j38

ഗ്രാമങ്ങളിലെ ദാരിദ്ര്യം കുത്തനെ കുറഞ്ഞു; നഗരങ്ങളിലെ ദരിദ്രരുടെ എണ്ണത്തിലും കാര്യമായ കുറവെന്ന് 2024 എ

ഗ്രാമങ്ങളിലെ ദാരിദ്ര്യം കുത്തനെ കുറഞ്ഞു; നഗരങ്ങളിലെ ദരിദ്രരുടെ എണ്ണത്തിലും കാര്യമായ കുറവെന്ന് 2024 എസ്ബിഐ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഗ്രാമീണ-നഗരമേഖലകളില്‍ ദാരിദ്ര്യം കുറയുന്നതായി റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ ദാരിദ്ര്യ അനുപാതം ആദ്യമായി അഞ്ച് ശതമാനത്തിന് താഴെ എത്തിയതായി എസ്ബിഐ റിസര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമങ്ങളിലെ ദാരിദ്ര്യ അനുപാതം 2023 സാമ്ബത്തിക വര്‍ഷത്തില്‍ 7.2 ശതമാനമായിരുന്നു. 2024 സാമ്ബത്തികവര്‍ഷത്തില്‍ ഇത് 4.86 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ നഗരപ്രദേശങ്ങളിലെ ദാരിദ്ര്യ അനുപാതം 4.6 ശതമാനത്തില്‍ നിന്ന് 4.09 ശതമാനമായി കുറഞ്ഞുവെന്നും എസ്ബിഐ റിസര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ ദാരിദ്ര്യത്തിന്റെ കുറവ് ജനസംഖ്യയില്‍ അഞ്ച് ശതമാനത്തിന് താഴെയുള്ള ആളുകള്‍ക്കിടയില്‍ വര്‍ധിച്ച ഉപഭോഗവളര്‍ച്ചയ്ക്ക് കാരണമായി.

''മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഗ്രാമീണ മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നു. കൂടാതെ വരുമാനത്തില്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞു,'' ഗാര്‍ഹിക ഉപഭോഗ സര്‍വേ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ പറയുന്നു.

കൂടാതെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ ലഭ്യമാക്കിയതും അടിസ്ഥാനസൗകര്യ വികസനവും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചതും ഗ്രാമ-നഗര വിടവുകള്‍ ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്ബിഐ റിപ്പോര്‍ട്ടില്‍ 2024 സാമ്ബത്തികവര്‍ഷത്തിലെ പുതിയ ദാരിദ്ര്യരേഖ നിര്‍ദേശവും മുന്നോട്ടുവെച്ചു. ഇതനുസരിച്ച്‌ ഗ്രാമപ്രദേശങ്ങളില്‍ പ്രതിമാസം 1632 രൂപയും നഗരപ്രദേശങ്ങളില്‍ 1944 രൂപയുമാണ് ദാരിദ്ര്യരേഖയുടെ അടിസ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. 2011-12ല്‍ സുരേഷ് തെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഗ്രാമപ്രദേശങ്ങളില്‍ 816 രൂപയും നഗരപ്രദേശങ്ങളില്‍ 1000 രൂപയുമാണ് ദാരിദ്ര്യരേഖയ്ക്ക് അടിസ്ഥാനമായി കണക്കാക്കിയിരുന്നത്. ഇന്ത്യയിലെ നിലവിലെ ദാരിദ്ര്യ അനുപാതം 4നും 4.5 ശതമാനത്തിനുമിടയിലായിരിക്കുമെന്നും എസ്ബിഐ റിസര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

'' 2021 ലെ സെന്‍സസ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ കണക്കുകളില്‍ ചില വ്യത്യാസങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യം ഇനിയും കുറയാനാണ് സാധ്യതയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ഭക്ഷ്യവസ്തുക്കളിലെ മാറ്റം ഉപഭോഗത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോഗം കുറയുന്നതിന് കാരണമായി. കുറഞ്ഞവരുമാനമുള്ള സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് ഈ മാറ്റം പ്രകടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത്തരം വരുമാനമുള്ള സംസ്ഥാനങ്ങള്‍ ഉപഭോഗ ആവശ്യം നിലനിര്‍ത്തുന്നതിന് ഒരു കാരണമായെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)