ഈശോ പൂര്‍ത്തിയാക്കാതിരുന്ന നാലാമത്തെ പാനപാത്രം ?
ഈശോ പൂര്‍ത്തിയാക്കാതിരുന്ന നാലാമത്തെ പാനപാത്രം ?
............................................
ഈശോ മിശിഹാ തന്‍റെ ശിഷ്യരോടൊത്ത് ആഘോഷിച്ച ഒടുവിലത്തെ അത്താഴത്തെയാണ് പെസഹദിനത്തില്‍ ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഈശോമശിഹാ ശിഷ്യന്മാരുടെ പാദം കഴുകിയതിനെയും അതിനുശേഷം പെസഹാ ഭക്ഷിച്ചതിനെയുമെല്ലാം സവിശേഷമായ ചടങ്ങുകളിലൂടെ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുസ്മരിക്കുന്നു. ഈശോമശിഹായുടെ ഈ അന്ത്യത്താഴത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന തക്സായില്‍ മാര്‍ നെസ്തോറിയസിന്‍റെ പേരിലുള്ള മൂന്നാം അനാഫറയില്‍ പറയുന്നത് "മൂശെയുടെ നിയമപ്രകാരം പെസഹാ ആചരിച്ച വേളയില്‍ ഈശോ തന്‍റെ പുതിയ പെസഹാ സ്ഥാപിച്ചു" എന്നാണ് (പേജ 156).
???? മോശെയുടെയും യേശുവിന്‍റെയും
പെസഹായുടെ സാമ്യങ്ങള്‍
മോശെയുടെ പെസഹാ സംഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യേശുവിന്‍റെ പെസഹാ ആരംഭിച്ചത്. എന്നാലതിൻ്റെ ഒടുവിലത്ത് ഭാഗമായപ്പോഴേക്കും ക്രിസ്തുവിന്‍റെ പെസഹാ ആയി മാറുകയായിരുന്നു. അതിനാല്‍ ഈ രണ്ട് ആചരണങ്ങളും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്നു തോന്നുമെങ്കിലും അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
"ഈ ദിവസം നിങ്ങള്‍ക്ക് ഒരു അനുസ്മരണ ദിവസമായിരിക്കും" (പുറ 12:14) എന്ന കല്‍പ്പന മോശെയുടെ പെസഹാ ആചരണത്തില്‍ കാണപ്പെടുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യഹൂദനായിരുന്ന യേശു, യഹൂദരായിരുന്ന തന്‍റെ ശിഷ്യന്മാരുമൊത്ത് പെസഹാ ആചരിച്ചത്. അപ്രകാരം ഒരു കല്‍പ്പന യേശുക്രിസ്തുവും നല്‍കുന്നുണ്ട്. "എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍" എന്നു ലൂക്ക 22:19, 1 കൊരി 11:25 എന്നീ വാക്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു.
ക്രിസ്തുവിന്‍റെ പെസഹായില്‍, മോശെയുടെ പെസഹാ ആചരണത്തിന് അന്ത്യംകുറിക്കുകയും യേശുവിന്‍റെ പെസഹായാചരണം ആരംഭിക്കുകയും ചെയ്തു. അതായത്, ഒരേസമയം ഒരേ മേശയില്‍ അവിടുന്നു രണ്ട് പെസഹാ ആചരിച്ചെന്നു കാണാം. മോശെയുടെ പെസഹാ അനുഷ്ഠിച്ച് അതിന് അറുതിവരുത്തിക്കൊണ്ട് ഈശോ തന്‍റെ പെസഹാ ആരംഭിച്ചു.
ഫറവോയ്ക്കും മിസ്രയീമ്യര്‍ക്കും അടിമപ്പെട്ടിരുന്നവരുടെ വിമോചനമാണ് മോശെയുടെ പെസഹായില്‍ സംഭവിച്ചതെങ്കിൽ മരണത്തിനും സാത്താനും അടിമയാക്കപ്പെട്ടിരുന്നവരുടെ (ഹെബ്രാ 2:15) വിമോചനമാണ് യേശുവിന്‍റെ പെസഹായില്‍ സംഭവിക്കുന്നത്. ചിന്താശേഷിയില്ലാത്ത ഒരു ആട്ടിന്‍കുട്ടിയാണ് മോശെയുടെ പെസഹായില്‍ അറുക്കപ്പെടുന്നതെങ്കില്‍ ദൈവത്തിന്‍റെ കുഞ്ഞാടായ ഈശേമശിഹാ തന്‍റെ പെസഹായില്‍ സ്വയം അര്‍പ്പിക്കപ്പെടുകയായിരുന്നു.
???? ക്രിസ്തുവില്‍ നിറവേറിയ
ദ്വിമുഖ ശുശ്രൂഷകള്‍ വേറെയും!
ഈശോയുടെ ജീവിതത്തില്‍ ഒരേ പശ്ചാത്തലത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ നിറവേറുന്ന വേറെയും സന്ദര്‍ഭങ്ങളുണ്ട്. യോര്‍ദ്ദാനില്‍ ഒരു സ്നാനം മുങ്ങിയപ്പോള്‍ യഹൂദരുടെ അനുഷ്ഠാനപൂര്‍വ്വമായ സ്നാനം അവന്‍ പൂര്‍ത്തിയാക്കുകയും തന്‍റെ സഭയ്ക്കുവേണ്ടി "മാമ്മോദീസ" എന്ന പുതിയനിയമ സ്നാനത്തിന് അവിടുന്നു തുടക്കംകുറിക്കുകയും ചെയ്തു. കാല്‍വരിയില്‍ അവിടുന്ന് ദൈവത്തിന്‍റെ കുഞ്ഞാടായി ബലിയായപ്പോള്‍ പ്രസ്തുത ബലിയുടെ പുരോഹിതനായത് ഈശോതന്നെ ആയിരുന്നു. അതായത്, കാല്‍വരിക്കുരിശ് ബലി ആയിത്തീര്‍ന്നവന്‍റെയും ബലിയര്‍പ്പകന്‍റെയും സംഗമസ്ഥാനമായിരുന്നു. ഈശോമശിഹാ സ്വന്തരക്തവുമായി ശ്രീകോവിലില്‍ പ്രവേശിച്ച് ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുവെന്നാണ് ഹെബ്രായര്‍ 9:11-14 വരെയുള്ള വാക്യങ്ങളില്‍ വായിക്കുന്നത്.
ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ മനുഷ്യരുടെ ഇടയില്‍ വസിച്ചപ്പോള്‍ അവിടുത്തെ ശരീരത്തില്‍ ദൈവത്വവും മനുഷ്യത്വവും സമഞ്ജസമായി സമ്മേളിച്ചിരുന്നു. ഒരേസമയം ഈശോമശിഹാ പുരോഹിതനും കുഞ്ഞാടുമായിരുന്നതുപോലെ ദൈവത്വത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും പൂര്‍ണ്ണത ഈശോമശിഹാ എന്ന ഏകവ്യക്തിയില്‍ സമ്മേളിച്ചിരുന്നു.1
മോാശെയുടെ പെസഹായില്‍, പെസഹാകുഞ്ഞാടിന്‍റെ രക്തം ഒഴുക്കിക്കളഞ്ഞുവെങ്കില്‍ ദൈവത്തിന്‍റെ കുഞ്ഞാടായ യേശു, തന്‍റെ രക്തം പാനം ചെയ്യുവാനാണ് ആവശ്യപ്പെടുന്നത്. അവന്‍റെ രക്തം ഒരേ സമയം ചൊരിയപ്പെടുകയും പാനം ചെയ്യപ്പെടുകയും ചെയ്തു. "കുടിക്കുന്നവന്‍റെ പാപമോചനത്തിനായി യേശുവിന്‍റെ രക്തം ചൊരിയപ്പെട്ടു" എന്നാണ് സഭാപിതാവായ ഒരിജിന്‍ അഭിപ്രായപ്പെടുന്നത്. മശിഹാ യഥാര്‍ത്ഥ പെസഹാ കുഞ്ഞാടായും പഴയനിയമ പെസഹാ പുതിയനനിയമ പെസഹായുടെ നിഴലായിട്ടുമാണ് ക്രൈസ്തവ സഭ മനസ്സിലാക്കുന്നത്.
???? യഹൂദരുടെ പെസഹാമേശയിലെ വിഭവങ്ങൾ
ഇശോമശിഹായുടെ അന്ത്യത്താഴ ആചരണം മോശെയുടെ പെസഹായുടെ പശ്ചാത്തലത്തില്‍ ആയിരുന്നതിനാല്‍ മോശെയുടെ പെസഹായിലെ അനുഷ്ഠാനങ്ങളെക്കുറിച്ച് നമ്മള്‍ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
യഹൂദരുടെ പെസഹാമേശയില്‍ തയ്യാറാക്കിയിരിക്കുന്നത് വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും കുഞ്ഞാടിന്‍റെ മാംസവും കൈപ്പുള്ള ഇലകളും പഴങ്ങളുമാണ്. യഹൂദ പെസഹാ ആചരണത്തില്‍ അവര്‍ നാലു പ്രാവശ്യം വീഞ്ഞു കുടിക്കുന്നു. ദൈവം മോശയ്ക്കു വെളിപ്പെടുത്തിയ YHWH (യാവെ) എന്ന നാമത്തിലെ നാല് അക്ഷരങ്ങളെയാണ് നാലുപാത്രം വീഞ്ഞ് സൂചിപ്പിക്കുന്നത് എന്ന് പറയപ്പെടുന്നു.
ആദ്യ കപ്പ് വീഞ്ഞ് എല്ലാവരും കുടിക്കുന്നതോടെ പെസഹാ ആചരണം ആരംഭിക്കുന്നു. തുടര്‍ന്ന് പച്ചിലകളും കൈപ്പുചീരകളും ചേര്‍ത്തുള്ള ഭക്ഷണം കഴിക്കുന്നു. അതിനു ശേഷം രണ്ടാമത്തെ കപ്പ് വീഞ്ഞു കുടിക്കുന്നു. തുടര്‍ന്ന് മോശെയുടെ നേതൃത്വത്തിലുള്ള പുറപ്പാട് സംഭവങ്ങളും 113 മുതല്‍ 118 വരെയുള്ള ഹല്ലേല്‍ സങ്കീര്‍ത്തനങ്ങളും വായിക്കുന്നു. അതിനു ശേഷം പെസഹാ കുഞ്ഞാടിന്‍റെ വേവിച്ച മാംസവും പുളിപ്പില്ലാത്ത അപ്പവും ഉള്‍പ്പെടുന്ന മുഖ്യഭക്ഷണത്തിലേക്ക് പ്രവേശിക്കുന്നു.
കുടുംബനാഥന്‍ പുളിപ്പില്ലാത്ത അപ്പം കൈയിലെടുത്തു പ്രാര്‍ത്ഥിച്ചശേഷം അപ്പം മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. കുഞ്ഞാടിന്‍റെ മാംസവും കൈപ്പുള്ള സസ്യങ്ങളും ചേര്‍ത്ത് ഇതു എല്ലാവരും കഴിക്കുന്നു. ഭക്ഷണത്തിനു ശേഷമാണ് കുടുംബനാഥന്‍ മൂന്നാമത്തെ കപ്പെടുത്തു കൃതജ്ഞതാ പ്രാര്‍ത്ഥന ചൊല്ലി കുടുംബാംഗങ്ങള്‍ക്ക് കൈമാറുന്നത്. ഈ സമയത്ത് ഹല്ലേല്‍ സങ്കീര്‍ത്തനങ്ങളുടെ രണ്ടാം ഭാഗം വായിക്കുന്നു. തുടര്‍ന്ന് പെസഹാ ആഘോഷത്തിനു സമാപ്തി കുറിച്ചുകൊണ്ട് നാലാമത്തെ പാനപാത്രം നിറച്ചു അതില്‍നിന്ന് കുടിക്കുന്നു.
???? ഈശോ മശിഹായുടെ
പെസഹാ മേശയിലെ വിഭവങ്ങൾ
യഹൂദ പെസഹായുടെ ഈ ഘടന അറിഞ്ഞുകൊണ്ടു വേണം ഈശോമശിഹായുടെ പെസഹാ ആചരണത്തെ മനസ്സിലാക്കുവാന്‍. ഈശോ ശിഷ്യന്മാരുമായി സമ്മേളിച്ച് അവരെല്ലാവരും ആദ്യത്തെ രണ്ട് പാനപാത്രങ്ങളും പൂർത്തിയാക്കിയതോടെ മോശെയുടെ പെസഹാചരണത്തിന്‍റെ രണ്ട് ഘട്ടങ്ങളും കഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് പുളിപ്പില്ലാത്ത അപ്പം കൈയിലെടുത്ത് ഈശോ വാഴ്ത്തുന്നത്. "അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്തു" എന്ന് മത്തായി 26:26 -ല്‍ വായിക്കുന്നു. തന്‍റെ കൈയിലിരിക്കുന്ന പുളിപ്പില്ലാത്ത ഈ അപ്പത്തിന് അവിടുന്ന് ഒരു പുതിയ വ്യാഖ്യാനം നല്‍കി "വാങ്ങി ഭക്ഷിക്കുവിന്‍, ഇത് എന്‍റെ ശരീരമാകുന്നു" (മത്തായി 26:26). തുടര്‍ന്ന് അത്താഴത്തിനു ശേഷം മൂന്നാമത്തെ തവണ വീഞ്ഞു കുടിക്കുന്ന സമയത്താണ് അവിടുന്ന് തന്‍റെ കൈയില്‍ പാനപാത്രമെടുത്തത്. "അത്താഴത്തിനു ശേഷം പാനപാത്രം എടുത്തു" എന്നു ലൂക്ക 22:20-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു . ഈ മൂന്നാമത്തെ കപ്പിനെയാണ് ഈശോ തന്‍റെ ശിഷ്യന്മാര്‍ക്ക് കുടിക്കുവാന്‍ നല്‍കിയത്. "നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍" എന്നു പറഞ്ഞു (മത്തായി 26:27). അതിന് അവിടുന്നു നല്‍കിയ വ്യാഖ്യാനം 'ഇത് പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്" എന്നായിരുന്നു.
???? വാഴ്ത്തിയ അപ്പവും വീഞ്ഞും
ഈശോ ഭക്ഷിച്ചോ? പാനം ചെയ്തോ?
അന്ത്യത്താഴവേളയില്‍ ഈശോമശിഹാ തന്‍റെ ശരീരമായി പ്രഖ്യാപിച്ച് വാഴ്ത്തിയ അപ്പം തിന്നുകയും തന്‍റെ രക്തമായി പ്രഖ്യാപിച്ചുകൊണ്ട് വാഴ്ത്തിയ കപ്പില്‍നിന്നു കുടിക്കുകയും ചെയ്തോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. വാസ്തവത്തില്‍ ഈ അപ്പം ഭക്ഷിച്ചതിനും മൂന്നാമത്തെ കപ്പ് കുടിച്ചുവെന്നതിനും ബൈബിളില്‍ യാതൊരു തെളിവുമില്ല. ഈശോയുടെ പെസഹാചരണത്തെ വിവരിക്കുന്ന മത്തായി 26:17-30, മര്‍ക്കോസ് 14:12-26, ലൂക്ക 22:7-20 എന്നീ ഭാഗങ്ങളിലൊന്നും ഈശോമശിഹാ വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കിയ അപ്പവും വീഞ്ഞും ഭക്ഷിച്ചു എന്നതു വ്യക്തമാക്കുന്നില്ല.
സഭാപിതാവായ മാര്‍ നെസ്തോറിയസിന്‍റെ തക്സായില്‍ വിവിരിക്കുന്നത് "പെസഹാ ഭക്ഷണ സമയത്ത് കറയില്ലാത്തതും നിർമ്മലവുമായ തൻ്റെ തൃക്കരങ്ങളിൽ അപ്പമെടുത്ത് വാഴ്ത്തി, വിഭജിച്ച്, ഭക്ഷിക്കുകയും തൻ്റെ ശിഷ്യന്മാർക്കു നൽകുകയും ചെയ്തു" എന്നും "അപ്രകാരം തന്നെ കാസയിൽ വീഞ്ഞും വെള്ളവും കലർത്തി കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി പാനംചെയ്ത ശേഷം ശിഷ്യന്മാര്‍ക്ക് നല്‍കി" എന്നുമാണ്. മാര്‍ അപ്രേമും ഇപ്രകാരം ഈശോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത ശേഷമാണ് ശിഷന്മാര്‍ക്കു നല്‍കിയത് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈശോമശിഹാ അന്ത്യത്താഴവേളയില്‍ അപ്പവും വഞ്ഞും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തിരുന്നു എന്നാണ് സഭയുടെ പാരമ്പര്യവിശ്വാസം.
ബൈബിളില്‍ രേഖയില്ലാത്ത അതിപ്രധാനമായ ഈ വിഷയത്തിന് സഭയുടെ പാരമ്പര്യത്തിലാണ് വ്യക്തത ലഭിക്കുന്നത്. വിശുദ്ധ പാരമ്പര്യങ്ങളിലാണ് ക്രിസ്തുവിന്‍റെ മഹാപൗരോഹിത്യം, ദിവ്യബലിയര്‍പ്പണങ്ങളുടെ സാംഗത്യം, വിശ്വാസികളുടെ രാജകീയ പൗരോഹിത്യം എന്നിവയുടെ അടിസ്ഥാനം വെളിപ്പെടുന്നത്.
പാപപരിഹാര ബലിയര്‍പ്പിക്കുന്ന പുരോഹിതന്‍ ബലിവസ്തു ഭക്ഷിക്കണമെന്ന് ലേവ്യര്‍ 6:26, 7:6 ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മഹാപുരോഹതന്‍ എന്ന സമുന്നതമായ സ്ഥാനത്തു നിന്നുകൊണ്ട് ഈശോമശിഹാ, താനര്‍പ്പിച്ച പെസഹാ ബലി ആദ്യം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. അതിനുശേഷം ശിഷ്യര്‍ക്കു ഭക്ഷിക്കാനും പാനംചെയ്യുവാനും നല്‍കി.
"ബലിവസ്തുക്കള്‍ ഭക്ഷിക്കുന്നവര്‍ക്കാണ് ബലിപീഠത്തില്‍ ഭാഗഭാഗിത്വമുള്ളത്" (1 കൊരി 10:18). ശിഷ്യന്മാര്‍ക്ക് ബലിവസ്തുക്കള്‍ ഭക്ഷിക്കുവാനും പാനം ചെയ്യുവാനും അനുവാദം നല്‍കിയതോടെ ഈശോമശിഹാ അവരെയും ബലിപീഠത്തില്‍ ഭാഗഭാഗിത്വമുള്ളവരാക്കി.
???? മോശെയുടെ പെസഹാബലിയും
യേശുവിന്‍റെ പെസഹാ ബലിയും
മോശെയുടെ പെസഹാ "കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാ ബാലിയര്‍പ്പണം" ആയിരുന്നു (പുറ 12:27) ക്രിസ്തു അന്ത്യത്താഴത്തില്‍ ഒരു പുരോഹിതനായി നിന്നുകൊണ്ട് ബലിയര്‍പ്പിക്കുകയായിരുന്നു. അവിടുന്നു പുരോഹിതനും ബലിവസ്തുവും ശ്രീകോവിലും ആയിരുന്നു (ഹെബ്രാ 9:11).
ശിഷ്യന്മാരെ തന്‍റെ പൗരോഹിത്യത്തില്‍ ഈശോ പങ്കാളികളാക്കി. ലേവ്യാപുസ്തകം 7:6 -ല്‍ വായിക്കുന്നു "പുരോഹിത വംശത്തില്‍പെട്ട എല്ലാ പുരുഷന്മാര്‍ക്കും അതു ഭക്ഷിക്കാം". മഹാപുരോഹിതനായ യേശു ബലിവസ്തു ഭക്ഷിക്കുകയും ശിഷ്യന്മാര്‍ക്ക് ഇതില്‍നിന്നു ഭക്ഷിക്കാന്‍ നല്‍കുകയും ചെയ്തതോടെ അവരും തന്‍റെ പൗരോഹിത്യത്തിന്‍റെ ഭാഗമായി മാറി. തുടര്‍ന്ന് "എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍" എന്ന് ശിഷ്യരോട് ആവശ്യപ്പെടുകയും ചെയ്തു. ശിഷ്യന്മാര്‍ അന്ത്യത്താഴത്തിന്‍റെ ഓര്‍മ്മയില്‍ ഈശോമശിഹായുടെ പെസഹാബലി തുടര്‍ന്നു.
????അപ്പത്തിലും വീഞ്ഞിലും അവര്‍
മശിഹായെ ദര്‍ശിച്ചു
"ഇത് എന്‍റെ ശരീരം, ഇത് എന്‍റെ രക്തം" എന്ന് ഈശോ പറഞ്ഞപ്പോള്‍ ഇത് ഞാന്‍തന്നെയാണ് എന്നാണ് അവിടുന്ന് പറഞ്ഞത്. "രക്തത്തില്‍ ജീവന്‍ കുടികൊള്ളുന്നു" എന്നു ലേവ്യര്‍ 17:11 ല്‍ വായിക്കുന്നു. അതായത്, പെസഹാബലി അര്‍പ്പിക്കന്ന അപ്പൊസ്തൊലിക സഭകളുടെ എല്ലാ ബലിപീഠങ്ങളിലും ഈശോമശിഹായുടെ സമ്പൂര്‍ണ്ണത പ്രകടമാകുന്നു.. പൗലോസ് സ്ലീഹാ ഇക്കാര്യം കൊറിന്ത്യ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. "നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിൻ്റെ പാനപാത്രം ക്രിസ്തുവിൻ്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കൊരി 10:16). അപ്പൊസ്തൊലിക സഭകളുടെ ബലിപീഠത്തില്‍ വാഴ്ത്തപ്പെടുന്ന അപ്പവും വീഞ്ഞും ഈശോമശിഹായുടെ ശരീരവും രക്തവുമാണ് എന്ന് പൗലോസ്ലീഹാ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ഈ ശരീര രക്തങ്ങളാണ് ബലിപീഠത്തില്‍നിന്ന് വിശ്വാസികളായ സകലര്‍ക്കുമായി ഭക്ഷിക്കുവാനും പാനം ചെയ്യുവാനും നല്‍കുന്നത്.
പഴയ നിയമ ബലിവേദിയില്‍ പുരുഷന്മാര്‍ക്കു മാത്രമായിരുന്നു ബലിവസ്തുക്കളില്‍ പങ്കുപറ്റുവാന്‍ കഴിഞ്ഞതെങ്കില്‍, പന്തക്കുസ്തായ്ക്കു ശേഷം പരിശുദ്ധ സഭ ഈ ഭൂമുഖത്ത് ഉടലെടുത്തതോടെ സ്ത്രീയെന്നോ പുരുഷനെന്നോ സ്വതന്ത്രനെന്നോ അടിമയെന്നോ യവനനെന്നോ യഹൂദനെന്നോ വ്യത്യാസമില്ല, സകലരും ക്രിസ്തുവില്‍ ഒന്നാണ് എന്ന വസ്തുതയുടെ പ്രഘോഷണവുമാണ് നടക്കുന്നത്.
???? പെസഹായും വിശ്വാസികളുടെ
രാജകീയ പൗരോഹിത്യവും
പത്രോസ് സ്ലീഹാ പെസഹാബലിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ രാജകീയപൗരോഹിത്യം വ്യക്തമാക്കുന്നത്. "യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്ന" വിശുദ്ധപുരോഹിതരാണ് (1 പത്രോസ് 2:5,9) സഭയിലെ എല്ലാ വിശ്വാസികളും. പെസഹാബലിയുടെ ഓര്‍മ്മയില്‍ അവർ ബലിപീഠത്തില്‍ നിന്നു ഭക്ഷിക്കുന്നു. അതിനാല്‍ ഓരോ വിശ്വാസിയും പുരോഹിതനാണ്. "അവിടുന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിയിരിക്കുന്നു" (വെളിപാട് 1:6). ദൈവരാജ്യമെന്നത് പുരോഹിതന്മാരുടെ രാജ്യമാണ്. (Kingdom of priests)
????ഈശോ പൂര്‍ത്തിയാക്കാനിരിക്കുന്ന
നാലാമത്തെ പാനപാത്രം
ഈശോമശിഹാ ശിഷ്യന്മാരോടൊത്തു പങ്കിട്ട അന്തിമപെസഹായില്‍ പറഞ്ഞ ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. "ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കില്ല. എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല" ലൂക്ക രേഖപ്പെടുത്തിയത്: "ദൈവരാജ്യത്തിലാണ് ഈ പെസഹാ പൂര്‍ത്തിയാകുന്നത്" എന്നാണ് . കര്‍ത്താവിന്‍റെ അന്ത്യത്താഴത്തില്‍ ഒടുവിലത്തെയും നാലാമത്തെതുമായ പാനപാത്രം അവിടുന്നു പൂര്‍ത്തീയാക്കിയില്ല. അപ്പോള്‍ കര്‍ത്താവിന്‍റെ പെസഹാ അതിന്‍റെ പൂര്‍ണ്ണമായിട്ടില്ല; അത് സംഭവിക്കാനിരിക്കുന്നതേയുള്ളൂ. അത് വെളിപാട് പുസ്തകം 19-ാം അധ്യായത്തില്‍ വിവരിക്കുന്ന ''കുഞ്ഞാടിന്‍റെ വിവാഹവിരുന്നിൽ'' ആയിരിക്കും പെസഹാ ആഘോഷം പൂര്‍ത്തിയാകുന്നത്. അതുവരെയും പെസഹാബലി സഭയില്‍ കര്‍ത്താവിന്‍റെ പ്രത്യാഗമനം വരെയും പ്രഖ്യാപിച്ചുകൊണ്ടിരിക്കണം (1 കൊരിന്ത്യ ലേഖനം 11:26).
"പീഡാസഹനത്തിനും മരണത്തിനുമുള്ള സമയം ആസന്നമായപ്പോൾ ഈശോ ലോകത്തിന്റെ ജീവനുവേണ്ടി താൻ ഏല്പിച്ചുകൊടുക്കപ്പെട്ട ആ രാത്രിയിൽ ശിഷ്യന്മാരോടൊത്ത് മോശയുടെ നിയമപ്രകാരം പെസഹാ ആചരിച്ചവേളയിൽ തന്റെ പുതിയ പെസഹാ സ്ഥാപിച്ചു. ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ടവനായ മിശിഹാ ഞങ്ങളെ ഭരമേല്പ്‌പിച്ചപ്രകാരം അവൻ സ്വർഗത്തിൽനിന്ന് വീണ്ടും പ്രത്യക്ഷനാകുന്നതുവരെ അവന്റെ ഓർമയ്ക്കായി ഞങ്ങൾ ഈ പെസഹാ അനുഷ്ഠിക്കുന്നു"
കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m