j12

വാഹനങ്ങള്‍ക്ക് ഇന്ധന നിറമടയാളം നിര്‍ബന്ധം : സുപ്രീംകോടതി

വാഹനങ്ങള്‍ക്ക് ഇന്ധന നിറമടയാളം നിര്‍ബന്ധം : സുപ്രീംകോടതി

ന്യൂ ഡല്‍ഹി: മലിനീകരണ നിയന്ത്രണ നടപടികള്‍ കാര്യക്ഷമമാക്കാൻ രാജ്യവ്യാപകമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകള്‍ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി.

പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നത് വാഹനങ്ങളുടെ ഇന്ധനം തിരിച്ചറിയാൻ സഹായിക്കും. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളില്‍ പരിമിതികളുണ്ട്. ആവശ്യമെങ്കില്‍ അനുച്ഛേദം 142 പ്രകാരമുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച്‌ വിഷയത്തില്‍ ഇടപെടുമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, എ.ജി. മസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

വായു മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹോളോഗ്രാമുകള്‍ക്കും കളർ-കോഡിങ്ങിനും അതിന്റേതായ നേട്ടമുണ്ട്. നിലവിലുള്ള ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നടപടികളുടെ അടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ തിരിച്ചറിയാനും നടപടി സ്വീകരിക്കാനും കഴിയും. 2018 ആഗസ്റ്റിലാണ് മലിനീകരണ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളർ-കോഡഡ് സ്റ്റിക്കറുകള്‍ എന്ന ആശയം സുപ്രീംകോടതി ആദ്യമായി അവതരിപ്പിച്ചത്.

ഗ്രാപ് പദ്ധതിയില്‍ നിർണായക ഘട്ടങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2018ലെ നിർദേശം ഡല്‍ഹിക്ക് മാത്രമുള്ളതല്ലെന്നും രാജ്യവ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2020 ആഗസ്റ്റില്‍ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റുകളും (എച്ച്‌.എസ്.ആർ.പി) കളർ-കോഡുള്ള സ്റ്റിക്കറുകളും നിർബന്ധമാക്കിയിരുന്നു. ഇത് ലംഘിക്കുന്നവർക്ക് നിലവില്‍ രാജ്യതലസ്ഥാനത്ത് 5,500 രൂപയാണ് പിഴ. 

2018ലെ ഉത്തരവും 2019ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതിയും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർക്കിനായി ഒരു പ്രത്യേക ഭാഗം നല്‍കിയെങ്കിലും ഹോളോഗ്രാമുകളോ കളർ കോഡ് ചെയ്ത സ്റ്റിക്കറുകളോ ഇതില്‍ പരാമർശിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഡിസംബർ 13ന് രാജ്യവ്യാപകമായി വാഹനങ്ങള്‍ ടാഗ് ചെയ്യണമെന്ന് കോടതി നിർദേശിച്ചതോടെ ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത സെക്രട്ടറിമാർക്കും കമീഷണർമാർക്കും ഇത് ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. എന്നാല്‍, നടപടികള്‍ എങ്ങുമായില്ല എന്ന് വിലയിരുത്തിയാണ് കോടതി സവിശേഷാധികാരം ഉപയോഗിച്ച്‌ വിഷയത്തില്‍ ഇടപെടാനുള്ള സന്നദ്ധത അറിയിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)