വിത്തുകളുടെ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചറിയാം.

നമ്മുടെ കർത്താവായ ഈശോമിശിഹായുടെ അമ്മയായ മർത്ത് മറിയത്തെ നമ്മുടെ എല്ലാം അമ്മയായ മാതാവിനെ എന്തുകൊണ്ടാണ് കൃഷിയുടെ, വിത്തുകളുടെ സംരക്ഷകയായി കാണുന്നത്? എന്താണ് മാതാവും കൃഷിയും തമ്മിലുള്ള ബന്ധം? ഇത് വലിയൊരു സുറിയാനി ദൈവശാസ്ത്രമാണ്. വളരെ മനോഹരമായ ഒരു ദൈവശാസ്ത്രം. മർത്ത് മറിയത്തെ സുറിയാനി പാരമ്പര്യം എങ്ങനെയാണ് കാണുന്നതെന്ന് മനസിലാക്കുമ്പോഴാണ് മാതാവും വിളവുകളും തമ്മിലുള്ള ബന്ധം ഇത് വലിയൊരു സുറിയാനി ദൈവശാസ്ത്രമാണ്. വളരെ മനോഹരമായ ഒരു ദൈവശാസ്ത്രം. മർത്ത് മറിയത്തെ സുറിയാനി പാരമ്പര്യം എങ്ങനെയാണ് കാണുന്നതെന്ന് മനസിലാക്കുമ്പോഴാണ് മാതാവും വിളവുകളും തമ്മിലുള്ള ബന്ധം നമുക്ക് ഗ്രഹിക്കുവാൻ കഴിയുന്നത്. പ്രധാനമായും 3 കാരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.

ഒന്നാമതായി മാതാവിനെ സുറിയാനി പിതാക്കന്മാർ കന്യകയായ ഭൂമി എന്നു വിശേഷിപ്പിക്കാറുണ്ട്. അതിനൊരു കാരണവുമുണ്ട്. കന്യകയായ ഭൂമിയാണ് ആദിമനുഷ്യനായ ഒന്നാം ആദത്തിന് ജന്മം നൽകിയത്. കാരണം മണ്ണിൽ നിന്നാണല്ലോ ദൈവം ആദത്തിന് രൂപം നൽകിയത്. അതുപോലെ രണ്ടാം ആദമായ ഈശോയ്ക്ക് ജന്മം നൽകിയത് കന്യകയായ മറിയമാണ്. അതിനാലാണ് മാതാവിനെ സുറിയാനി പ്രാർത്ഥനകളൊക്കെ ഭൂമി അല്ലെങ്കിൽ കന്യകയായ ഭൂമി എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഭൂമിയായ കന്യക മറിയത്തിൽ നിന്നാണ് ലോകരക്ഷകനായ ഈശോ ജനിച്ചത്. അതായത് ലോകത്തിന്റെ രക്ഷയ്ക്ക് കാരണമായ വിളവ്, ഈശോ ജന്മം കൊണ്ടത് മറിയമായ ഭൂമിയിൽ നിന്നാണ്. ഇതാണ് മാതാവും ഭൂമിയും തമ്മിലുള്ള വലിയൊരു ബന്ധം. ഈ ഭൂമിയിലാണല്ലോ മനുഷ്യൻ കൃഷി ചെയ്യുന്നത്. അതിനാൽ തന്നെ മാതാവിനെ വിളവുകളുടെ സംരക്ഷകയായി കാണുന്നത് വളരെ അർത്ഥവത്താണ്.

➡️➡️രണ്ടാമതായി മർത്ത് മറിയത്തെ അത്ഭുതവൃക്ഷമായി സുറിയാനി സഭാപിതാക്കന്മാർ സൂചിപ്പിക്കാറുണ്ട്. നമുക്കറിയാവുന്നതാണ് നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചപ്പോഴാണ് ആദിമാതാപിതാക്കൾ പാപം ചെയുകയും മരണം ഈ ലോകത്തിലേക്ക് കടന്നുവരുകയും ചെയ്തത്. പിന്നീട് എപ്പോഴാണ് മനുഷ്യന് ജീവൻ ലഭിച്ചത്? അത് രക്ഷകനായ ഈശോയിൽ നിന്നാണ്. രക്ഷകനായ ഈശോ അത്ഭുതവൃക്ഷമായ മറിയത്തിന്റെ ഉദരഫലമാണ്. രക്ഷയുടെ ഫലമായ ഈശോയ്ക്ക് ജന്മം നൽകിയ അത്ഭുതവൃക്ഷമാണ് പരിശുദ്ധ കന്യകാമറിയം. ജീവന്റെ ഫലമായ ഈശോയെ മാതാവ് തന്റെ ജീവിതകാലത്തു സംരക്ഷിച്ചെങ്കിൽ എന്തുകൊണ്ട് മറിയത്തിനു ഭൂമിയുടെ ഫലമായ വിത്തുകളെ സംരക്ഷിച്ചുകൂടാ. എത്ര മനോഹരമായ ദൈവശാസ്ത്രമാണിത്..

മൂന്നാമതായി മാതാവും വിത്തും തമ്മിലുള്ള ബന്ധം മറിയവും പരി. കുർബാനയും തമ്മിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. ഇതിനെ കുറിച്ച് പാശ്ചാത്യ സുറിയാനി സഭയിൽ മനോഹരമായ ഒരു പ്രാർത്ഥനയുണ്ട്. അതിങ്ങനെയാണ്. “കർത്താവെ നിന്നെ സംബന്ധിച്ചിടത്തോളം മറിയം അനുഗ്രഹീതയായ ഭൂമിയായിരുന്നു. നിന്റെ കർഷകനായ പിതാവ് നിന്നെ അവളുടെ ഉദരത്തിൽ വിതച്ചു.

നീ അവളുടെ ഉദരത്തിൽ നിന്ന് മരിച്ചവരുടെയിടയിലേക്ക് പുറപ്പെട്ട ഗോതമ്പു മണിയാകുന്നു. വിശന്നിരുന്ന ജനങ്ങൾ നിന്നെ സ്വീകരിച്ചു. ഭക്ഷിച്ചു. എന്നാൽ നിനക്ക് കുറവുണ്ടാകുന്നില്ല. അവർ നിന്നെ പാനം ചെയ്തു. പക്ഷെ നീ നിലനിൽക്കുന്നു. നീ മുറിക്കപ്പെടുന്നു. വിഭജിക്കപ്പെടുന്നു. അന്ത്യത്തിലെത്തുന്നു. എങ്കിലും നീ യഥാർത്ഥത്തിൽ നിലനിൽക്കുന്നു.”സകലത്തിനും ജീവൻ നല്കുന്നവന്റെ ജനനരഹസ്യമാണ് ഗോതമ്പുമണിവഴി ചിത്രീകരിക്കപ്പെടുന്നത്. ഈ പ്രാർത്ഥനയിൽ പറയുന്നത് കന്യകാമറിയം ഗോതമ്പുമണിയാകുന്ന വചനത്തെ ഗർഭം ധരിച്ചു. വചനം അവളിൽ വളർന്ന് ജീവന്റെ അപ്പമാകുന്നതിനുള്ള കതിരായി ഭവിച്ചു. അതുവഴി മരണം ഇല്ലാതാകുകയും മനുഷ്യന് ജീവൻ ലഭിക്കുകയും ചെയ്തു.

എത്ര മനോഹരമാണ് ഇത്. പരി. കുർബാനയാകുന്ന അപ്പം നിർമ്മിക്കപ്പെടുന്നത് കൃഷിയുടെ ഫലമായ ഗോതമ്പുമണി മുറിക്കപ്പെടുകയും പൊടിക്കപെടുകയും ചുടപെടുകയും ചെയ്യുമ്പോഴാണ്. അതുപോലെ തന്നെയാണ് മാതാവിന്റെ ഉദരത്തിൽ ജനിച്ച ഗോതമ്പു മണിയായ ഈശോ, ഈ ഗോതമ്പു മണി മുറിക്കപ്പെട്ടും ചിന്തപ്പെട്ടുമാണ് പരി. കുർബാനയായി തീർന്നത്. വലിയ സുറിയാനി പിതാവായ മാർ അപ്രേം തന്റെ ഉത്ഥാന ഗീതത്തിൽ ഒന്നാമത്തെ ഗീതത്തിൽ ഇങ്ങനെ പറയുന്നുണ്ട്.

ദാഹാർത്ത ഭൂമിയായ മറിയത്തിൽ അവിടുന്ന് പനിമഞ്ഞും ജീവദായക മഴയും വർഷിച്ചു. പുതിയ കതിർക്കുലയായും പുതിയ അപ്പമായും തീരുവാൻ ഗോതമ്പുമണിപോലെ അവൻ വീണ്ടും പാതാളത്തിൽ നിപതിച്ചു. അവന്റെ അർപ്പണം വാഴ്ത്തപ്പെട്ടതാകുന്നു പരി. കുർബാനയാകുന്ന ഗോതമ്പുമണിയാകുന്ന ഈശോയ്ക്ക് ജന്മം നൽകിയ വയലാണ് പരി. കന്യകാമറിയം.

ലോകത്തിന്റെ രക്ഷയ്ക്ക് കാരണമായ ഗോതമ്പുമണിക്ക്, വിത്തിന് ജന്മം നൽകിയ വയലായതുകൊണ്ടാണ് പരി. കന്യകാമറിയത്തെ വിത്തിന്റെ സംരക്ഷകയായി സുറിയാനി സഭ കാണുകയും അങ്ങനെയൊരു തിരുനാൾ നാം ആഘോഷിക്കുകയും ചെയ്യുന്നത്. എന്താണ് ഈ തിരുനാൾ നൽകുന്ന സന്ദേശം. ഒന്ന്, ദൈവത്തിന്റെ വചനമാകുന്ന വിത്ത് ഹൃദയത്തിൽ വളരുവാൻ സമ്മതം മൂളിയപ്പോഴാണ് ആ വിത്തായ ഈശോയ്ക്ക് മാതാവ് ജന്മം നൽകിയത്. മാതാവിനെ പോലെ വചനമാകുന്ന വിത്തിനെ
ഹൃദയത്തിൽ സ്വീകരിക്കുവാനും അതനുസരിച്ചു ജീവിക്കുവാനുമുള്ള ക്ഷണമാണ് ഈ തിരുനാൾ നമുക്ക് നൽകുന്നത്.

രണ്ട്, മുറിയുകയും പൊടിയുകയും ചുടുകയും ചെയ്യപ്പെടുന്ന ഗോതമ്പുമണി പരി. കുർബാനയുടെ അപ്പമാകുന്നതുപോലെ മുറിയപ്പെടുകയും ചിന്തപ്പെടുകയും ചെയ്താണ് ഈശോ പരി. കുർബാനയായി മാറിയത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group