ap52

കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിനൊരുങ്ങി റോമാ നഗരം

കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിനൊരുങ്ങി റോമാ നഗരം

ക്രിസ്തു ജയന്തിയുടെ 2025 വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ, കൗമാരക്കാരുടെ ആഗോള ജൂബിലി സംഗമം ഏപ്രിൽ മാസം ഇരുപത്തിയഞ്ചു  മുതൽ ഇരുപത്തിയേഴു വരെ റോമിൽ വച്ച് നടക്കുന്നു. ജൂബിലി ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് കൗമാരക്കാർക്കുവേണ്ടിയുള്ള സംഗമവും ആഘോഷവും സംഘടിപ്പിക്കുന്നത്. ഇത് വരെ എൺപതിനായിരത്തിനു മുകളിൽ ആളുകളാണ് സംഗമത്തിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ ഓരോ ദിവസവും മുൻപോട്ട് ചെല്ലുംതോറും രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി സംഘാടകർ അറിയിച്ചു. കത്തോലിക്കാ സഭയുടെ ഭരണ സിരാകേന്ദ്രമായ വത്തിക്കാനിലും, നിത്യനഗരമായ റോമിലെ വിവിധ ഇടങ്ങളിലുമായി വിപുലമായ പരിപാടികളാണ്, ജൂബിലി ആഘോഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംഗമത്തിനും, വിശ്വാസവളർച്ചയ്ക്കും, ആത്മീയ പോഷണത്തിനും ഉതകും വിധമുള്ള വിവിധ കാര്യങ്ങൾ സംഗമത്തിൽ ഉൾച്ചേർത്തിരിക്കുന്നു.

ഇറ്റലി, അമേരിക്ക, ബ്രസീൽ, ഇന്ത്യ, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഉക്രൈൻ, യുകെ,  ജർമനി, ചിലി, വെനിസ്വേല, മെക്‌സിക്കോ, ഓസ്‌ട്രേലിയ, അർജന്റീന, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൗമാരക്കാരാണ് സംഗമത്തിൽ സംബന്ധിക്കുന്നതിനായി റോമിൽ എത്തിച്ചേരുന്നത്. സംഗമത്തിന്റെ നടത്തിപ്പിനായി വിവിധ സംഘടനകൾ വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിരവധി സന്നദ്ധപ്രവർത്തകരും സംഗമത്തിൽ പങ്കാളികളാകും. 

വിശുദ്ധ വാതിൽ കടന്നു കൊണ്ട് ആരംഭിക്കുന്ന  സംഗമം, ഇരുപത്തിയേഴാം തീയതി വത്തിക്കാനിലെ വിശുദ്ധ പതോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ പര്യവസാനിക്കും. അന്നേദിവസം, വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കും. ഇരുപത്തിയാറാം തീയതി റോമിലെ വിവിധ ചത്വരങ്ങളിൽ കൗമാരക്കാർക്ക് വേണ്ടി വിവിധ പരിപാടികൾ നടത്തപ്പെടും. വൈകുന്നേരം റോമിലെ ചിർക്കോ മാസിമോയിൽ മെഗാ ഗാനമേളയും സംഘടിപ്പിക്കും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)