ.എം.ആർ.എല്‍. ഒഴികെയുള്ള ഒരുവ്യക്തിക്കും ഒന്നില്‍ കൂടുതല്‍ പെർമിറ്റ് അനുവദിക്കില്ല. പെർമിറ്റില്ലാതെ അനധികൃതമായി നൂറുകണക്കിന് ഓട്ടോറിക്ഷകള്‍ സർവീസ് നടത്തുന്നതായി നേരത്തേ കണ്ടെത്തിയതോടെയാണ് ഇവയെ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായി മൂവായിരം ഹരിത ഓട്ടോകള്‍ നിരത്തിലിറക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. പെർമിറ്റ് ഉള്ളതും ഇല്ലാത്തതുമായ 7,500 ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സർവീസ് നടത്തുന്നുണ്ടെന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നിലവില്‍ 4,000 ഓട്ടോകള്‍ക്ക് മാത്രമാണ് കൊച്ചിയില്‍ പെർമിറ്റ് അനുവദിച്ചിട്ടുള്ളത്.

പെർമിറ്റ് അപേക്ഷ

ആർ.ടി. ഓഫീസുകളില്‍നിന്നും സബ് ആർ.ടി. ഓഫീസുകളില്‍നിന്നും മോട്ടോർ വാഹനവകുപ്പിന്റെ mvd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോമുകള്‍ ലഭിക്കും. മോട്ടോർവാഹന വകുപ്പ് പുറത്തിറക്കിയിട്ടുള്ള ക്യൂ.ആർ. കോഡ് സ്കാൻ ചെയ്താല്‍ അപേക്ഷയും കൂടാതെ എന്തൊക്കെ രേഖകള്‍ ഹാജരാക്കണമെന്നതിനുള്ള വ്യക്തതയും വരുമെന്ന് അധികൃതർ പറഞ്ഞു.

മറ്റ് പെർമിറ്റ് നിബന്ധനകള്‍

* പുതുതായി അനുവദിച്ചവർക്ക് ബോണറ്റ് നമ്ബറുകള്‍ നല്‍കുന്നത് മറ്റ് വാഹനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിലവിലുള്ള ബോണറ്റ് നമ്ബറുകളുടെ തുടർച്ചയായിരിക്കും.

* സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷയുടെ ഓരോ ഡ്രൈവറും ഡ്യൂട്ടി സമയത്ത് ധരിക്കുന്ന യൂണിഫോമിന്റെ വലതുനെഞ്ചില്‍ നെയിം പ്ലേറ്റ് ധരിക്കണം.

* ഏഴുവർഷത്തില്‍ കൂടുതല്‍ പ്രായമുള്ള ഓട്ടോകള്‍ക്ക് സിറ്റി പെർമിറ്റ് അനുവദിക്കില്ല

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m