ക്രിട്ടിക്കൽ കെയർ യൂണിറ്റിനു പുറത്ത് കാത്തിരിക്കുന്ന ഒരാളെ എടുക്കൂ.

ക്രിട്ടിക്കൽ കെയർ യൂണിറ്റിനു പുറത്ത് കാത്തിരിക്കുന്ന ഒരാളെ എടുക്കൂ.

maa126

ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഡോക്ടർ അവളെ നോക്കി ഒന്നു പുഞ്ചിരിക്കുന്നത്. "കണ്ണിമ ഒന്നനക്കി... ശബ്ദത്തോടും ചെറുതായൊന്നു പ്രതികരിച്ചു."

 ഉടലുകളിലേക്ക് ഉറ്റുനോക്കി ശരീരഭാഷയെ തിട്ടപ്പെടുത്തുന്ന ബാധ്യത ഏതൊരു സ്നേഹസാധകനുമുണ്ട്. 

ശരീരം പോലെ മനസ്സിനെ അനാവൃതമാക്കുന്ന വേറൊരു മീഡിയം ഇല്ല. 

മൈക്രോ മൂവ്മെന്റുകളുടെ നിരീക്ഷണം കുറ്റവാളിയെ കണ്ടെത്താൻ ഉപയോഗിക്കപ്പെടുന്നതായി നമുക്കറിയാം.

 പണ്ട് ശരീരവും മനസ്സുമായിരുന്നു. 
ഇപ്പോൾ മനസ്സില്ല. 

കാരണം, 
മുഴുവൻ ശരീരവും മനസ്സായെന്നാണ് അവർ പറയുന്നത്. 

എന്തുകൊണ്ടാണവളുടെ മിഴികളിലെ വെളിച്ചം പെട്ടെന്നു കെട്ടത്? 
ഒരു രാവു കൊണ്ട് അയാളെങ്ങനെയാണ് കൂനിപ്പോയത്? 

വീട്ടകങ്ങളിൽ ഇപ്പോഴും ഗൗരവമായ അനുപാതത്തിൽ ശാരീരികമായ കടന്നുകയറ്റങ്ങൾ നിലനിൽക്കുന്നതിന്റെ കണക്കുകളുണ്ട്. 

'ഥപ്പഡ്' എന്ന ചിത്രത്തേക്കുറിച്ച് ഏറെ കേട്ടു. 

അതിന്റെ കാഴ്ച പുരുഷൻ എന്ന നിലയിൽ തന്റെ തല കുനിപ്പിച്ചുവെന്ന് ഒരു സ്നേഹിതൻ വിളിച്ചുപറഞ്ഞപ്പോൾ നമ്മുടെ പഴയ സിനിമാക്കാലം ഓർത്തു. 
അവനവളെ ഒന്നു പൊട്ടിക്കുമ്പോൾ തിയറ്ററിൽ മുഴങ്ങിയിരുന്ന കാതടിപ്പിക്കുന്ന ഹർഷാരവം. 

കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടല്ലേ.

ആശങ്കകളുള്ള, ആവശ്യത്തിലേറെ മുൻവിധികളുള്ള ഒന്നാണ് സ്പർശം. 

ശരീരഭാഷയുടെ വോക്കൽ കോർഡാണ് കൈത്തലങ്ങൾ. കഠിനസമ്മർദ്ദങ്ങളിൽ ആലിംഗനം പോലൊരു ആശ്വാസമില്ല. 

വെളിപാടുകളിൽ ഉലഞ്ഞുപോയ നബി തിരുമേനി ഖദീജയോടു കെഞ്ചുന്നതുപോലെ, 'എന്നെ ആലിംഗനം കൊണ്ടു പൊതിയുക.' ഇത്രമേൽ ഉറപ്പും സുരക്ഷിതത്വവും നൽകുന്ന മറ്റെന്തുണ്ട്?

 പ്ലേറ്റോണിക് സ്പർശനത്തിന്റെ സാധ്യതകൾ നമ്മൾ ഖനനം ചെയ്യണം. 

അതിൽ നിന്നു രൂപപ്പെടുന്ന ശക്തമായ ഒരു റ്റീം ഡൈനാമിക്സുണ്ട്. 

അത്തരം സ്പർശങ്ങളുടെ അഭാവം വലിയ സാംസ്കാരികപ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ. 

നിരന്തരസ്പർശങ്ങളുടെ സൗഭാഗ്യം കിട്ടിയവർ വയലൻസിലേക്കു വഴുതിപ്പോകില്ല എന്നതും അതിനോടു ചേർത്തു വായിച്ചിട്ടുണ്ട്. 

എളുപ്പമല്ല അത്തരം അനുഭൂതിയുടെ ധാരാളിത്തമുള്ളവർക്ക് അപരനെ വാക്കാലോ ചിന്തയാലോ അപായപ്പെടുത്താൻ. 

ശരീരം എത്ര പഠിച്ചാലും തീരാത്തൊരു പുസ്തകമാണ്. അവൾക്ക് ശരീരത്തേക്കുറിച്ച് എന്താണു പറയാനുള്ളതെന്ന് ധാരണയില്ലാത്തവരാണ് മിക്കവാറും അവരുടെ കൂട്ടുയാത്രക്കാർ. 

ബോസ്റ്റൺ വിമൻസ് ഹെൽത്ത് ബുക്ക് കളക്റ്റീവ് പുറത്തിറക്കിയ Our Bodies Ourselves - ഞങ്ങളുടെ ശരീരം ഞങ്ങളെപ്പറ്റി - എന്ന സ്ത്രീകൾ തയാറാക്കിയ പുസ്തകം ഷെൽഫിൽ എവിടെയെങ്കിലുമുണ്ടോയെന്ന് തപ്പിനോക്കിയാൽ നല്ലതാണ്. 

ഘടികാരത്തിൽ സമയമില്ലാത്തതുപോലെ ശരീരത്തിൽ സ്നേഹവുമില്ല. 

എന്നാലതിന്റെ മിടിപ്പുകൊണ്ട് നേരം അളക്കുന്നതുപോലെ ശരീരവും സ്നേഹത്തിന്റെ മാപിനിയാകുന്നുണ്ട്- യഹൂദി അമിച്ചായിയിൽ നിന്നാണ്.

 കടപ്പാട്:  ബോബിയച്ചൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)