പ്രത്യാശ നിറയ്ക്കുന്ന ജൂബിലി വർഷം

2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ സ്‌പേസ് നോൺ കോൺഫൂണ്ദിത്ത് (Spes non Confundit) ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’, എന്നതാണ് ഔദ്യോഗിക ബൂളയുടെ അപഗ്രഥനം.

‘പ്രത്യാശ’ എന്നാൽ എന്താണെന്ന് ചോദിക്കുമ്പോൾ, ഒരു പക്ഷെ നമ്മിൽ പലർക്കും ഉടനെ ഒരു ഉത്തരം ലഭിക്കണമെന്നില്ല. ജീവിതത്തിന്റെ അനുഭവങ്ങളിൽ ചിലപ്പോൾ ചില ഏടുകൾ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ആ വാക്കിനെ വിശദീകരിക്കുവാൻ നാം പരിശ്രമിച്ചേക്കാം, അല്ലെങ്കിൽ സൗകര്യപൂർവം ആ ചോദ്യത്തെ തന്നെ നാം വഴിതിരിച്ചു വിട്ടേക്കാം. സ്വന്തം ജീവിതത്തിൽ പോലും ഈ വാക്ക് രണ്ടു തരത്തിൽ നമ്മെ സ്വാധീനിക്കുന്നു. ഒന്ന്, പതറി പോകുന്ന അവസരത്തിൽ മുൻപോട്ടുള്ള യാത്രയിൽ തുണയായി നിൽക്കുന്ന ഒരു ദൈവീകപുണ്യം. രണ്ടു, മരീചികയെന്നോണം ജീവിതത്തിൽ വെറുതെ ശ്രവണസുഖം നൽകുന്ന ഒരു വാക്ക്. ജീവിതത്തിൽ തുണയായി കൂട്ടുചേരുന്ന ഒരു വാക്കും, വാഗ്ദാനവുമാണ് പ്രത്യാശ എന്നതെന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. പക്ഷെ, നൈമിഷികമായ സുഖങ്ങളിലും, താത്പര്യങ്ങളിലും ജീവിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, പ്രത്യാശ എന്നത് കബളിപ്പിക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്ക് മാത്രം, ഒരു പക്ഷെ നിരവധി നോവലുകളിൽ, ഇപ്രകാരം പ്രത്യാശയെ മനുഷ്യജീവിതത്തെ ദിവാസ്വപ്നങ്ങളിൽ തളച്ചിടുന്ന ഒന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നതും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

പ്രത്യാശ ജീവിതത്തിന്റെ അടിസ്ഥാനം :

പ്രത്യാശയെ പറ്റി പഴയനിയമത്തിലും, പുതിയ നിയമത്തിലും നിരവധി വചനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. എപ്പോഴും ജീവിതസാക്ഷ്യത്തിന്റെ അകമ്പടിയോടെയാണ് ഈ വാക്കിനെവിശദീകരിച്ചിരുന്നത് . ‘കാത്തിരിപ്പിന്റെ പുണ്യ’മെന്നാണ് ഫ്രാൻസിസ് പാപ്പാ തന്റെ വാക്കുകളിൽ പ്രത്യാശയെ നിരവധി തവണ വിശദീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ താൻ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ, ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റെ ഓരോ രൂപവും, പ്രത്യേകതകളും പ്രതശയോടെ സ്വപ്നം കാണുന്നതുപോലെ, ജീവിതത്തിൽ കർത്താവിനെ വീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നതാണ് പ്രത്യാശയെന്ന പുണ്യം എന്നാണ് ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നത്. നമ്മുടെ ജീവിതത്തിലെ പരീക്ഷണങ്ങളിലും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും ഇപ്രകാരം ദൈവീകമായ ഒരു വെളിച്ചം ദർശിക്കുവാൻ നമുക്ക് സാധിക്കണമെങ്കിൽ, പ്രത്യാശയെന്ന പുണ്യം നമ്മുടെ ജീവിതത്തിൽ കൂടിയേ തീരൂ. എന്നാൽ പ്രത്യാശയുടെ അഭാവം പലപ്പോഴും ജീവിതത്തിന്റെ കയ്‌പേറിയ നിമിഷങ്ങളിൽ നമ്മെ അന്ധകാരത്തിലേക്ക് തള്ളിവിടും. ഈ അന്ധകാരത്തിന്റെ അവസ്ഥയെ നിരാശയെന്നോ, ആകുലതയെന്നോ ഈ സമൂഹം വിളിക്കുന്നു. മനഃശാസ്ത്രപരമായ നിരവധി പ്രശ്നങ്ങൾക്ക് പിന്നിൽ ഇപ്രകാരം പ്രത്യാശയുടെയും, ഈശ്വരാനുഭവത്തിന്റെയും കുറവ് ആത്മീയാചാര്യന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന് പൗലോസ് ശ്ലീഹാ റോമിലെ സഭയോട് അരുളിച്ചെയ്ത വചനം ഇത്തരത്തിൽ ക്രൈസ്തവജീവിതത്തിൽ നൽകുന്ന ആശ്വാസം മുൻനിർത്തിയാണ് 2025 ജൂബിലി വർഷത്തിന്റെ ബൂള ഫ്രാൻസിസ് പാപ്പാ തയ്യാറാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m