marianvibes
marianvibes
Saturday, 11 Jan 2025 00:00 am
marianvibes

marianvibes

AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ പേര്. യൌവനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഓസ്‌വിയൂ രാജാവിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളുടെ ഭൂവുടമയായി അദ്ദേഹം ജോലി ചെയ്തിരിന്നു. അദ്ദേഹത്തിന്റെ 25 -മത്തെ വയസ്സില്‍ ഈ സേവനം അവസാനിപ്പിക്കുകയും ഭൂമിയും തോട്ടവും ഉപേക്ഷിച്ച് റോമിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയ ആചാര രീതികളുടെ ഉറവിടം അയര്‍ലണ്ട് ആയിരുന്നു. എന്നാല്‍ വിശുദ്ധന്‍ റോമില്‍ കണ്ട ക്രിസ്തീയ ആചാര രീതികള്‍ പാടെ വ്യത്യസ്തമായിരുന്നു. അവിടുത്തെ വിശ്വാസരീതികളില്‍ അദ്ദേഹം വളരെ ആകൃഷ്ടനായി.

വില്‍ഫ്രെഡ് എന്ന പേരായ സഹായിയേയും കൂട്ടി വിശുദ്ധന്‍ നോര്‍ത്തംബ്രിയായില്‍ തിരിച്ചെത്തി. താന്‍ റോമില്‍ കണ്ട ക്രിസ്തീയ വിശ്വാസ-ആചാര രീതികള്‍ വിശുദ്ധന്‍ അവിടെ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 664-ല്‍ ഓസ്‌വിയൂ രാജാവ്, ഐറിഷ് വിശ്വാസരീതിക്ക് പകരമായി റോമന്‍ വിശ്വാസ രീതി തന്റെ രാജ്യത്ത് നിലവില്‍ വരുത്തിയതായി പ്രഖ്യാപിച്ചു. 666-ല്‍ ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള ലെരിന്‍സ് ദ്വീപിലെ ആശ്രമത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധന്‍ ചേര്‍ന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ നാമം ബെനഡിക്ട് എന്നാക്കി മാറ്റിയത്. റോമിലെ ആചാരങ്ങളേ കുറിച്ച് കൂടുതല്‍ പഠിക്കുവാനായി 668-ല്‍ വിശുദ്ധന്‍ വീണ്ടും റോമിലേക്ക് പോയി.

673-ല്‍ നോര്‍ത്തംബ്രിയയില്‍ തിരിച്ചുവന്ന ബെനഡിക്ട് ബിസ്കപ്പ്, ഓസ്‌വിയൂ രാജാവിന്റെ പിന്‍ഗാമിയായിരിന്ന എഗ്ഫ്രിഡില്‍ നിന്നും അവിടെ ഒരാശ്രമം സ്ഥാപിക്കുവാനുള്ള അനുവാദവും സാമ്പത്തികസഹായവും നേടിയെടുത്തു. അങ്ങനെ 674-ല്‍ വേര്‍മൌത്തില്‍ സെന്റ്‌ പീറ്റര്‍ ആശ്രമം തുടങ്ങി. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന റോമന്‍ ശൈലിയിലുള്ള വലിയ നിര്‍മ്മിതി ആയിരുന്നു ഈ ആശ്രമം. ആശ്രമത്തിന്‍റെ നിര്‍മ്മാണത്തിനായി ആശാരിമാരേയും, മറ്റ് പണിക്കാരേയും ഫ്രാന്‍സില്‍ നിന്നുമാണ് കൊണ്ട് വന്നത്.

വിശുദ്ധന്‍റെ പ്രത്യേക ഇടപെടല്‍ മൂലം ആശ്രമത്തില്‍ ഒരു ബെനഡിക്ടന്‍ നിയമസംഹിത നിലവില്‍ വന്നു. തന്റെ യാത്രയില്‍ അദ്ദേഹം ശേഖരിച്ച ഗ്രന്ഥങ്ങള്‍ ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കി, പക്ഷെ ഇതുകൊണ്ടൊന്നും അദേഹത്തിന് തൃപ്തിയായില്ല. 679-ല്‍ വിശുദ്ധ ബെനഡിക്ട് വീണ്ടും റോമിലേക്ക് പോയി. ഇത്തവണ തന്റെ ആശ്രമത്തിലേക്ക് തിരുശേഷിപ്പുകളും, കലാപരമായ വസ്തുക്കളും, ലിഖിതങ്ങളും കൊണ്ട് വരുന്നതിനായിരുന്നു ആ യാത്ര. കൂടാതെ ആശ്രമ വസ്ത്രങ്ങളും, പുതിയ ചിന്തകളും ആശ്രമത്തിലെത്തിക്കുക എന്ന ലക്ഷ്യവും യാത്രക്ക് പുറകിലുണ്ടായിരുന്നു. പരിശുദ്ധ പിതാവില്‍ നിന്നും വിശേഷാനുകൂല്യങ്ങളും സന്യസ്ഥരെ പഠിപ്പിക്കുന്നതിനായി റോമന്‍ ആരാധന ക്രമങ്ങളുടെ വിവിധ രേഖകളും നേടികൊണ്ടാണ് അദ്ദേഹം തിരിച്ചെത്തിയത്.

തന്‍റെ 52 മത്തെ വയസ്സില്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. പിറ്റേ വര്‍ഷം എഗ്ഫ്രിഡില്‍ നിന്നും കൈപ്പറ്റിയ സാമ്പത്തിക സഹായംകൊണ്ട് രണ്ടു ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും അവ ജാരോയിലെ (നോര്‍ത്തംബ്രിയയില്‍ തന്നെയുള്ള) വിശുദ്ധ പൗലോസിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

682-ല്‍ അദ്ദേഹം വീണ്ടും റോമിലേക്ക് പോയി. നാല് വര്‍ഷത്തോളം വിശുദ്ധന്‍ റോമില്‍ താമസിച്ചു. അദ്ദേഹത്തിന്റെ തിരിച്ചു വരവ്, അദ്ദേഹം നിര്‍മ്മിച്ച ഭവനങ്ങളെ വീണ്ടും അമൂല്യമായ ലിഖിതങ്ങളും, ഗ്രന്ഥങ്ങള്‍ കൊണ്ടും സമ്പുഷ്ടമാക്കി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായി. 690 ജനുവരി 12ന് അദ്ദേഹം കര്‍ത്താവില്‍ നിത്യനിദ്ര പ്രാപിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                             Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0