മനാമ: മാട്രിമോണിയല്‍ ഏജൻസികളില്‍ നിന്നാണെന്ന വ്യാജേന പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുസംഘം.നാട്ടില്‍നിന്ന് വിളിക്കുകയും യുവതികളുടെയും യുവാക്കളുടെയും ചിത്രങ്ങള്‍, പ്രൊഫഷൻ വിവരങ്ങളടക്കം അയച്ചുകൊടുക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ബഹ്റൈനില്‍ ജോലി ചെയ്യുന്ന അവിവാഹിതരുടെ ഡാറ്റ സംഘടിപ്പിച്ചാണ് തട്ടിപ്പ്.
അവരുടെ കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ പണം ഗൂഗിള്‍പേ ചെയ്യാൻ ആവശ്യപ്പെടും. പണം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ഏജൻസി എന്നുപറഞ്ഞ് വിളിച്ചവരുടെ ഫോണ്‍ കിട്ടാതാവും. മറ്റു നമ്ബറുകളില്‍നിന്ന് വിളിച്ചാലും കോള്‍ എടുക്കില്ല. ചെറിയ തുകയാണെന്ന് കരുതി ആരും പരാതി നല്‍കുകയുമില്ല. ഇതാണ് തട്ടിപ്പുകാർക്ക് സഹായകമാകുന്നത്. മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്നും വിവരങ്ങള്‍ ചോർത്തിയശേഷമാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.
ബഹ്റൈനില്‍ ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി ഈ തട്ടിപ്പില്‍ കുടുങ്ങിയിരുന്നു. വിവാഹാലോചനയുമായി ഫോണില്‍ ഇദ്ദേഹത്തെ ബന്ധപ്പെടുയായിരുന്നു. വിവാഹാലോചനകള്‍ നടക്കുന്ന സമയമായതിനാല്‍ സംശയിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. ബഹ്റൈനില്‍തന്നെ ജോലി ചെയ്യുന്ന നിരവധി പെണ്‍കുട്ടികളുടെ ചിത്രവും പ്രൊഫഷൻ വിവരങ്ങളും വെളിപ്പെടുത്തിയശേഷം, ഫോണ്‍ നമ്ബറും നാട്ടിലെ വിലാസവുമടക്കം കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ 1500 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഫോണില്‍ വിളിച്ചയാള്‍ക്ക് ബഹ്റൈനിലെ എല്ലാ സ്ഥലങ്ങളും പരിചിതമായിരുന്നു. പണം അയാള്‍ പറഞ്ഞ ബിന്ദു എന്ന സ്ത്രീയുടെ പേരിലുള്ള ഗൂഗിള്‍ പേ നമ്ബറിലേക്ക് അയച്ചുകൊടുത്തു. അതിനുശേഷം ഒരു വിവരവും ലഭിക്കാതായി. ഈ നമ്ബറുകളില്‍ ഏത് ഫോണില്‍നിന്ന് വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. സുഹൃത്തുക്കളോട് ഈ വിവരം പറഞ്ഞപ്പോഴാണ് സമാനമായ അനുഭവം അവർക്കും ഉണ്ടായതായി മനസ്സിലായത്. പത്തനംതിട്ട ജില്ലയില്‍പെട്ട നിരവധി പേർക്ക് ഇത്തരത്തില്‍ കോളുകള്‍ വന്നതായി മനസ്സിലായി.
നിരവധിപേരുടെ പണം ഇത്തരത്തില്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. താരതമ്യേന ചെറിയ തുകയാണ് ആവശ്യപ്പെടുന്നതെന്നതിനാല്‍ അധികമാരും മറ്റുള്ളവരോട് പറയില്ല എന്നതാണ് തട്ടിപ്പുകാർക്ക് സഹായകമായത്. കേരള പൊലീസിന്റെ സൈബർ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് തിരുവല്ല സ്വദേശി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m