ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും.
കരുണയുടെ ചരിത്രം
1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia ) പാപ്പ പറയുന്നു " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7).
രക്ഷാകര ചരിത്രം ഈ സത്യത്തിന്റെ തെളിവുകളാൽ സമ്പന്നമാണ്. ലോകാരംഭം മുതൽ ദൈവം ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടി അവന്റെ സ്നേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ദൈവം മോശയ്ക്കു പത്തു കൽപനകൾ നൽകുമ്പോൾ "എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും." (പുറപ്പാട് 20:6) എന്നവൻ വാഗ്ദാനം ചെയ്തു . പിന്നിടു മോശക്കു തന്നെ ദൈവം ആരാണന്നു വെളിപ്പെടുത്തുന്നു: " കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍;തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്‌ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍." (പുറപ്പാട് 34:6- 7).
ഒരു കുട്ടി അവന്റെ പിതാവിന്റെ പക്കലേക്കു തിരിയുന്നു പോലെ തങ്ങളുടെ പാപങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽ ജനത ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമയെ ആശ്രയിക്കുന്ന ചിത്രം പഴയ നിയമത്തിലെമ്പാടും കാണാൻ കഴിയും. ദാവീദു രാജാവ് , കരുണാർദ്രനും ദയാലുവും കോപിക്കുന്നതിൽ വിമുഖനും കാരുണ്യത്തിൽ സമ്പന്നനും പാപങ്ങൾക്കനുസരിച്ചു വിധിക്കാത്തവനുമായ ദൈവത്തെ പാടി പുകഴ്ത്തുന്നു. (സങ്കീ: 103, 145) . ഇസ്രായേലിന്റെ അവിശ്വസ്തതയ്ക്കു നാശം പ്രസംഗിച്ച പ്രവാചകർ പോലും തന്റെ പക്കലേക്കു മടങ്ങി വരുന്ന ജനതയോടു കാരുണ്യത്തിൽ ധൂർത്തനായ ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നു.( ജെറമിയ 3:12, ഹോസിയ 14: 3 )
ദൈവത്തിന്റെ മഹത്തായ അനുകമ്പ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ പുത്രന്റെ മനുഷ്യവതാരം വഴി സ്നേഹവും കാരുണ്യവും ലോകത്തിനു പൂർണ്ണമായും അനുഭവവേദ്യമായി.
അതു ജോൺ പോൾ പാപ്പ ചാക്രിക ലേഖനത്തിൽ ഇപ്രകാരം കാണുന്നു: "ക്രിസ്തു പഴയ നിയമ പാരമ്പര്യത്തിലെ ദൈവത്തിന്റെ കാരുണ്യത്തിനു ക്രിസ്തു വ്യക്തമായ അർത്ഥം നൽകുന്നു. അവൻ അതിനെക്കുറിച്ചു പറയുക മാത്രമല്ല അതില്ലാം ഉപരിയായി അവൻ കരുണയായി ഭൂമിയിൽ അവതരിക്കുന്നു. അവൻ അവനിൽത്തന്നെ എല്ലാ അർത്ഥത്തിലും കാരുണ്യമാകുന്നു.” (No. 2).
ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവനെ ഗർഭം ധരിച്ച അവസരത്തിൽ മറിയം നന്ദിപൂർവ്വം പാടി : "അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും."(ലൂക്കാ 1:50). പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ " തടവുകാർക്കു മേചനവും : (ലൂക്കാ 4:18) പിന്നീടു മലയിലെ പ്രസംഗത്തിൽ " കരുണയുള്ളവരെ ഭാഗ്യവാന്‍മാരായും (മത്തായി 5:7) ക്രിസ്തു പ്രഘോഷിച്ചു. വേദനയുടെ അവസാന മണിക്കൂറിലും "പിതാവേ അവരോടു ക്ഷമിക്കണമേ " (ലൂക്കാ 23: 34) എന്നവൻ പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിധ്യം കരുണയുള്ള പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തുന്ന അവസരമാണ്. അതു ഇന്നു വിശുദ്ധ കുർബാനയിലൂടെ തുടരുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്.
ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു
ലളിതമായി പറഞ്ഞാൽ ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിലെത്തിയ ദൈവസ്നേഹത്തിന്റെ മഹത്തരമായ വെളിപ്പെടുത്തലിന്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ഇതു ക്രൈസ്തവർക്കു ഒരു പുതിയ കാര്യമല്ല അവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ടവരാണ്. എന്നാലും ഒരു നൂറ്റാണ്ടു മുമ്പ് ദൈവകാരുണ്യത്തെപ്പറ്റിയുള്ള അവബോധത്താൽ നവീകരിക്കപ്പെടാൻ ദൈവം തന്നെ പോളണ്ടിലെ ഒരു യുവ കന്യാസ്ത്രീയിലൂടെ സഭയോടു ആവശ്യപ്പെട്ടു :" എന്റെ കാരുണ്യത്തിലേക്കു തിരിയാത്തിടത്തോളം മനുഷ്യവംശത്തിനു സമാധാനം ഉണ്ടായിരിക്കുകയില്ല ... ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യമാണന്നു പ്രഘോഷിക്കുക.”
1905 പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു.
ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "എന്റെ കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്.
പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ (Diary: Divine Mercy in My Soul”) ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി. ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും: “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നതെന്നും അവർ മനസ്സിലാക്കിയെങ്കിൽ എത്ര മഹത്തരമായിരുന്നു.” (Diary, p. 165).
ദൈവ കാരുണ്യത്തിന്റെ തിരുനാൾ
സി. ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായാണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു.
2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ( Congregation for Divine Worship and the Discipline of the Sacraments) ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2011 മെയ് മാസം ഒന്നാം തീയതിയിലെ ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയാണ് ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉയിർപ്പു തിരുനാളിന്റെ തുടർച്ചയാണ് ദൈവകാരുണ്യത്തിന്റെ തിരുനാൾ വി. ജോൺ പോൾ പാപ്പയുടെ അഭിപ്രായത്തിൽ ലോകത്തിനുള്ള ക്രിസ്തുവിന്റെ ഈസ്റ്റർ സമ്മാനമാണു ദൈവകാരുണ്യത്തിന്റെ ഞായർ ( Christ’s “Easter gift” to the world)
ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുള്ള തിരുനാൾ
ദൈവകാരുണ്യത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല അതു ക്രിസ്തു ആരാണന്നും നമുക്കു അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണന്നു മനസ്സിലാക്കാനുമുള്ള വെല്ലുവിളിയുമാണ്. വി. ഫൗസ്റ്റീന ഈ സത്യം അംഗീകരിക്കുകയും അവളുടെ ബലഹീനതകളിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തു. സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കുർബാനയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവളുടെ മധ്യസ്ഥം തേടി ഇപ്രകാരം പ്രാർത്ഥിച്ചു: “ ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്കു എത്തിച്ചേരുന്നു... ഇന്നു ഉത്ഥിതന്റെ മുഖത്തു നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചു വലിയ പ്രത്യാശയോടെയും ആശ്രയത്തോടെയും നമുക്കു പ്രാർത്ഥിക്കാം ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു !"
കടപ്പാട് :ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m