വാഷിംഗ്ടൺ: ജസ്റ്റീസ് എമി കോണി ബാരറ്റിന്റെ നിയമനത്തോടെ സുപ്രീം കോടതിയിൽ പ്രോ ലൈഫ് നിലപാടുകാരായ ജസ്റ്റീസുമാരുടെ എണ്ണം ഭൂരിപക്ഷമാകും. നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും സമാപനംകുറിച്ചുകൊണ്ടാണ് 48 ന് എതിരെ 52 വോട്ടുകൾക്ക് സെനറ്റിന്റെ അംഗീകാരം നേടി ജസ്റ്റീസ് എമി കോണി നിയമിതയായത്.സുപ്രീം കോടതിയിലെ ഒൻപതാമത് ജസ്റ്റിസായി സ്ഥാനമേറ്റ എമിയുടെ തിരഞ്ഞെടുപ്പോടെ ലക്ഷ്യത്തിൽ എത്തുന്നത് അവരെ നാമനിർദേശം ചെയ്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒപ്പം അമേരിക്കയുടെ ജീവസംസ്കാരത്തിന് പുതുജീവൻ നല്കണമെന്നാഗ്രഹിക്കുന്ന പൊതുസമൂഹവുമാണ്. 1973 -ൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കപ്പെടാനുള്ള അവസരം അടുത്തെത്തി എന്നാണ് പ്രോ ലൈഫ് സമൂഹത്തിന്റെ പ്രതീക്ഷ. അമേരിക്കയെ എക്കാലത്തും അലട്ടുന്ന വംശീയതയുമായി ബന്ധപ്പെട്ട വിഷയത്തിൽ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽനിന്ന് രണ്ട് കുട്ടികളെ ദത്തെടുത്തതിലൂടെ ഈ വിഷയത്തിലെ എമിയുടെ നിലപാട് വ്യക്തമായിരുന്നു.
ജസ്റ്റിസ് എമിയുടെ നിയമനത്തോടെ സുപ്രീം കോടതിയിൽ പ്രോ ലൈഫ് നിലപാടുകാരായ ജസ്റ്റീസുമാരുടെ എണ്ണം ഒൻപതിൽ ആറുപേരായി വർധിക്കും. സുപ്രീം കോടതിയിലെ ഒൻപത് ജസ്റ്റീസുമാരുടെ ഭൂരിപക്ഷ വിധിയെ ആശ്രയിച്ചാണ് കേസിന്റെ വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്നത്. ‘റോ വെഴ്സസ് വേഡ്’ കേസിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെട്ടതും ഇപ്രകാരംതന്നെ. മൂന്നിനെതിരെ ആറ് ജഡ്ജിമാർ രേഖപ്പെടുത്തിയ വോട്ടാണ് ഗർഭച്ഛിദ്രം നിയമവിധേയമാകാൻ അനുകൂലമായത്. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് എമിയുടെ നിയമനം സുപ്രധാനമായി മാറുന്നത്. ഉദാര നിലപാടുകാർക്കായിരുന്നു നാളുകളായി സുപ്രീം കോടതിയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നത് അതിന്റെ ഭാഗമായിട്ടാണ് ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെട്ടതും. ഒൻപത് ജഡ്ജിമാരിൽ അഞ്ചുപേർ ഉദാരസമീപനക്കാരും (ലിബറൽസ്) നാലുപേർ യാഥാസ്ഥിതികരും (കൺസർവേറ്റീവ്) ഉൾപ്പെടുന്നതായിരുന്നു.
യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുള്ള റിപ്പബ്ലിക്കൻ ഭരണകാലത്ത് നിയമിക്കപ്പെട്ടവർ യാഥാസ്ഥിതികരായും ഡമോക്രാറ്റിക് ഭരണകാലത്ത് നിയമിക്കപ്പെട്ടവർ ഉദാരസമീപനക്കാരായുമാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്.
ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ വിധി തിരുത്തി എഴുതുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ല. ഗർഭച്ഛിദ്രത്തോടെ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ജസ്റ്റിസ് എമ്മിക്കെതിരായി ‘സ്ത്രീകളുടെ അവകാശങ്ങൾക്ക് വിലകൊടുക്കാത്ത ന്യായാധിപ’ എന്ന ആരോപണം ശക്തമാവുന്നുണ്ട്.